Are you unable to read text? Download FontHide
തിരയുക

മാറാത്ത ഷറപ്പോവ

ചുവപ്പുരാശി കലര്‍ന്ന റോളണ്ട് ഗാരോയിലെ കോര്‍ട്ടില്‍ കാല്‍മുട്ടുകളില്‍ മുഖമണച്ചിരുന്ന ഷറപ്പോവയുടെ മനസ്സില്‍ മിന്നിമറഞ്ഞതെന്താകും... വിന്പിള്‍ഡനിലെ ഹരിതകാന്തിയില്‍ എട്ടുവര്‍ഷം മുന്‍പു കിരീടമുയര്‍ത്തി പൂത്തുലഞ്ഞുനിന്ന നാള്‍, അതോ ചുമലിലെ വേദന കടിച്ചമര്‍ത്തി സര്‍വീസ് ചെയ്ത സമീപകാലം, പരുക്കിന്‍റെ പിടിയില്‍ കളത്തിനു പുറത്തിരുന്നു ടെന്നിസ് കണ്ട ഒന്‍പതു മാസം, അതോ ഗ്രാന്‍സ്ലാമിന്‍റെ വശ്യമനോഹാരിതയില്‍ ഇരന്പുന്ന ആള്‍ക്കൂട്ടത്തിന്‍റെ കരഘോഷങ്ങള്‍.

ഇതൊന്നുമായിരിക്കില്ല ഷറപ്പോവയുടെ മനസ്സില്‍. കാരണം, ഷറപ്പോവ ഒരു മാലാഖയാണ്. ടെന്നിസിലെ നിത്യസുന്ദരമാലാഖ. നേട്ടങ്ങളില്‍ മനസ്സുകൊടുക്കാതെ ടെന്നിസ്... ടെന്നിസ് എന്നുമാത്രം ലക്ഷ്യമിടുന്നവള്‍. ജീവിതത്തിനും മേലേ ടെന്നിസിനെ പ്രതിഷ്ഠിച്ചവള്‍. അതുകൊണ്ടാകാം, ഷറപ്പോവ ഒരിക്കലിങ്ങനെ പറഞ്ഞത്; ജയിച്ചാലും തോറ്റാലും മികവിലേക്കു മുന്നേറുക എന്നതു മാത്രമാണെന്‍റെ ലക്ഷ്യം. എനിക്കൊരു നല്ല താരമാകാന്‍ കഴിയില്ലെന്ന തോന്നലോടെ ഉറക്കമുണരുന്ന ഒരു നാളിലാകും ഞാന്‍ വിരമിക്കുക.

ലോക ടെന്നിസ് പ്രേമികള്‍ ഏറ്റവും കൂടുതല്‍ കണ്ട മുഖങ്ങളിലൊന്നാണു മരിയ ഷറപ്പോവയെന്ന റഷ്യന്‍ താരത്തിന്‍റേത്. 2004ല്‍ വിന്പിള്‍ഡന്‍ നേടുന്നതിനു മുന്‍പുതന്നെ ടെന്നിസ് പ്രേമികള്‍ക്കുള്ളില്‍ ചലനങ്ങള്‍ തീര്‍ത്ത പെണ്‍കുട്ടി. ഷറപ്പോവയുടെ മുഖം തേടി ഇന്‍റര്‍നെറ്റില്‍ സ്വപ്നസഞ്ചാരം നടത്തിയ യുവത്വം. ഷറപ്പോവ ചിരിക്കുന്നതും ഷറപ്പോവ ഇരിക്കുന്നതും ഷറപ്പോവ  കളിക്കുന്നതുമൊക്കെ ആവേശത്തോടെ കണ്ടവര്‍. കളി അറിയാത്തവര്‍ പോലും കളിക്കാരിയെ പിന്തുടര്‍ന്ന കാലം. ടെന്നിസ് വേഷത്തിലും ഫാഷന്‍ വേദികളിലും ഒരുപോലെ അഴകിന്‍റെ റാണിയായവള്‍. എട്ടുവര്‍ഷം കഴിഞ്ഞിട്ടും, ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല താനും.

ടെന്നിസിലെ നാലു ഗ്രാന്‍സ്ലാമുകളും സ്വന്തമാക്കി, തെളിമയൊട്ടും ചോരാത്ത ചിരിയോടെ ഷറപ്പോവ ലോക ടെന്നിസിന്‍റെ നെറുകയില്‍ നില്‍ക്കയാണിപ്പേള്‍. എത്രയോ കാലമായി ടെന്നിസ് ആരാധകര്‍ കണ്ട സ്വപ്നമാണിത്. 2004ല്‍ വിന്പിള്‍ഡന്‍ നേടുന്പോള്‍ ഷറപ്പോവയുടെ പ്രായം മധുരപ്പതിനേഴ്. തൊട്ടടുത്ത വര്‍ഷം ലോക ഒന്നാംനന്പര്‍. 2006ല്‍ യുഎസ് ഓപ്പണ്‍ കിരീടം. പിന്നീടു വീണ്ടു രണ്ടുവര്‍ഷം കടന്നപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. മൂന്നു ഗ്രാന്‍സ്ലാമും നേടിയിട്ടും വിലക്കപ്പെട്ടൊരു കനി പോലെ ഈ സുന്ദരിക്കു മുന്നില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം വഴിയടഞ്ഞുനിന്നു. അതിനിടെയായിരുന്നു പരുക്കിന്‍റെ നാളുകള്‍. ചുമലിലെ അസഹ്യമായ വേദന അലട്ടിയിട്ടും അവര്‍ കളിക്കളത്തിലെ മിന്നല്‍ച്ചുവടുകളെ പ്രണയിച്ചു. പരുക്ക് എന്തെന്നു കൃത്യമായറിയാതെ നാലുമാസത്തോളം വേദന തിന്നു.

പിന്നീടു 2008 ഒക്‌ടോബറില്‍ ശസ്ത്രക്രിയ. കളിക്കുപോലും ഭീഷണി ആയേക്കാവുന്ന പരുക്കിന്‍റെ കോട്ട തകര്‍ത്ത് അടുത്ത മേയില്‍ അവര്‍ കളിക്കളത്തിലേക്കു തിരികെയത്തി. ഒടുവിലായിരുന്നു ജൂണ്‍ ഒന്‍പതിനു പാരീസിലെ റോളണ്ട് ഗാരോയില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടമുയര്‍ത്തി ചിരിച്ചുനിന്ന സായാഹ്നം. മുന്‍ ലോക ഒന്നാം നന്പര്‍ താരം മോണിക്ക സെലസില്‍നിന്നു കിരീടമേറ്റു വാങ്ങുന്പോള്‍ ഷറപ്പോവയുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ ജ്വലിച്ചു; ഇരട്ടിത്തിളക്കത്തോടെ. മാര്‍ട്ടിന നവരത്തിലോവ, സ്‌റ്റെഫി ഗ്രാഫ്, സെറീന വില്യംസ് എന്നിവരൊക്കെ നേടിയ കരിയര്‍ സ്ലാം നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ വനിതയാണു ഷറപ്പോവ.

വനിതാ ടെന്നിസ് കണ്ട വലിയ താരങ്ങളിലൊരാളായ നവരത്തിലോവ ഷറപ്പോവയെക്കുറിച്ചു പറഞ്ഞതിങ്ങനെ: അവളൊരു സൂപ്പര്‍സ്റ്റാറാണ്. ചുമലിലെ പരുക്കില്‍നിന്നു തിരിച്ചുവരിക അസാധ്യമാണ്. അവളതു സാധ്യമാക്കി. എനിക്കവളോടു മതിപ്പു തോന്നുന്നു. മറ്റൊരിതിഹാസം, ബില്ലി ജീന്‍ കിങ് ഷറപ്പോവയെ ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്: ഞാന്‍ ആദ്യം കാണുന്പോള്‍ 13_ാം റാങ്കിലാണവള്‍. ഒന്നാം റാങ്കിലെത്തണമെന്ന് എല്ലായ്‌പോഴും അവള്‍ പറയുമായിരുന്നു. എനിക്കൊരു സ്റ്റാര്‍ ആകണമെന്ന് ആവര്‍ത്തിച്ച അവളോടു ഞാന്‍ ചോദിച്ചു, എന്താണ് അര്‍ഥമാക്കുന്നത്? കുറെ പണം സ്വന്തമാക്കണമെന്നാണോ? അവള്‍ പറഞ്ഞു, അല്ലേയല്ല, എനിക്കു ലോക ഒന്നാം നന്പരാകണം. അതാണു സ്റ്റാര്‍!

പണമല്ല എല്ലാത്തിലും വലുതെന്നു കരുതുന്ന ഷറപ്പോവ തന്‍റെ പണം സമൂഹത്തിനും ഉപകരിക്കുമെന്നു വിശ്വസിക്കുന്നു. ചെര്‍ണോബില്‍ അണുദുരന്തത്തിന്‍റെ ഇരകള്‍ക്ക് ഒരു കോടിയോളം രൂപ സംഭാവന നല്‍കിയാണു ഷറപ്പോവയുടെ പേരിലുള്ള ഫൗണ്ടേഷന്‍ മാതൃക കാട്ടിയത്. ഏഴുവര്‍ഷം മുന്‍പു ലോക ഒന്നാംനന്പര്‍ താരമായിരുന്ന ഷറപ്പോവ കൈവരിച്ചതു സ്വപ്നസമാനമായ നേട്ടമാണ്. പരുക്കും ശസ്ത്രക്രിയയും കഴിഞ്ഞതോടെ താഴെയെത്തി റാങ്കിങ്. അവിടെനിന്നു പഴയ അതേ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ ടെന്നിസ് ലോകം വീണ്ടും കീഴടക്കി. ഇപ്പോഴിതാ, വീണ്ടും പഴയ ഒന്നാംനന്പരില്‍, മോഹിപ്പിക്കുന്ന അതേ ചിരിയോടെ. പതിനേഴിലും ഇരുപത്തഞ്ചിലും മാറ്റമൊട്ടുമില്ല ആ മന്ദഹാസത്തിന്; മനസ്സിനും കോര്‍ട്ടിലെ ചലനങ്ങള്‍ക്കും കാണികളിലെ ആവേശത്തിനും.

ഇനി പറയൂ, മരിയ ഷറപ്പോവയെ മാറിയ ഷറപ്പോവ എന്നോ മാറാത്ത ഷറപ്പോവ എന്നോ വിളിക്കേണ്ടത്?

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു