Are you unable to read text? Download FontHide
തിരയുക

വിശ്വാസമധുരം നിറഞ്ഞ അരവണ

വൃശ്ചികക്കുളിര്‍ നിറഞ്ഞ പ്രഭാതങ്ങള്‍. എരിയുന്ന കര്‍പ്പൂരംപോലെ ഭക്തിയില്‍ അലിഞ്ഞുതീരുന്ന മണ്ഡലകാലം. മാലയിട്ടു വ്രതമെടുത്തു കാനനവാസനെക്കാണാന്‍ ഭക്തജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ചിന്‍മയരൂപന്‍റെ ദര്‍ശനം നേടി തിരികെ മലയിറങ്ങുന്പോള്‍ കൈകളില്‍ നിധിപോലെ സൂക്ഷിക്കുന്ന ഒരു ടിന്‍ അരവണപ്പായസം. താന്‍ നേടിയ ദര്‍ശനപുണ്യത്തിന്‍റെ മാധുര്യം വീട്ടില്‍ കണ്ണുനട്ടിരിക്കുന്നവര്‍ക്കു പകര്‍ന്നുനല്‍കാന്‍ അരവണയല്ലാതെ മറ്റെന്താണുള്ളത്? ഒരിക്കല്‍ രുചിച്ചാല്‍ പിന്നൊരിക്കലും മറക്കാന്‍ കഴിയില്ല അരവണപ്പായസത്തിന്‍റെ കടുംമധുരം എന്നതാണു സത്യം. അരവണപ്പായസം എങ്ങനെ ശബരീശനു നിവേദ്യമായി എന്നന്വേഷിക്കുക രസകരമാണ്.

പായസം ജനിച്ചത് ഭാരതത്തിലാണ് എന്നു നമുക്കറിയാം. ജനിച്ച നാളുതൊട്ട് ഇന്നുവരെ ഒരു മാറ്റവുമില്ലാതെ തുടരുന്ന ചുരുക്കം ചില ഭക്ഷണ പദാര്‍ഥങ്ങളിലൊന്നാണു പായസം. ഭാരതത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പ്രധാന നിവേദ്യവും വഴിപാടും പായസമാണ്. മധുരം നല്‍കി ദേവനെ പ്രീതിപ്പെടുത്തുക എന്നതാണു പായസ നിവേദ്യത്തിനു പിന്നിലെ ലക്ഷ്യം.

അന്പലപ്പുഴ പാല്‍പായസമല്ല, ശബരിമലയിലെ അരവണപ്പായസം എന്ന് ഒരു ദാര്‍ശനിക പ്രസ്താവന നടത്താം. പ്രശ്നം അല്‍പം വിശ്വാസപരമാണ് എന്നതാണു കാരണം. പാല്‍പ്പായസം വൈഷ്ണവ ആരാധന ശൈലിയുടെ ഭാഗമാണ്. എന്നാല്‍, അയ്‌യപ്പന്‍റെ പൂജാക്രമങ്ങളില്‍ വൈഷ്ണവ രീതിയും ശൈവ രീതിയും ഒരുപോലെ ലയിച്ചുചേര്‍ന്നിരിക്കുന്നു എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. കേരളത്തിലെ ബൗദ്ധ കേന്ദ്രങ്ങളില്‍ പ്രമുഖമായിരുന്നു ശബരിമല എന്ന വാദവും ചില ചരിത്രകാരന്‍മാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇൗ വാദങ്ങള്‍ക്കെല്ലാം തെളിവായി അരവണപ്പായസത്തിന്‍റെ ഘടനയും നിരത്തുന്നുണ്ട്.

ഉണക്കലരി, അരിയുടെ നാലുമടങ്ങ് ശര്‍ക്കര തിളപ്പിച്ച് വറ്റിചെ്ചടുത്താണ് അരവണപ്പായസമുണ്ടാക്കുന്നത്. ശബരിമലയിലേക്കുള്ള വനയാത്രയില്‍ ഭക്തര്‍ കയ്‌യില്‍ കരുതുന്നത് ഉണക്കലരിയാണ്. ഇൗ ഉണക്കലരികൊണ്ട് ഇൗശ്വര പൂജയ്ക്കായി പായസമുണ്ടാക്കാന്‍ മലമുകളിലെ കാടിനു നടുവില്‍ കുറച്ചു വെള്ളം മാത്രം ഉപയോഗിച്ച് അരവണപ്പായസമുണ്ടാക്കിയതാവാം എന്നു ഭക്ഷ്യ ചരിത്രകാരന്‍മാര്‍ വാദമുന്നയിക്കുന്നു. എന്നാല്‍, ശരവണ മഹര്‍ഷിയെന്ന തമിഴ് സന്യാസിയാണ് ആദ്യമായി അരവണപ്പായസമുണ്ടാക്കിയതെന്ന് ഒരു വിശ്വാസവുമുണ്ട്. ശരവണപ്പായസത്തിന്‍റെ പേരു ലോപിച്ചാണത്രേ അരവണപ്പായസമുണ്ടായത്.എെതിഹ്യ കഥകളില്‍ അരവണപ്പായസത്തിനു പ്രണയമധുരം തുളുന്പുന്ന ഒരു കഥ കൂടിയുണ്ട്. യാഥാര്‍ഥ്യം എന്നതിനേക്കാള്‍ വാമൊഴിവഴക്കമാണ് എെതിഹ്യകഥകളെ രസകരമാക്കുന്നത്. പന്തളത്തെ ദത്തുപുത്രനായി അയ്‌യപ്പന്‍ വളരുന്ന കാലം. കൗമാരകാലത്ത് ആയോധനവിദ്യ അഭ്യസിപ്പിക്കാന്‍ പന്തളരാജന്‍ അയ്‌യപ്പനെ തന്‍റെ സുഹൃത്തും ബന്ധുവുമായ ചീരപ്പന്‍ചിറ ഗുരുക്കളുടെ അടുത്തേക്ക് അയച്ചു. ചേര്‍ത്തലയ്ക്കടുത്ത് മുഹമ്മയിലെ ചീരപ്പന്‍ചിറ തറവാട്ടില്‍ താമസിച്ച് ഏറെക്കാലം അയ്‌യപ്പന്‍ ആയോധനകല അഭ്യസിച്ചിരുന്നു. (കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ അനിഷേധ്യ നേതാവായിരുന്നു ചീരപ്പന്‍ചിറ കൃഷ്ണന്‍ കുമാരപ്പണിക്കരുടെ മകന്‍ ചന്ദ്രപ്പന്‍ എന്ന സി.കെ. ചന്ദ്രപ്പന്‍!)

ചീരപ്പന്‍ചിറ തറവാട്ടില്‍ അയ്‌യപ്പന്‍ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന വാളും മറ്റ് ആയുധങ്ങളും ഭക്തിയോടെ സൂക്ഷിച്ചിട്ടുണ്ട്. തറവാടിനു മുന്നിലെ കളരിയില്‍ ഇപ്പോഴും ആയോധനകല പരിശീലിപ്പിക്കുന്നുണ്ട്. തറവാട്ടിലെ കാരണവര്‍ക്കു പ്രായാധിക്യത്താല്‍ ശബരിമല ദര്‍ശനത്തിനു കഴിയാതായപ്പോള്‍ ശാസ്താവ് സ്വപ്നദര്‍ശനം നടത്തി ഉപദേശിച്ചപ്രകാരം നിര്‍മിച്ച മുക്കാല്‍വെട്ടം അയ്‌യപ്പക്ഷേത്രം തറവാടിനു സമീപമാണ്. ചീരപ്പന്‍ചിറ മൂപ്പന്‍റെ മകള്‍ ലളിതയ്ക്ക് അയ്‌യപ്പനോട് ഇഷ്ടം തോന്നി. അയ്‌യപ്പനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന വാശിയിലായിരുന്നു ലളിത.

പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഭക്ഷണം പാചകം ചെയ്‌യാനാണ് ആദ്യം പഠിപ്പിക്കുക. ലളിത തന്‍റെ ജീവിതത്തില്‍ ആദ്യമായി ഉണ്ടാക്കിയത് അയ്‌യപ്പനു നല്‍കാനുള്ള പായസമായിരുന്നു. ഉണക്കലരിയും ശര്‍ക്കരയും നെയ്‌യും ചേര്‍ത്തു കടുംമധുരമുള്ള പായസത്തില്‍ തന്‍റെ പ്രണയത്തിന്‍റെ തീവ്രതയുമുണ്ടെന്ന് ലളിത വിശ്വസിച്ചിരുന്നു. തന്‍റെ ഗുരുനാഥന്‍റെ മകളായ ലളിതയെ നിത്യബ്രഹ്മചാരിയായ അയ്‌യപ്പന്‍ സഹോദരിയായാണു കണ്ടത്. അയ്‌യപ്പന്‍ നിത്യബ്രഹ്മചാരിയാണെന്നറിഞ്ഞ ലളിത എന്നും തനിക്ക് അയ്‌യപ്പന്‍റെ പാദപൂജ ചെയ്‌യുവാനുള്ള അനുവാദം നല്‍കണമെന്ന് അപേക്ഷിച്ചുവെന്നു കഥ. എന്നും അയ്‌യപ്പന് അരവണപ്പായസമുണ്ടാക്കി നേദിക്കുകയാണ് ലളിതയെന്നു വിശ്വാസം.

ഐതിഹ്യകഥകള്‍ വാമൊഴിയായും വരമൊഴിയായും തലമുറകള്‍ പരസ്പരം കൈമാറി വന്നതാണ്. അതില്‍ അതിശയോക്തിയും അസംഭാവ്യതയും കാണാം. പക്ഷേ, ഭക്തിയുടെ ലഹരിയാണ് അരവണപ്പായസത്തിന്‍റെ മധുരമെന്നു നിസ്സംശയം പറയാം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു