Are you unable to read text? Download FontHide
തിരയുക

ഹലോ, കേള്‍ക്കുന്നുണ്ടോ?      

മലയാളത്തിലെ ശബ്ദസിനിമയ്ക്ക് 75 വയസ്സ്; ആദ്യ സിനിമാ നിരൂപണത്തിനും   ഹലോ മിസ്റ്റര്‍!ആലപ്പി വിന്‍സന്‍റിന്‍റെ ആ ഇംഗ്ലിഷ് സംബോധന മുക്കാല്‍ നൂറ്റാണ്ടു മുന്‍പുള്ള മലയാള സിനിമാ പ്രേക്ഷകരോടായിരുന്നു. ശബ്ദമില്ലാതെ ചുണ്ടനക്കുകമാത്രം ചെയ്‌യുന്ന കഥാപാത്രങ്ങളെ കണ്ടുശീലിച്ച പ്രേക്ഷകരോട്. തിരശീലയില്‍ കാണുന്ന ദൃശ്യത്തിന്‍റെ വിശദാംശങ്ങള്‍ ഉച്ചഭാഷിണിയിലൂടെയോ ഉറക്കെ വിളിച്ചുകൂവിയോ അറിയിക്കാന്‍ അതുവരെ ആളു വേറെ വേണമായിരുന്നു. സേലത്തെ മോഡേണ്‍ തിയറ്റേഴ്സിന്‍റെ സ്റ്റുഡിയോയില്‍ ആലപ്പി വിന്‍സന്‍റിന്‍റെ ശബ്ദം റിക്കോര്‍ഡ് ചെയ്ത് നമ്മുടെ സിനിമ അതിന്‍റെ ഒരു ദശകം നീണ്ട മഹാമൗനത്തിനു കട്ട് പറഞ്ഞു. മലയാള സിനിമ ആദ്യമായി സംസാരിച്ചത് ഇംഗ്ലിഷ്!

മലയാളത്തിലെ മൂന്നാമത്തെ സിനിമയായിരുന്നു ബാലന്‍. അതിനു മുന്‍പു തിരശീലയിലെത്തിയ വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മയും നിശ്ശബ്ദചിത്രങ്ങളായിരുന്നു. അന്നും വെള്ളിത്തിരയെന്ന പുതിയ മേഖലയില്‍ ഒരു കൈ പരീക്ഷിക്കാന്‍ കൊതിച്ച ചെറുപ്പക്കാര്‍ ഏറെ. അവരിലൊരാളായിരുന്നു എ. സുന്ദരം. സിനിമയ്ക്കായി ഒരു കഥയും അദ്ദേഹം തയാറാക്കി: വിധിയും മിസിസ് നായരും. ഹൈദരാബാദിലെ ഒരു മുസ്ലിം കുടുംബത്തിലുണ്ടായ യഥാര്‍ഥ സംഭവമായിരുന്നു പ്രചോദനം. വിധി സുന്ദരത്തെ നോക്കി സുന്ദരമായി പുഞ്ചിരിക്കുക തന്നെ ചെയ്തു.

രക്ഷകനായി മുന്നിലെത്തിയത് മറ്റൊരു സുന്ദരം: സേലത്തെ മോഡേണ്‍ തിയറ്റേഴ്സ് ഉടമയായ ടി.ആര്‍. സുന്ദരം. പ്രിയപ്പെട്ടവരുടെ ടിആര്‍എസ്.  മലയാള നാടകരംഗത്ത് അന്നുതന്നെ താരമായിരുന്ന ആലപ്പി വിന്‍സെന്‍റിന്‍റെ അഭ്യര്‍ഥന കൂടിയായപ്പോള്‍ ബാലന്‍റെ നിര്‍മാണം ഏറ്റെടുക്കാന്‍ ടി.ആര്‍. സുന്ദരം തയാറായി. പിന്നെ വൈകിയില്ല, വിതരണക്കാര്‍ക്കായി പത്രത്തില്‍ പരസ്യം കൊടുത്തു. സംഗതി ക്ലിക്ക് ചെയ്തു. കേരളത്തിലെ തിയറ്റര്‍ ഉടമകളില്‍നിന്ന് മുന്‍കൂറായി ലഭിച്ചത് 25,000 രൂപ. പ്രാരംഭജോലിയും തുടങ്ങി. അഭിനേതാക്കളെ അന്വേഷിച്ച് സംവിധായകനായ എ. സുന്ദരം വേറെ പരസ്യം നല്‍കിയിരുന്നു. തപാലില്‍ വന്നുചാടിയത് നൂറുകണക്കിന് അപേക്ഷകള്‍. അതിനിടെ വിധി വീണ്ടും ഇടപെട്ടു; സീന്‍ ആകെ മാറി. നായികയായി അഭിനയിക്കാനെത്തിയ കുഞ്ചിയമ്മ എന്ന സുന്ദരിയോട് സുന്ദരത്തിനു കടുത്ത പ്രണയം.

സംവിധായകന്‍റെ പ്രേമാഭ്യര്‍ഥന നായിക സ്വീകരിച്ചു. സിനിമയുടെ റിഹേഴ്സല്‍ നടക്കുന്നതിനിടെ കമിതാക്കള്‍ ഒളിചേ്ചാടി! ടി.ആര്‍. സുന്ദരം ക്ഷുഭിതനായി. നായികയെ പ്രേമിച്ചു വശത്താക്കി തട്ടിയെടുത്ത് തന്‍റെ സ്വപ്നസിനിമയുടെ വില്ലനായിത്തീര്‍ന്ന സംവിധായകന്‍റെ സേവനം മതിയാക്കാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. സഹസംവിധാനം ഏറ്റിരുന്ന എസ്. ദനാട്ടാണി എന്ന പാഴ്സിയെ സംവിധായകനാക്കി. കഥയിലും മാറ്റം വരുത്തി.

സംവിധായകനായി സ്ഥാനക്കയറ്റം കിട്ടിയ നൊട്ടാണി, ടി.ആര്‍. സുന്ദരത്തിന്‍റെ അസിസ്റ്റന്‍റായിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം, മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രമായ ജ്ഞാനാംബിക സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെ. എ. സുന്ദരത്തിന്‍റെ കഥ മാറ്റിയെഴുതാന്‍ ആളെത്തിരഞ്ഞ ടി.ആര്‍. സുന്ദരത്തെ സഹായിച്ചത് ആലപ്പി വിന്‍സന്‍റാണ്. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതരുടെ സഹോദരനായിരുന്നു വിന്‍സന്‍റ്. ഇരുവരും മലയാള നാടകവേദിയിലെ ഉജ്വല പ്രതിഭകള്‍. അവരുടെ സുഹൃദ്‌വലയത്തിലെ മറ്റൊരു താരമായിരുന്നു മുതുകുളം രാഘവന്‍പിള്ള. എ. സുന്ദരം എഴുതിയ ബാലന്‍റെ കഥ മാറ്റങ്ങളോടെ പൂര്‍ത്തിയാക്കാനും സംഭാഷണം രചിക്കാനും അദ്ദേഹം നിയോഗിക്കപ്പെട്ടു.  രാഘവന്‍പിള്ള സംഭാഷണം മാത്രമല്ല, ചിത്രത്തിനുവേണ്ടി ഗാനങ്ങളും രചിച്ചു. എല്ലാറ്റിനുംകൂടി പ്രതിഫലമായി നിശ്ചയിച്ചത് 300 രൂപ. ഒന്നും രണ്ടുമല്ല, ഇരുപത്തിമൂന്നു ഗാനങ്ങളാണ് ആദ്യ ശബ്ദചിത്രത്തില്‍ മുഴങ്ങിക്കേട്ടത്.

രണ്ടാനമ്മയുടെ ക്രൂരതയ്ക്ക് ഇരയാകുന്ന സഹോദരന്‍റെയും സഹോദരിയുടെയും ദുരിതജീവിതമാണ് ബാലന്‍റെ പ്രമേയം. ധനികനായൊരു ഡോക്ടറുടെ മക്കളാണിവര്‍. അച്ഛന്‍റെ മരണശേഷം തീര്‍ത്തും അനാഥരായിത്തീര്‍ന്ന ബാലനും സരസയും വീടുവിട്ടിറങ്ങി. വഴിയില്‍ അലഞ്ഞ ഇവരെ ഒരു വക്കീലാണു രക്ഷിക്കുന്നത്. അദ്ദേഹത്തിന്‍റെ വീട്ടില്‍നിന്നു കുട്ടികളെ തിരിച്ചുകിട്ടാനായി രണ്ടാനമ്മയുടെ പിന്നത്തെ ശ്രമം. കാരണം, ഡോക്ടറുടെ ഭീമമായ സ്വത്തിന്‍റെ അവകാശികള്‍ ബാലനും സരസയുമാണ്. അവരെ എങ്ങനെയെങ്കിലും ഒഴിവാക്കിയേ പറ്റൂ. വക്കീലിന്‍റെ വീട്ടില്‍നിന്ന് രണ്ടാനമ്മ ഇവരെ തട്ടിയെടുത്ത് ഒരു കുഗ്രാമത്തിലേക്കു പറഞ്ഞയച്ചു. നിര്‍ദയമായ വിധിയുടെ ഒഴുക്കില്‍പ്പെട്ടു വേര്‍പിരിഞ്ഞ ആ സഹോദരങ്ങള്‍ ഒടുവില്‍ ഒരു തേയിലത്തോട്ടത്തില്‍ പരസ്പരം കണ്ടുമുട്ടുന്നു. ഇവരുടെ രക്ഷകനായ വക്കീലിന്‍റെ തേയിലത്തോട്ടമായിരുന്നു അത്. അദ്ദേഹം ഇവരെ തിരിച്ചറിഞ്ഞു.

ബാലനും സരസയ്ക്കും അവകാശപ്പെട്ട സ്വത്തിനായി രണ്ടാനമ്മയ്‌ക്കെതിരെ കേസായി. എല്ലാം കൈവിട്ടുപോയെന്നു മനസ്സിലാക്കിയ രോഷത്തില്‍ ആ സ്ത്രീ തോക്കെടുത്ത് വക്കീലിനുനേരെ വെടിയുതിര്‍ക്കുന്പോള്‍ ബാലന്‍ മുന്നില്‍ച്ചാടി മരണം ഏറ്റുവാങ്ങി. രണ്ടാനമ്മയ്ക്ക് വധശിക്ഷ. സരസയെ പിന്നീട് വക്കീല്‍തന്നെ വിവാഹം ചെയ്തു. സ്വന്തം ജീവന്‍ ബലികഴിച്ചു തന്നെ രക്ഷിച്ച ബാലന്‍റെ സ്മരണയ്ക്കായി ഒരു പ്രതിമയും സ്ഥാപിച്ചു. വക്കീലിനും സരസയ്ക്കും ജനിക്കുന്ന മകന് ബാലന്‍ എന്നു പേരിട്ട് പ്രതിമയ്ക്കു മുന്നില്‍ പൂക്കള്‍ അര്‍പ്പിക്കുന്പോള്‍ ശുഭം.

സരസയായി അഭിനയിച്ചത് എം.കെ. കമലം. ബാലനായി കെ.കെ. അരൂരും. മലയാളത്തില്‍ ആദ്യമായി ‘ശബ്ദിച്ച നായികാനായകന്മാരും ഇവര്‍ തന്നെ. എം.വി. ശങ്കു, സി.ഒ.എന്‍. നന്പ്യാര്‍, കെ.എന്‍. ലക്ഷ്മി, മാസ്റ്റര്‍ മദന്‍ഗോപാല്‍, ബേബി മാലതി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍.  ചിത്രസന്നിവേശം നടത്തിയ വര്‍ഗീസ് മാത്രമായിരുന്നു അണിയറയിലുള്ള മലയാളി.

മുപ്പതിനായിരം രൂപയായിരുന്നു ബാലന്‍റെ ആകെ മുതല്‍മുടക്ക്. 1937 ഓഗസറ്റ് 17നു തുടങ്ങിയ ചിത്രീകരണം ഡിസംബര്‍ 31നു പൂര്‍ത്തിയായി. 1938 ജനുവരി പത്തിനു റിലീസ്. മദ്രാസിലെ ശ്യാമളാ പിക്‌ചേഴ്സ് ആയിരുന്നു വിതരണക്കാര്‍. ബാലനെ മലയാളക്കര ആവേശത്തോടെ വരവേറ്റു. ചിത്രത്തിന്‍റെ സാന്പത്തികവിജയം എല്ലാവര്‍ക്കും പ്രചോദനമായി. നിര്‍മാതാവായ ടി.ആര്‍. സുന്ദരം മലയാളത്തില്‍ വീണ്ടും പരീക്ഷണത്തിനിറങ്ങി: ആദ്യ വര്‍ണചിത്രമായ കണ്ടംബച്ചകോട്ട്. തമിഴിലെ ആദ്യ വര്‍ണചിത്രവും സുന്ദരമാണു നിര്‍മിച്ചത്: ആലിബാബയും നാല്‍പ്പതു കള്ളന്മാരും.

  ആദ്യ സിനിമാനിരൂപണം ഭാഷാപോഷിണിയില്‍


      
അഖിലാണ്ഡം കിടുങ്ങുന്ന നിരൂപണം  
‘നാടന്‍ സിനിമയുടെ ആസ്വാദനത്തില്‍ ഒരു രക്തസാക്ഷിയുടെ സഹനശക്തിയോടുകൂടി ഇതുവരെയും ജയിച്ചുനിന്നിരുന്ന ഞാന്‍ നമ്മുടെ ഒന്നാമത്തെ മലയാളം ടോക്കിയുടെ മുന്പാകെ എത്തിയപ്പോള്‍ നിശ്ശേഷം പരാജിതനായിപ്പോയി!
അഖിലാണ്ഡമണ്ഡലം അണിയിചെ്ചാരുക്കി അതിനുള്ളില്‍ ആനന്ദദീപം കൊളുത്തിയ ഒരു കവിയുടെ നിശിതമായ വിമര്‍ശനം. പന്തളം കെ.പി. രാമന്‍പിള്ള! മലയാളത്തിലെ ആദ്യത്തെ സിനിമാ നിരൂപകന്‍! സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനുമായിരുന്നു പന്തളം. ‘അഖിലാണ്ഡമണ്ഡലമണിയിചെ്ചാരുക്കി എന്ന പ്രാര്‍ഥനാഗീതത്തിലൂടെ പ്രശസ്തനാകുംമുന്‍പ്, ഭാഷാപോഷിണിയുടെ 1938 ജനുവരി ലക്കത്തില്‍ എഴുതിയ സിനിമാ നിരൂപണത്തിന്‍റെ തലക്കെട്ട്: ഒന്നാമത്തെ മലയാളം ടോക്കി: ബാലന്‍ പരാജയത്തിലോ?

സിനിമയുടെ കഥ, കഥാപാത്രങ്ങള്‍, അഭിനയം, കലാസംവിധാനം, ഫൊട്ടോഗ്രഫി എന്നിവ അദ്ദേഹം അതിനിശിതമായി കീറിമുറിച്ച് വിലയിരുത്തി. എല്ലാറ്റിലും കണ്ടെത്തിയതു ന്യൂനതകള്‍. മഴയത്ത് റോഡില്‍ അലയുന്ന ബാലന്‍റെയും സരസയുടെയും വസ്ത്രങ്ങളില്‍ മഴത്തുള്ളി വീഴാത്തതും ആദ്യം മുതല്‍ അവസാനം വരെ ചില കഥാപാത്രങ്ങള്‍ ഒരേ വസ്ത്രം ധരിച്ചിരിക്കുന്നതും വരെ അദ്ദേഹം ശ്രദ്ധിച്ചു. ഫൊട്ടോഗ്രഫി മോശമാണെന്നും പാട്ടുകള്‍ നിലവാരമില്ലാത്തവയാണെന്നും വിധിയെഴുതി. ആദ്യ ശബ്ദചിത്രത്തിലെ ശബ്ദസന്നിവേശവും അദ്ദേഹത്തെ നിരാശപ്പെടുത്തി. അതേസമയം, ബാലാരിഷ്ടകളുണ്ടെങ്കിലും ബാലനെ അതിനിസ്സാരമായി തള്ളിക്കളഞ്ഞുകൂടെന്നും പന്തളം എഴുതി.

ബാലനെ കടിച്ചുകീറും മുന്‍പ്, ഒരു തവണമാത്രം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ച ആദ്യ മലയാള (നിശ്ശബ്ദ) ചിത്രമായ വിഗതകുമാരനെക്കുറിച്ചും സംവിധായകനായ ജെ.സി. ഡാനിയല്‍, മലയാളത്തിലെ ആദ്യനായിക റോസി എന്നിവരെക്കുറിച്ചും പന്തളം ആമുഖമായി പരാമര്‍ശിക്കുന്നുണ്ട്. പകര്‍പ്പവകാശ കേസില്‍പ്പെട്ട് പൂട്ടിപ്പോയ മാര്‍ത്താണ്ഡവര്‍മ എന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ കലാശൂന്യതയും ചൂണ്ടിക്കാട്ടി. പകര്‍പ്പവകാശികളായ കമലാലയ ബുക്ക് ഡിപ്പോക്കാര്‍ കേസ് കൊടുത്തെന്നു കേട്ടപ്പോള്‍ മാനനഷ്ടക്കേസാണെന്നാണു വിചാരിച്ചതെന്നു പന്തളം സരസമായി എഴുതുന്നു.

അക്കാലത്തു മലയാളി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ തമിഴ് സിനിമകളെക്കുറിച്ചും വിശദാംശങ്ങളുണ്ട്: തിയറ്ററില്‍ കയറി അഞ്ചു നിമിഷം കഴിയും മുന്‍പേ നിലവിളിച്ചുകൊണ്ടു പുറത്തേക്ക് ഓടേണ്ട അവസ്ഥയാണ്! സിനിമയുടെ ചിത്രീകരണം നടക്കുന്പോള്‍, 1937 നവംബറില്‍, ബാലന്‍റെ വിശദമായ കഥ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആദ്യ ശബ്ദസിനിമയെ ഭാഷാപോഷിണി വരവേറ്റത്. പിറ്റേ ലക്കം സിനിമാനിരൂപണവും പ്രസിദ്ധീകരിച്ചു. അതിനുശേഷം ഒരു ലക്കം കൂടിയേ ഭാഷാപോഷിണി ശബ്ദിച്ചുള്ളൂ. തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്‌യര്‍ മലയാള മനോരമ പൂട്ടി മുദ്രവച്ചതോടെ ഭാഷാപോഷിണി എന്ന ജിഹ്വയും തല്‍ക്കാലത്തേക്കു നിശ്ശബ്ദമായി.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു