Are you unable to read text? Download FontHide
തിരയുക

രഥമുരുളും കാലം

ഒന്നരയാള്‍ പൊക്കത്തില്‍ മരംകൊണ്ടുണ്ടാക്കിയ ചക്രം. അതില്‍ ശിരസ്സും ഹൃദയവും ചേര്‍ത്തുവച്ച് അഭിദാസ് മോഹന്‍ പ്രാര്‍ഥിച്ചു; ജഗന്നാഥാ മോക്ഷഭാഗ്യം നല്‍കണേ...! അഭിദാസിനെപ്പോലെ നൂറുകണക്കിനു ഭക്തര്‍ വണങ്ങുന്ന ഈ ചക്രം ഇപ്പോള്‍ വെറുമൊരു ചക്രമാണ്. മഹാനദിയുടെ തീരത്തുള്ള ഏതോ മരത്തില്‍ നിന്നുണ്ടാക്കിയ ചക്രം. സുദര്‍ശനചക്രത്തോടു സാമ്യമുള്ള ഈ ചക്രത്തില്‍ ദൈവികത കുടിയിരുത്താന്‍ ഇനിയും ദിവസങ്ങള്‍ വേണം. പക്ഷേ, ഭക്തര്‍ക്ക് ഇപ്പൊഴേ ഇത് ജഗന്നാഥന്‍റെ വാഹനമാണ്.

ചക്രത്തിനു മുകളിലെ സാങ്കല്‍പ്പിക രഥത്തില്‍ അവര്‍ വിഷ്ണുവിനെയും ശ്രീകൃഷ്ണനെയും  കാണുന്നു, ഒപ്പം ബലഭദ്രനെയും സുഭദ്രയെയും. ഒഡീഷയിലെ ക്ഷേത്രനഗരമായ പുരി അങ്ങനെയാണ്. സര്‍വം ഭക്തിമയം. ഒരു കിലോമീറ്റര്‍ അകലെവചേ്ച ജഗന്നാഥക്ഷേത്രത്തിന്‍റെ മുകളില്‍ പാറിക്കളിക്കുന്ന കൊടിയടയാളം കണ്ടുതുടങ്ങിയാല്‍ ഭക്തന്‍റെ മനസ്സ് ജഗന്നാഥന്‍റെ വിഗ്രഹത്തില്‍ സാഷ്ടാംഗം പ്രണമിച്ചിരിക്കും. ക്ഷേത്രത്തിന്‍റെ അകംഭിത്തി അലങ്കരിക്കുന്ന ദശാവതാരം, കൃഷ്ണലീലാവിലാസം കൊത്തുപണി കണ്ട് പാതികൂന്പിയ കണ്ണുമായി ക്ഷേത്രത്തില്‍ ഒഴുകിനടക്കുന്ന ഭക്തന് പിന്നെ കാണുന്നതിലെല്ലാം ഭക്തിനിറയും. പുറത്ത് അലഞ്ഞുനടക്കുന്ന ഗോക്കള്‍വരെ ദൈവമാണ്, തൊട്ട് നിറുകയില്‍വച്ചാണ് അവര്‍ കടന്നുപോകുക.

ഭക്തിയുടെ ഉന്നതിയിലേക്ക് പുരി ഉണരുകയാണ്. ലോകപ്രശസ്തമായ പുരി രഥയാത്രയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ഭക്തര്‍ ആദിവസത്തിനായി കാത്തിരിക്കുകയാണ് _ ജൂണ്‍ 21. ഈശ്വരന്മാരുടെ വലിയ വിഗ്രഹങ്ങള്‍ വഹിക്കുന്ന കൂറ്റന്‍രഥത്തില്‍ ഒന്നുതൊടാന്‍, രഥം കെട്ടിവലിക്കുന്ന കയറിലൊന്നു സ്പര്‍ശിക്കാന്‍... എന്തിന് അടുത്തുനിന്ന് രഥഘോഷയാത്രയൊന്ന് കാണുകയെങ്കിലും ചെയ്‌യാന്‍ തിടുക്കമായി.

ജഗന്നാഥന്‍റെയും ബലഭദ്രന്‍റെയും സുഭദ്രയുടെയും വിഗ്രഹങ്ങള്‍ വെവേ്‌വറെ രഥങ്ങളില്‍ പുരിയുടെ തെരുവിലൂടെ എഴുന്നെള്ളിക്കലാണ് രഥഘോഷയാത്ര. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടത്തുന്ന ഈ യാത്ര ഗുണ്ടിച ക്ഷേത്രത്തിലേക്കാണ്. ഇന്ദ്രദ്യുമ്ന രാജാവിന്‍റെ പത്നിയാണ് ഗുണ്ടിച. ആയിരം അശ്വമേധം നടത്തിയിട്ടുണ്ടെന്ന് ഇന്ദ്രദ്യുമ്നനെക്കുറിച്ച് മഹാഭാരതത്തില്‍ സൂചനയുണ്ട്. പുരി ക്ഷേത്രത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച മന്ദിരത്തില്‍ ഒന്‍പതുദിവസം വിഗ്രഹങ്ങള്‍ സൂക്ഷിക്കും. തുടര്‍ന്ന് ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള മടക്കയാത്രയില്‍ മൗസി മാ ക്ഷേത്രത്തിലും വിഗ്രഹങ്ങള്‍ ‘സന്ദര്‍ശനം നടത്തും. ശ്രീകൃഷ്ണന്‍റെ ഇഷ്ടവിഭവമായ പോഡ പീത എന്ന മധുരപലഹാരം ഇവിടെ നേദിക്കും. വിഗ്രഹങ്ങള്‍ പുരി ക്ഷേത്രത്തില്‍ മടങ്ങിയെത്തുന്നതോടെ ഉല്‍സവം കൊടിയിറങ്ങും.

• മൂന്ന് കൂറ്റന്‍ തേരുകള്‍
215 അടി ഉയരത്തില്‍ നിര്‍മാണ വൈദഗ്ധ്യത്തിന്‍റെ മകുടമായി നിലകൊള്ളുകയാണ് പുരി ക്ഷേത്രം. ഇന്ത്യയിലെ നാല് പ്രധാന ഹിന്ദു പുണ്യസ്ഥലങ്ങളിലൊന്നായി കരുതുന്ന ഈ ക്ഷേത്രം ഇപ്പോഴത്തെ രീതിയില്‍ പണിതീര്‍ത്തത് 12 -ാം നൂറ്റാണ്ടിലാണെന്നു ചരിത്രം പറയുന്നു. ക്ഷേത്രമാതൃകയില്‍ ഒരുക്കുന്ന മൂന്ന് കൂറ്റന്‍തേരിലാണ് ഈശ്വരന്മാരുടെ യാത്ര. 16 ചക്രത്തില്‍ ഉരുളുന്ന 13.5 മീറ്റര്‍ (45 അടി) ഉയരത്തില്‍ നിര്‍മിക്കുന്ന ജഗന്നാഥ തേരിന്‍റെ സ്ഥാനം നടുവിലാണ്. 832 മരക്കഷണങ്ങളാല്‍ തീര്‍ത്തിരിക്കുന്ന തേര് ചുവപ്പും മഞ്ഞയും കലര്‍ന്ന പട്ടുതുണികൊണ്ട് അലങ്കരിക്കും. ജഗന്നാഥനായി സങ്കല്‍പ്പിക്കുന്ന കൃഷ്ണന്‍റെ പീതവസ്ത്രത്തിന്‍റെ ഓര്‍മയിലാണ് മഞ്ഞത്തുണി. നന്ദികേശ എന്നാണ് രഥത്തിനു പേര്.

തലധ്വജ എന്നു പേരിടുന്ന ബലഭദ്രന്‍റെ തേരിനു ചക്രങ്ങള്‍ 14. ഉയരം 13.2 മീറ്റര്‍. 763 മരക്കഷണങ്ങളില്‍ സജ്ജീകരിക്കുന്ന ഈ രഥത്തില്‍ ഉപയോഗിക്കുന്നത് ചുവപ്പ്, കടുംപച്ച നിറത്തിലുള്ള തുണിയലങ്കാരം. 593 മരക്കഷണങ്ങളാല്‍ 12 ചക്രത്തില്‍ ഒരുക്കുന്ന സുഭദ്രയുടെ തേരിന്‍റെ പേര് ദ്വാര്‍പദലാന. ഉയരം 12.9 മീറ്റര്‍. ചുവപ്പും കറുപ്പും നിറത്തിലുള്ള തുണികളേ ഈ രഥത്തില്‍ ഉപയോഗിക്കൂ.

വൈശാഖ മാസത്തിലെ അക്ഷയതൃതീയ നാളില്‍ ആരംഭിക്കുന്ന രഥ നിര്‍മാണം ക്ഷേത്രത്തെരുവില്‍ തന്നെയാണു നടത്തുന്നത്. ഓല മേഞ്ഞ പടുകൂറ്റന്‍പന്തലില്‍ മരപ്പണിക്കാര്‍ ഈശ്വരന്് ഇരിപ്പിടമൊരുക്കുന്നു. ചെത്തിമിനുക്കിയ കൂറ്റന്‍ മരത്തടികള്‍ ക്ഷേത്ര നടവഴിയുടെ ഇരുഭാഗത്തും കാണാം. ദിവസങ്ങള്‍ക്കുള്ളില്‍ ഇവ രഥമായി മാറും. നമ്മുടെ വിഷു പോലെ ഒഡീഷയുടെ കൃഷിക്കാലം ആരംഭിക്കുന്നത് രഥനിര്‍മാണം ആരംഭിക്കുന്ന ഈ ദിവസത്തിലാണ്. ഒറിയക്കാരനുമായി അത്ര ആത്മബന്ധമാണ് രഥയാത്രയ്ക്കുള്ളത്. കൃഷിക്കായി നിലമൊരുക്കലിന് ഈ ദിവസത്തില്‍ ശുഭാരംഭം കുറിക്കും.

ഓരോ വര്‍ഷവും പുതിയ രഥത്തിലാണ് ഈശ്വരന്മാരുടെ യാത്ര. ദാസപല്ല പ്രദേശത്തുള്ള ഫാസി, ദൗസ എന്നീ മരങ്ങള്‍ കൊണ്ടാണ് പണ്ട് രഥങ്ങള്‍ തീര്‍ത്തിരുന്നത്. രഥമൊരുക്കാന്‍ അനുവാദമുണ്ടായിരുന്ന പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന മരപ്പണിക്കാരാണ് മരങ്ങള്‍ മുറിക്കുക പോലും ചെയ്തിരുന്നത്. തടി മഹാനദിയിലൂടെ പുരിയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. കാലം മാറിയപ്പോള്‍ ഇതിലും ചെറിയവ്യത്യാസം വന്നു. ഇപ്പോള്‍ ഒഡീഷ വനംവകുപ്പാണ് മരം നല്‍കുന്നത്. പലതരത്തിലുള്ള മരവും ഇതില്‍പ്പെടുമെന്ന് ക്ഷേത്രം പിആര്‍ഒ ലക്ഷ്മീധര്‍ പൂജപന്‍ഡ പറഞ്ഞു. ആയിരത്തിലേറെ മരത്തില്‍നിന്ന് ലഭിക്കുന്ന ഏകദേശം 400 ക്യുബിക് മീറ്റര്‍ തടിയാണ് തേരിനു വേണ്ടത്.

ഇത്തവണ 52 ലക്ഷം രൂപയാണു മരത്തിനു ചെലവ്. 75 മര ആശാരിമാരാണ് പ്രധാന പണിക്കാര്‍. രണ്ടാംഘട്ടത്തില്‍ 70 പേര്‍ കൂടി സഹായികളായെത്തും. ഇരുന്പുപണിക്കാരും പെയിന്‍റര്‍മാരും ഇവര്‍ക്കു പുറമെ. രണ്ടു കോടി രൂപയ്ക്കടുത്താണ് ഇത്തവണത്തെ രഥാേല്‍സവചെ്ചലവ്.  വിഷ്ണുവും ശ്രീകൃഷ്ണനും ചേര്‍ന്നതാണ് ജഗന്നാഥന്‍ എന്നാണു പുരിയിലെ വിശ്വാസം. അതിനാല്‍ത്തന്നെ ഗോകുലത്തില്‍നിന്ന് മഥുരയിലേക്കുള്ള ശ്രീകൃഷ്ണന്‍റെ യാത്രയായും രഥാേല്‍സവത്തെ ചിലര്‍ കണക്കാക്കുന്നു.    

• രഥചക്രങ്ങളില്‍ മോക്ഷം
ആയിരക്കണക്കിനാളുകള്‍ ചേര്‍ന്ന് തേര് വലിക്കുന്പോഴുള്ള തിക്കിലും തിരക്കിലും പെട്ട് അപകടം സ്വാഭാവികം. എന്നാല്‍ പണ്ട് ഭക്തിമൂത്ത് പലരും സ്വയം കുരുതി കൊടുക്കാറുണ്ടായിരുന്നത്രേ. രഥചക്രം കയറിയിറങ്ങിയുള്ള മരണം മോക്ഷം നല്‍കുമെന്നാണു വിശ്വാസം. പണിനടക്കുന്പോള്‍ തന്നെ തേരിനെ നമിക്കുന്ന ഭക്തരില്‍നിന്ന് പുരി ജഗന്നാഥനോടുള്ള ഭക്തി വ്യക്തം.      

• തൂക്കുപാലം കടന്ന് ധബലേശ്വര്‍
സര്‍വോദയമേളയ്ക്ക് ഭാരതപ്പുഴയില്‍ മരംകൊണ്ട് ഒരുക്കുന്ന പാലമാണ് ധബലേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള വഴി കണ്ടപ്പോള്‍ ഓര്‍ത്തത്. ഭാരതപ്പുഴയിലേത് തടി കൊണ്ടുണ്ടാക്കുന്ന താത്ക്കാലിക പാലമാണെങ്കില്‍ ധബലേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള വഴി ഇരുന്പുപാലമാണ്. ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമുള്ള വലിയ തൂക്കുപാലങ്ങളിലൊന്ന്. കട്ടക്കില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അതിപ്രശസ്തമായ ഈ ശിവക്ഷേത്രത്തിലേക്കു വര്‍ഷം 15 ലക്ഷം സഞ്ചാരികളെങ്കിലും എത്തുന്നുണ്ടെന്നാണു കണക്ക്. ഒഡീഷയിലെ ഏറ്റവും വലിയ നദിയായ മഹാനദിയില്‍ തുരുത്തുപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഈ ക്ഷേത്രത്തിലേക്കുള്ള തൂക്കുപാലത്തിനുമുണ്ട് ക്ഷേത്രത്തിനൊപ്പം പ്രശസ്തി.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു