Are you unable to read text? Download FontHide
തിരയുക

രണ്ടാം ജന്മം 40 വര്‍ഷം

പുനര്‍ജന്മത്തിലെ നാല്‍പതാം ജന്മദിനമാണ് അബ്ദുല്‍ ജബ്ബാറിന് അടുത്ത വ്യാഴാഴ്ച. ജബ്ബാറിന്‍റെ ‘മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടത്തി തലയോട്ടിയില്‍ ചുറ്റികകൊണ്ട് ആദ്യം പ്രഹരിച്ചപ്പോള്‍തന്നെ ഇടത് കൈവിരലുകളിലുണ്ടായ ചലനം. പോസ്റ്റ്‌മോര്‍ട്ടം ചെയ്‌യുന്ന ഡോക്ടറും സഹായിയും അതു കണ്ടില്ലായിരുന്നെങ്കില്‍, നാല്‍പതു വര്‍ഷത്തിനിപ്പുറം നമ്മോടു സംസാരിക്കാന്‍ എഴുപത്തിരണ്ടാം വയസ്സില്‍ ജബ്ബാര്‍ ജീവിച്ചിരിക്കുമായിരുന്നില്ല.

മുപ്പത്തിരണ്ടാംവയസ്സില്‍ തീര്‍ന്ന ആയുസ്സ് നാലു പതിറ്റാണ്ടിലേറെ ബോണസായി നീട്ടിത്തന്ന പരമകാരുണികനോടു നന്ദിപറയാന്‍ വാക്കുകളില്ല ജബ്ബാറിന്. പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍നിന്ന് അടിയന്തര ചികില്‍സയ്ക്കു വിധയേനാക്കപ്പെട്ട അദ്ദേഹത്തിനു ബോധംവീണതു നാലുദിവസത്തിനു ശേഷം. അന്നു ഡോക്ടര്‍ പറഞ്ഞു: ‘താങ്കള്‍ മനുഷ്യനല്ല; മാലാഖയാണ്. അതെ, നമുക്കുംതോന്നും മാലാഖയാണു ജബ്ബാറെന്ന്. മരിച്ചിട്ടും തിരിച്ചുവന്നു നമ്മോടു സുസ്‌മേരവദനനായി സംവദിക്കുന്ന ഇദ്ദേഹത്തെ മറ്റെന്തു വിളിക്കാനാകും? ‘തവക്കല്‍തു അലല്ലാഹ്. (എല്ലാം അല്ലാഹുവില്‍ സമര്‍പ്പിക്കുന്നു). മാഹി റയില്‍വേസ്‌റ്റേഷന്‍ റോഡ് പുത്തലത്ത് ക്ഷേത്രത്തിനു സമീപത്തെ ‘സബാഹ് എന്ന വസതിയുടെ വാതില്‍ക്കല്‍ ഈ സൂക്തം എഴുതിയിരിക്കുന്നു.


നാലു പതിറ്റാണ്ട്
മംഗലാപുരം-മുംബൈ ബസ് യാത്രയിലായിരുന്നു കൊച്ചി കുണ്ടശേരി ബംഗ്ലാവില്‍ മുഹമ്മദ്‌കോയയുടെ പത്തുമക്കളില്‍ ആറാമനായ അബ്ദുല്‍ ജബ്ബാറിന്‍റെ ‘മരണത്തിനിടയാക്കിയ അപകടം-1973 ജനുവരി 31. ദുബായിലെ ജിഎെസി കന്പനി ടെക്നീഷ്യന്‍. അവധിക്കുശേഷം ദുബായിലേക്കു പോകാനായിരുന്നു മുംബൈ യാത്ര. ട്രെയിന്‍ ജനുവരി 30നു മംഗലാപുരത്തെത്തിയപ്പോള്‍ ഒന്നരമണിക്കൂര്‍ വൈകി. മുംബൈക്കുള്ള ബലാല്‍ മോട്ടോഴ്സ് ബസ് പുറപ്പെട്ടുകഴിഞ്ഞു. പിന്നെ ആ ദിവസം മുംബൈയിലേക്കു ബസില്ല. ടാക്സിയെടുത്തു പിന്നാലെവിട്ടു. വഴിയില്‍വച്ചു ബസില്‍ കയറിപ്പറ്റി. അകത്ത് ഇരിക്കാന്‍ ഇടമില്ല. ഒടുവില്‍ ഡ്രൈവറുടെ കാബിനില്‍ താല്‍ക്കാലിക ഇരിപ്പിടമൊരുങ്ങി. പിറ്റേന്നുരാവിലെ എട്ടരയ്ക്കായിരുന്നു അപകടം. ബസ് പുണെയ്ക്കു സമീപം കരാഡ് എത്തിയിരുന്നു. എതിരെവന്ന ലോറിയും ജബ്ബാര്‍ യാത്രചെയ്ത ബസും കൂട്ടിയിടിച്ചു. ആ അപകടത്തിനും, നാലുദിവസത്തിനുശേഷം ബോധംതെളിയുന്നതിനും ഇടയിലായിരുന്നു വിധിനിര്‍ണായകമായ പോസ്റ്റ്‌മോര്‍ട്ട ശ്രമം...

‘‘അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ‘മരിച്ച മൂന്നാമനായ എന്നെ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ മിറാജ് മെഡിക്കല്‍ സെന്‍ററിലെ വാന്‍ലെസ് ആശുപത്രിയില്‍ എത്തിച്ചു. ഇടതുപല്ലുകളെല്ലാം തകര്‍ന്നിരുന്നു. ഒരുപാടു രക്തമൊഴുകി. ആശുപത്രിയിലെത്തിയപ്പോള്‍ പള്‍സ് ഉണ്ടായിരുന്നില്ല. ഇതാണു ‘മരണം സ്ഥിരീകരിക്കാന്‍ ഇടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു മുന്‍പായി ശീതീകരിച്ച മുറിയില്‍ കിടത്തി.

ബാഗില്‍നിന്നു ലഭിച്ച വിലാസത്തില്‍ പൊലീസ് ‘മരണവിവരം അറിയിച്ചതുപ്രകാരം ജ്യേഷ്ഠന്‍ മജീദും ഭാര്യാസഹോദരന്‍ അബ്ദുല്ലയും വിമാനത്തില്‍ മുംബൈയിലും വൈകാതെ ആശുപത്രിയിലുമെത്തി. അവര്‍ പുറത്തുകാത്തിരിക്കെ, അകത്തു പോസ്റ്റ്‌മോര്‍ട്ടത്തിനു തുടക്കമായി. ചുറ്റികകൊണ്ടുള്ള ആദ്യപ്രഹരം തലയോട്ടിയുടെ ഇടതുവശത്ത്. ആ അടയാളം ഇന്നുമുണ്ട് നെറ്റിയില്‍. ശരീരത്തില്‍ ചലനം കണ്ടതോടെ പോസ്റ്റ്‌മോര്‍ട്ടം അവസാനിക്കുകയും ചെയ്തു.

ക്ഷണനേരംകൊണ്ട് അടിയന്തര ചികില്‍സ. പ്രഹരമേറ്റഭാഗം തുന്നിക്കെട്ടി. എന്നാല്‍ പ്രഹരത്തില്‍ തലചേ്ചാറിലേക്കുള്ള മൂന്നാം ഞരന്പ് പൊട്ടി. ഇത് ഇടതുകണ്ണിന്‍റെ കാഴ്ചയില്ലാതാക്കി. ഇമ ഉയര്‍ന്നുനില്‍ക്കാനുള്ള ശേഷി ഇല്ലാതായി. പകല്‍വെളിച്ചത്തില്‍ ഈ കണ്ണു തുറന്നാല്‍ അതിശക്തമായ വെളിച്ചം കണ്ണിലേക്കുകയറും. വലതുകണ്ണുപയോഗിച്ച് വലത്തേക്കു നോക്കിയാല്‍ ഇടതുകണ്ണിന്‍റെ ഇമ ഉയരും. രാത്രിയില്‍ ഇടതുകണ്ണിനു നേരിയ കാഴ്ചയുണ്ട്.


മരണാനന്തരം
സാധാരണ നിലയിലേക്കുവരാന്‍ ആറുമാസം വേണ്ടിവന്നു ജബ്ബാറിന്. വാന്‍ലെസ് ഹോസ്പിറ്റലില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു കൊച്ചിയിലേക്കു കൊണ്ടുപോകാന്‍ പിതാവ് മുഹമ്മദ്‌കോയ സഹോദരനെ നിര്‍ബന്ധിച്ചു. 1973 ഫെബ്രുവരി 14ന് ആശുപത്രിവിട്ടു. ചുറ്റികകൊണ്ടുള്ള പ്രഹരത്തില്‍ തലയിലെ മൂന്നാംഞരന്പു (നെര്‍വ് നന്പര്‍ ത്രീ) പൊട്ടിയെങ്കിലും നാഡീസംബന്ധമായ രോഗങ്ങളൊന്നുമിലെ്ലന്ന് സര്‍ജനായ ഡോ. മാത്യു ഒപ്പിട്ട വിടുതല്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. കണ്ണിന്‍റെ പ്രശ്നം സാവധാനം മാറുമെന്ന് അതില്‍ പ്രതീക്ഷയുണ്ടെങ്കിലും അത് ഇന്നും തുടരുന്നു. കണ്ണിനു കുഴപ്പംസംഭവിച്ചത് ബസ് അപകടത്തിലാണെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. എന്നാല്‍ തന്‍റെ കണ്ണെടുത്തതു ചുറ്റികകൊണ്ടുള്ള പ്രഹരമാണെന്നതില്‍ സംശയമില്ല ജബ്ബാറിന്.

കൊച്ചി സ്വദേശിയാണെങ്കിലും ജബ്ബാര്‍ ഇപ്പോള്‍ താമസിക്കുന്നതു ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഭാര്യയുടെ ജന്മദേശമായ മാഹിയിലാണ്. മൂന്നുമക്കളാണിവര്‍ക്ക്. അപകടമുണ്ടാകുന്പോള്‍ ജബ്ബാറിന് 32 വയസ്സായിരുന്നു. അന്ന് ഇളയമകന് ഒന്നരവയസ്സ്. ഇന്ന് ആ മകന്‍ പണിത വീട്ടിലാണു ജബ്ബാര്‍ കഴിയുന്നത്.

അപൂര്‍വമായ ഒരു ആല്‍ബം എപ്പോഴും കൊണ്ടുനടക്കുന്നു ജബ്ബാര്‍. അപകടം സംഭവിച്ച 1973 ജനുവരി 31നു മുന്‍പും ശേഷവുമുള്ള ചിത്രങ്ങളുടെ സമാഹാരമാണവ. അപകടത്തിനു മുന്‍പും പിന്‍പുമുള്ള സ്വന്തം ചിത്രങ്ങളാണ് ഒന്നാംപേജില്‍. ഒപ്പം ആദ്യമായി ദുബായിലേക്കു പോകുംമുന്‍പുള്ള സന്തുഷ്ട കുടുംബചിത്രവും.


ദുര്‍വിധി വരുത്തിവച്ചത്...
1972 ഡിസംബറില്‍ രണ്ടുമാസത്തെ അവധിക്കു നാട്ടിലെത്തിയ താന്‍ യഥാര്‍ഥത്തില്‍ മടങ്ങേണ്ടിയിരുന്നതു ഫെബ്രുവരി അവസാനമായിരുന്നെന്നു ജബ്ബാര്‍ പറയുന്നു. എന്നാല്‍, ഒരുബന്ധുവിന്‍റെ സൗകര്യത്തിനായി യാത്ര നേരത്തെയാക്കുകയായിരുന്നു.ആറുമാസത്തെ ചികില്‍സയ്ക്കുശേഷം ജബ്ബാര്‍ ദുബായില്‍ ജിഇസി കന്പനിയിലേക്കു വീണ്ടുമെത്തി. അവിടെ ജോലിയിലിരിക്കെത്തന്നെറാഷിദ് ആശുപത്രിയില്‍ ജോലികിട്ടി. എന്നാല്‍ ഒരുകണ്ണിനു കാഴ്ചയിലെ്ലന്ന പേരില്‍ പലജോലികളില്‍നിന്നും ജബ്ബാറിനെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. അപകടം തന്നെ അവഗണിക്കാനുള്ള കാരണമായി മാറുന്നതു തിരിച്ചറിയുകയായിരുന്നു ജബ്ബാര്‍. നാലുപതിറ്റാണ്ടിനു ശേഷവും പലരില്‍നിന്നായി അവഗണനയുടെ വേദനയറിയുന്നു അദ്ദേഹം. എങ്കിലും ചുറ്റുപാടുമുള്ളവരില്‍ ഏതാനുംപേരില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തുന്നു.

ഒന്‍പതുവര്‍ഷം റാഷിദ് ആശുപത്രിയില്‍ ബയോമെഡിക്കല്‍ ടെക്നിഷ്യനായി ജോലിചെയ്‌തെങ്കിലും മെച്ചമുണ്ടായില്ല. പിന്നെ റിയാദിലെഷൂമൈസി ആശുപത്രിയില്‍ ജോലിക്കുശ്രമിചെ്ചങ്കിലും കാഴ്ചപ്രശ്നം തടസ്സമായി. റേഡിയോ, ക്ലോക്ക്, ടിവി, വിസിആര്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്‌യാനറിയാമായിരുന്ന ജബ്ബാറിന് അത്തരത്തില്‍ വരുമാനമുണ്ടാക്കിക്കൊടുത്തിരുന്ന ടൂള്‍ബോക്സ് സഹവാസി മോഷ്ടിച്ചതു മറ്റൊരു ദുര്‍വിധിയായി. 1988ല്‍ സുഹൃത്തുക്കള്‍ പണംപിരിചെ്ചടുത്ത് നാട്ടിലേക്കു തിരിച്ചയച്ചു. പിന്നീടു മസ്കറ്റില്‍ ജോലിക്കുപോയി. അവിടെയും വിജയിച്ചില്ല. ദുബായില്‍ ജോലിക്കുചേര്‍ന്ന് 11 മാസത്തിനുശേഷം ലഭിച്ച ആദ്യ അവധി കഴിഞ്ഞു മടങ്ങുന്പോഴാണ് അപകടവും ‘മരണവും സംഭവിച്ചത്. അയ്‌യായിരം രൂപ വായ്പ വാങ്ങിയായിരുന്നു ആ വരവ്. പിന്നീട് ആ തുക അല്‍പാല്‍പമായി മടക്കിനല്‍കി. ഗള്‍ഫ് നാടുകളോടു വിടപറഞ്ഞ് 1992ല്‍ മടങ്ങിയെത്തി.ജബ്ബാറിന്‍റെ കഥ ടെലിവിഷനില്‍ കണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവാസികാര്യ വിഭാഗത്തില്‍നിന്ന് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്‌യപ്പെട്ടെന്നും എന്നാല്‍ അതു നല്‍കാതെ വഞ്ചിക്കപ്പെട്ടെന്നും ജബ്ബാര്‍ പറയുന്നു:

‘എനിക്ക് അല്ലാഹുവാണു ജീവിതം തിരികെ നല്‍കിയത്. എപ്പോഴും ഞാന്‍ പ്രാര്‍ഥിക്കുന്നു. ലോകത്തെ എല്ലാവരുടെയും വിഷമതകള്‍ പരിഹരിച്ചുകൊടുക്കണമേയെന്ന്. ഭാര്യയ്‌ക്കൊപ്പം ഹജ് കര്‍മത്തിനു കഴിഞ്ഞവര്‍ഷം മക്കയിലേക്കു പോയിരുന്നു ജബ്ബാര്‍. ‘പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബോധം തെളിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞ വാചകം ഇന്നും ജബ്ബാറിന്‍റെ കാതുകളില്‍ മുഴങ്ങുന്നു; ‘താങ്കള്‍ മനുഷ്യനല്ല; മാലാഖയാണ്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു