Are you unable to read text? Download FontHide
തിരയുക

സുഷമയ്ക്കു ശിവസേന പിന്തുണ

ന്യൂഡല്‍ഹി • എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ ശിവസേന വീണ്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിനു പിന്തുണ പ്രഖ്യാപിച്ചു. അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെ, നേരത്തേ സുഷമാ സ്വരാജാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സര്‍വഥാ യോഗ്യയെന്ന് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. താക്കറെയുടെ നിലപാട് ആവര്‍ത്തിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്താണ് വീണ്ടും സുഷമയുടെ പേരു നിര്‍ദേശിച്ചത്. നേരത്തേ മോഡിക്കൊപ്പം നിലയുറപ്പിച്ച റാവത്ത് ഇപ്പോള്‍ ചുവടുമാറ്റി.

സുഷമയെ പിന്തുണയ്ക്കുന്നതിനു മുന്‍പു തന്നെ മോഡിയെ ശിവസേന പാര്‍ട്ടി പത്രത്തിലൂടെ വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തേക്കു നിക്ഷേപം ക്ഷണിച്ചു നടത്തിയ വൈബ്രന്‍റ് ഗുജറാത്തില്‍ പാക്കിസ്ഥാനില്‍നിന്നുള്ള 22 അംഗ പ്രതിനിധി സംഘത്തെ പങ്കെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ ഉലച്ചില്‍ കാരണമാണു പ്രതിനിധി സംഘത്തെ അനുവദിക്കാതിരുന്നതെന്നായിരുന്നു മോഡിയുടെ നിലപാട്. എന്നാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം രാജ്‌ക്കോട്ടില്‍ കളിച്ചിരുന്നു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെയും ഇതുപോലെ മടക്കി അയച്ചിരുന്നെങ്കില്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ തൊപ്പിയില്‍ രാജ്യസ്‌നേഹത്തിന്‍റെ മറ്റൊരു തൂവല്‍കൂടിയാകുമായിരുന്നുവെന്നാണ് പാര്‍ട്ടി പത്രത്തില്‍ വിമര്‍ശിച്ചത്. എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയും മോഡിയുമായുള്ള അടുപ്പം രസിക്കാത്ത ശിവസേന നേരത്തേ തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയില്‍നിന്ന് അകലം സൂക്ഷിച്ചിരുന്നു. ഗാന്ധിനഗറില്‍ കഴിഞ്ഞ മാസം മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായിരുന്നു രാജ് താക്കറെ.
നരേന്ദ്ര മോഡിക്കു ബിജെപിയിലുള്ള മുന്‍തൂക്കം എന്‍ഡിഎ സഖ്യകക്ഷികള്‍ക്കിടയില്‍ ഇലെ്ലന്നാണ് ശിവസേനയുടെ നിലപാടോടെ വ്യക്തമാവുന്നത്. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ പ്രസ്താവനയ്‌ക്കെതിരെ ജനതാദള്‍ (യു) കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.

ഇതിനിടെ, നരേന്ദ്ര മോഡിക്കു മതേതര പ്രതിച്ഛായ നല്‍കാനുള്ള ശ്രമത്തിലാണ് യശ്വന്ത് സിന്‍ഹയും റാം ജഠ്മലാനിയും. ഇന്ദിരാവധത്തിനു ശേഷം 1984 ലെ സിഖ് വിരുദ്ധ കലാപത്തിനു ശേഷം രാജീവ് ഗാന്ധിക്കു പ്രധാനമന്ത്രിയാകാന്‍ മതേതരവാദം തടസ്സമായിലെ്ലങ്കില്‍ ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ നരേന്ദ്ര മോഡിയെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതില്‍ അര്‍ഥമിലെ്ലന്ന് ടിവി ചാനല്‍ അഭിമുഖത്തില്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. മോഡിയോടുള്ള എതിര്‍പ്പ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നരേന്ദ്ര മോഡി 100% മതേതരവാദിയാണെന്നും പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോജിച്ചയാള്‍ മോഡിയാണെന്നും റാം ജഠ്മലാനി അഭിപ്രായപ്പെട്ടു. മോഡിയെ അപകീര്‍ത്തിപ്പെടുത്താന്‍ എതിരാളികള്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ ചര്‍ച്ച ചൂടുപിടിക്കുന്നത് അസമയത്താണെന്ന ചിന്താഗതി ബിജെപി കേന്ദ്ര നേതൃത്വത്തിലുണ്ട്. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെങ്കില്‍ തന്നെ ഇത്ര നേരത്തേ വേണ്ടെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്ക്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കടുത്ത ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് ബുദ്ധിപൂര്‍വമലെ്ലന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേ സമയം, ഈ വര്‍ഷാവസാനം നടക്കേണ്ട മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് പാര്‍ട്ടിക്കു ഗുണകരമായേക്കുമെന്ന അഭിപ്രായവുമുണ്ട്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു