Are you unable to read text? Download FontHide
തിരയുക

മറ്റൊരു വടക്കന്‍ വീരഗാഥ

ഭൂപ്രമാണിത്തത്തിനെതിരെ ചുരിക ത്തലപ്പില്‍ വിപ്ളവം സൃഷ്ടിച്ചവ രുടെ ചരിത്ര പാരന്പര്യം പേറുന്ന നാടാണ് കടത്തനാട്. കൈക്കരുത്തും മെയ്‌യൂക്കുംകൊണ്ട് അടര്‍ക്കളത്തില്‍ പോരാടിയ തചേ്ചാളി ഒതേനനും, ആരോമല്‍ ചേകവരും, ഉണ്ണിയാര്‍ച്ചയുടെയും വീരചരിതം വീണുറങ്ങുന്ന  മണ്ണില്‍ അവസാനത്തെപോരാളിയായിരുന്നു കുറൂളി ചെക്കോന്‍.

ചരിത്രത്തില്‍ ഇടം നേടാതെ പോയ വീര പോരാളിയായിരുന്നു ചെക്കോന്‍. 2013 ഫെബ്രുവരി 14ന് ചെക്കോന്‍ കൊലചെയ്‌യപ്പെട്ടിട്ട് നൂറു വര്‍ഷം തികയുകയാണ്.

ഭൂപ്രമാണിമാരോട് മല്ലിട്ട് പാവങ്ങള്‍ക്കു വേണ്ടി അടരാടിയ യുഗപുരുഷന്‍ വിലങ്ങാടിനടുത്ത അടിച്ചിപ്പാറമലയിലെ മരച്ചുവട്ടില്‍ വിശ്രമിക്കുന്പോള്‍ കുറിച്ച്യനായ തെനിയാടന്‍ കുഞ്ഞാനും വേലിയേരി ചന്തുവും ഒരേസമയം അന്പെയ്തും വെടിവച്ചും കൊല്ലുകയായിരുന്നു. ഭൂപ്രമാണിമാര്‍ക്കെതിരെ പോരാടിയതിന് ചെക്കോനെ കുറിച്യരുടെ സഹായത്തോടെ ചതിച്ചുകൊല്ലുകയായിരുന്നു.

ചന്തുവിന്‍റെ സഹോദരി കുംഭയുമായി അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞുപരത്തിയാണ് ഭൂപ്രമാണിമാര്‍ ചതിപ്രയോഗത്തിലൂടെ ചെക്കോനെ കൊലപ്പെടുത്തിയത്.

വാണിമേല്‍ പഞ്ചായത്തിലെ മരണ റജിസ്റ്ററില്‍ 1913 ഫെബ്രുവരി 14ന് വായാട്ട് മലയില്‍ ചെക്കോന്‍ വെടിയേറ്റുമരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാദാപുരത്തെ മുസല്യാര്‍ മന്ത്രിച്ചുനല്‍കിയ ഉറുക്കും നൂലും പുഴക്കരയില്‍ മറന്നുവച്ചതാണ് ചെക്കോന് വെടിയേല്‍ക്കാന്‍ കാരണമെന്ന് പറയുന്നു.

ഉറുക്കും നൂലും കയ്‌യിലുള്ളപ്പോള്‍ ആര്‍ക്കും ചെക്കോനെ ഒന്നും ചെയ്‌യാന്‍ കഴിയിലെ്ലന്നാണ് വിശ്വാസം. കടത്തനാട്ടിലുള്ളവര്‍ക്ക് ചെക്കോന്‍ അന്നും ഇന്നും ധീരയോദ്ധാവാണ്.

പാവപ്പെട്ടവര്‍ ദൈവത്തെപ്പോലെയാണ് ആരാധിച്ചിരുന്നത്.

ഭൂപ്രമാണിമാര്‍ക്ക് ചെക്കോന്‍ പേടിസ്വപ്നവും. ചെക്കോന്‍റെ വീരസ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന വടക്കന്‍പാട്ടുമുണ്ട്.

‘നാടിന്‍റെ മുക്കിലോ മൂലയിലോ
കാട്ടിലോ വീട്ടിലോ മറ്റെങ്ങാനോ
അടിയന്തിരമല്ല അടിയായാലും
ആണുങ്ങളുണ്ടെങ്കില്‍ ചെക്കോനുണ്ടേ
പട്ടിണിയോ വല്ല കഷ്ടപ്പാടോ
നാട്ടിലേടെങ്കിലുമുണ്ടെങ്കിലോ
തുണയുണ്ടവിടെയും ചെക്കോന്‍റെ1862ല്‍ വാണിമേലിലെ വയല്‍പീടികക്കടുത്ത ഇടത്തരം തിയ്‌യകുടുംബത്തിലാണ് ജനനം. ചടേച്ചാങ്കണ്ടിയില്‍ ഒണക്കന്‍, മന്ദി ദന്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനായിരുന്നു ചെക്കോന്‍. മൂത്തവന്‍ രാമനും, അനുജന്‍ കുഞ്ഞിചെ്ചക്കനും. കളരിപ്പയറ്റില്‍ ചെക്കോനെ വെല്ലാന്‍ അക്കാലത്ത് ആരുമുണ്ടായിരുന്നില്ല. കിടഞ്ഞോത്ത് കളരിയിലെ കണ്ണന്‍ ഗുരുക്കള്‍, കതിരൂര്‍ ചന്തു ഗുരുക്കള്‍ എന്നിവരുടെ കീഴിലാണ് അഭ്യാസമുറകള്‍ ശീലിച്ചത്. കളരിയില്‍ 18 അടവുകളും ചെക്കോന്‍ സ്വായത്തമാക്കിയിരുന്നതായി പഴമക്കാര്‍ പറയുന്നു.

പാവപ്പെട്ടവരോടായിരുന്നു ചെക്കോന് ചെറുപ്പത്തിലേ അടുപ്പം.ഇക്കാരണത്താല്‍ ആദിവാസികള്‍ക്ക് ചെക്കോന്‍ കാണപ്പെട്ട ദൈവമായിരുന്നു. ഉല്‍സവങ്ങളും തിറയാട്ടങ്ങളുമായിരുന്നു അക്കാലത്തെ ജനങ്ങളുടെ ആഘോഷം. തിറയാട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ അടിപിടിയും വ്യാപകമായിരുന്നു.

എന്നാല്‍ ചെക്കോനുണ്ടെങ്കില്‍ അക്രമം കാട്ടാന്‍ ആരും മുതിരുമായിരുന്നില്ല. കരുകുളും ചേലാലക്കാവ് ക്ഷേത്രം, കക്കട്ടില്‍ കുഴിക്കലിടം ക്ഷേത്രം, പെരിങ്ങത്തൂര്‍ കുറൂളിക്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ഉല്‍സവം നടത്തിയിരുന്നത് ചെക്കോന്‍റെ മേല്‍നോട്ടത്തിലായിരുന്നു. സന്പന്നരെ കൊള്ളയടിച്ച് പാവങ്ങളെ സഹായിക്കുന്ന ശീലക്കാരനായിരുന്നു അദ്ദേഹം.അക്കാരണത്താല്‍ പ്രമാണിമാര്‍ക്ക് ചെക്കോന്‍ ബദ്ധശത്രുവായി.

നാട്ടില്‍ കൊള്ളയും കളവും വര്‍ധിച്ചപ്പോള്‍ എങ്ങനെയെങ്കിലും ചെക്കോനെ പിടികൂടാന്‍ അധികാരികള്‍ തീരുമാനിച്ചു. അങ്ങനെയാണ് വയനാട്ടിലെ ഒരു സന്പന്നന്‍റെ വീട്ടില്‍ നടന്നമോഷണവുമായി ബന്ധപ്പെടുത്തി ചെക്കോനെ പ്രമാണിമാരും അധികാരികളും ചേര്‍ന്ന് കളളക്കേസില്‍ കുടുക്കിയത്. കോടതി ചെക്കോന് 12 കൊല്ലത്തെ തടവു ശിക്ഷ വിധിച്ചു. ഇതോടെ ചെക്കോന്‍ ഒളിവില്‍പോയി. പിടിച്ചുകൊടുക്കുന്നവര്‍ക്ക് 500 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.

ശിക്ഷാവിധി കഴിഞ്ഞ് 11 കൊല്ലവും ആറ് മാസവും ചെക്കോന്‍റെ ജീവിതം ഒളിവിലായിരുന്നു. കരുകുളം ചേലാലക്കാവ് ഭഗവതിയായിരുന്നു ചെക്കോന്‍റെ ഇഷ്ടദൈവം. അവിടെ ഉല്‍സവ ദിവസം ഭാര്യ ചിരുത വിളന്പിക്കൊടുത്ത ഭക്ഷണം കഴിച്ച് കാട്ടിലേക്ക് പോയ ചെക്കോന്‍ പിന്നീട് തിരിച്ചുവന്നില്ല.

പനച്ചിത്തറ കുങ്കര്‍, ചെറേന്‍ അമ്മദ് എന്നിവരായിരുന്നു ചെക്കോന്‍റെ  ഉറ്റമിത്രങ്ങള്‍. ഇവര്‍ ഒരുമിച്ചായിരുന്നു കളവ് നടത്തിയിരുന്നത്. മോഷണം നാട്ടില്‍ വ്യാപകമാവുന്പോള്‍ അതിന് പിന്നില്‍ ചെക്കോനാണെന്ന് വെളളിയോട്ട് അംശം അധികാരി നരിപ്പറ്റ വേങ്ങോളി ഇല്ലത്തെ മാധവന്‍ നന്പൂതിരിക്ക് അറിയാമായിരുന്നു. ബ്രിട്ടീഷ് പൊലീസിന്‍റെ പിടിയില്‍ നിന്ന് പലതവണ ചെക്കോനെ രക്ഷപ്പെടുത്തിയതും അധികാരിയായിരുന്നു.തികഞ്ഞ അഭ്യാസി എന്നതിലുപരി വേഷം മാറി നടക്കുന്നതിലും ചെക്കോന്‍ അതിസമര്‍ഥനായിരുന്നു. പൊലീസ് നോട്ടമിട്ടതോടെ പല ഉല്‍സവപറന്പുകളിലും വേഷംമാറിയാണ് ചെക്കോന്‍ എത്തിയിരുന്നത്.

വേഷപ്രഛന്നനായി ചെക്കോന്‍ തിറയാട്ട സ്ഥലത്ത് ഉണ്ടാവുമെന്ന് നാട്ടുകാര്‍ക്ക് അറിയാമായിരുന്നുവെങ്കിലും മരണംവരെയും ഒറ്റുകൊടുക്കാന്‍ ആരും തയാറായില്ല. ഒരിക്കല്‍ ചെക്കോനെക്കുറിച്ച് കേട്ടറിഞ്ഞ തലശ്ശേരിക്കാരനായ മജിസ്‌ട്രേട്ട് അഭ്യാസിയായ ഇയാളെ തനിക്ക് കാണണമെന്ന് വാണിമേല്‍ അംശം അധികാരി നന്പൂതിരിയെ അറിയിച്ചു.

അധികാരി ആള്‍ മുഖാന്തിരം ചെക്കോനെ വിവരം അറിയിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ഒരു തമിഴ് ബ്രാഹ്മണന്‍ തലശ്ശേരിയിലെ മജിസ്‌ട്രേട്ടിന്‍റെ വീട്ടില്‍ മുണ്ട് വില്‍ക്കാനെത്തി. ബ്രാഹ്മണില്‍ നിന്ന് മുണ്ടുവാങ്ങിയ മജിസ്‌ട്രേട്ട് അയാളെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഭക്ഷണത്തിന് മുന്‍പ് കുളിക്കുന്ന പതിവുണ്ടെന്ന് പറഞ്ഞ് ഭാണ്ഡക്കെട്ട് മജിസ്‌ട്രേട്ടിന്‍െറ വീട്ടുപടിക്കല്‍ വച്ച് കുളക്കടവിലേക്ക് പോയ ബ്രാഹ്മണനെ പിന്നെ കണ്ടില്ല. കുറേക്കഴിഞ്ഞ് മജിസ്‌ട്രേട്ട് വീട്ടില്‍ സൂക്ഷിച്ച ഭാണ്ഡക്കെട്ട് തുറന്നുനോക്കിയപ്പോള്‍ അതിലെ കുറിമാനം ഇങ്ങനെയായിരുന്നു. താങ്കളെ വന്നുകാണണമെന്ന് അധികാരി അറിയിച്ചിരുന്നു. അതുകൊണ്ടാണ് വന്നത്. ഭാണ്ഡത്തിലെ മുണ്ടും നേര്യതും താങ്കള്‍ക്കും ഭാര്യക്കുമുള്ള ചെക്കോന്‍റെ സമ്മാനമാണ്.

ഒളിവില്‍പോയസമയത്ത് സന്യാസിവേഷത്തിലും ചെക്കോന്‍ സഞ്ചരിച്ചിരുന്നു. കൂത്താളിയിലെ പൂത്തൂര്‍ ഒാമന നന്പ്യാരുടെ വീട്ടില്‍ ഒരുദിവസം ചെക്കോനെത്തിയത് സന്യാസിയുടെ വേഷത്തിലാണ്. ഒാമന നന്പ്യാര്‍ സന്യാസിക്ക് ഭക്ഷണവും വിശ്രമിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. വൈകുന്നേരത്തോടെ സന്യാസിപോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണ് സന്യാസി വിശ്രമിച്ചിരുന്ന സ്ഥലത്തുനിന്നും ഒരു ഒാല കിട്ടിയത്. അത് ഭക്ഷണവും വിശ്രമിക്കാന്‍ സൗകര്യം ചെയ്തതിനും നന്ദി അറിയിച്ചുകൊണ്ടുള്ള എഴുത്തായിരുന്നു. സന്യാസിയുടെ വേഷത്തില്‍ എത്തിയ ചെക്കോനെ കാണന്‍ ഉടന്‍തന്നെ പരിചാരകരെ നന്പ്യാര്‍ അയചെ്ചങ്കിലും കണ്ടെത്താനായില്ല.

അതുപോലെ മറ്റൊരു സംഭവം  ചെക്കോന്‍റെ വിവാഹസമയത്തുമുണ്ടായിരുന്നു. നാദാപുരത്തുകാരി പുളിക്കല്‍ ചിരുതയായിരുന്നു ഭാര്യ. വിവാഹരാത്രി വീട് വളഞ്ഞ് പൊലീസ് ഉള്ളില്‍ കയറി പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ചെക്കോന്‍റെ അമ്മ മന്ദിയോട് ആവശ്യപ്പെട്ടു.

വീട്ടിനുള്ളിലെ പ്രസവിച്ച സ്ത്രീയെ കുളിപ്പിക്കാന്‍ പുറത്തുകൊണ്ടുപോയശേഷം പരിശോധിക്കാമെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. വീട്ടിനുള്ളില്‍ നിന്ന് ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പൊലീസുകാരുടെ മുന്നിലൂടെ തന്നെ ഒാലക്കുടകൊണ്ട് മറച്ച ഒരു സ്ത്രീയെ അമ്മ നടത്തിക്കൊണ്ടുപോയി.

പിന്നീട് വീട്ടിനുള്ളില്‍ കയറി പരിശോധിച്ച പൊലീസിന് ചെക്കോനെ കണ്ടെത്താനായില്ല. സ്ത്രീയുടെ വേഷത്തില്‍പോയത് ചെക്കോനാണെന്ന്  മനസിലായ പൊലീസ് നാലുപാടും തിരച്ചില്‍ നടത്തി.ചെക്കോനാകട്ടെ വയനാടന്‍ മലനിരകളിലേക്ക് രക്ഷപ്പെടുകയും ചെയ്തു. വേഷപ്രഛന്നനായി ചെക്കോന്‍ രക്ഷപ്പെട്ട ഒരുപാട് സംഭവങ്ങള്‍ വേറെയുമുണ്ട്.

പാവങ്ങളെ ചെക്കോന്‍ ഒരിക്കലും ഉപദ്രവിച്ചിരുന്നില്ല. അവരെ അകമഴിഞ്ഞ് സഹായിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. ഒരിക്കല്‍ കടമേരിയിലെ വയല്‍വരന്പിലൂടെ രാത്രി നടന്നുപോവുന്പോള്‍ കുടിലില്‍ നിന്ന് ഒരു സ്ത്രീയുടെ കരച്ചിലും കഷ്ടപ്പാടുകള്‍ പറയുന്നതും കേട്ട ചെക്കോന്‍ കുറേനേരം ആ വീട് ചുറ്റിപ്പറ്റി നിന്നു. പാവപ്പെട്ട ഒരു സ്ത്രീയും വിവാഹപ്രായമെത്തിയ മകളും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് പറയുകയായിരുന്നു. വിവാഹപ്രായമെത്തിയ മകളെ കല്യാണം കഴിച്ചയക്കാന്‍ യാതൊരു ഗതിയുമില്ലാതെ ആ സ്ത്രീ ബുദ്ധിമുട്ടുകയാണെന്ന് ചെക്കോന് മനസിലായി.

അന്ന് രാത്രി തന്നെ അതിനടുത്തുള്ള സന്പന്നനായ പോക്കര്‍ഹാജിയുടെ വീട് കൊള്ളചെയ്‌യാന്‍ ചെക്കോന്‍ തീരുമാനിച്ചു. അടുത്തദിവസം  കുടിലിനുള്ളില്‍ ഭാണ്ഡം നിറയെ പണവും അതിലൊരു കുറിപ്പും കണ്ട സ്ത്രീ അല്‍ഭുതപ്പെട്ടു.

മകളുടെ വിവാഹം നടത്തണം നിങ്ങള്‍ നല്ല നിലയില്‍ ജീവിക്കണം അതിനുള്ള പണം ഇതിലുണ്ട്. ചെക്കോന്‍െ സമ്മാനമാണ്. ചരിത്രത്തില്‍ ഇടം നേടിയ പെരുംകള്ളന്‍ ഇത്തിക്കര പക്കിയെ പോലെയായിരുന്നു ചെക്കോനും. സന്പന്നരെ കൊള്ളയടിച്ചു പാവങ്ങളെ സഹായിക്കലായിരുന്നു ജോലി. പട്ടിണിപ്പാവങ്ങളെ സഹായിക്കാന്‍ പുറമേരികൊയിലോം വകയുള്ള പാനോം മലയില്‍ കുറിച്യരുടെ സഹായത്തോടെ ചേക്കോന്‍ പുനം കൃഷി നടത്തിയിരുന്നു. പാട്ടം കിട്ടാതെ വന്നതോടെ പുറമേരി കോവിലകത്തേക്ക് തന്പുരാന്‍ ചെക്കോനെ വിളിപ്പിച്ചു.

പനച്ചിത്തറ കുങ്കര്‍, അമ്മോറ്റി എന്നിവരോടൊപ്പം ചെക്കോന്‍ വൈകുന്നേരത്തോടെ കോവിലകത്ത് എത്തി. പുനംകൃഷിയില്‍ പകുതിപാട്ടം വേണമെന്ന് തന്പുരാന്‍ ആവശ്യപ്പെട്ടു. അത്രയും കൊടുക്കിലെ്ലന്ന് ചെക്കോനും വാക്കേറ്റത്തിലെത്തിയപ്പോള്‍ രാജകിങ്കരന്‍മാര്‍ ചെക്കോനെ പിടിച്ചുകെട്ടാന്‍ തുനിഞ്ഞു. ചെക്കോനാകട്ടെ അരയില്‍നിന്നു ഉറുമി അഴിച്ച് വീശാനാഞ്ഞു. പെട്ടെന്നുതന്നെ ചെക്കോനെപ്പറ്റി കേട്ടറിഞ്ഞ ഭാര്യ ഉമാദേവി തന്പുരാട്ടി രാജാവിനെ അകത്തേക്ക് കൊണ്ടുപോയി. അതോടെ തന്പുരാനും ചെക്കോനോട് വിദ്വേഷമായി.

ചെക്കോന്‍ പാനോം മലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത്  കുറിച്യനായ ചന്തുവിന്‍റെ പെങ്ങള്‍ കുംഭയാണ് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്. ഇതറിഞ്ഞ പ്രമാണിമാര്‍ ചെക്കോന് കുംഭയുമായി അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞു പരത്തുകയും ചെയ്തു. ചെക്കോന്‍റെ മരണശേഷം കുംഭ ആത്മഹത്യ ചെയ്‌യുകയാണുണ്ടായത്.

ചെക്കോന്‍റെ സ്മരണക്കായി കരുകുളം ചേലാലക്കാവ് ക്ഷേത്രത്തിലും, വായാട് കോളനിയിലും, ചടേച്ചാങ്കണ്ടി തറവാട്ട് ക്ഷേത്രത്തിലും, പെരിങ്ങത്തൂര്‍ കുറൂളിക്കാവിലും വര്‍ഷം തോറും മീനമാസത്തില്‍ ചെക്കോന്‍റെ തിറയുല്‍സവം നടത്താറുണ്ടായിരുന്നു. 1962ന് ശേഷം ചടേച്ചാങ്കണ്ടിയില്‍ തുറയുല്‍സവം നടത്തിയിട്ടിലെ്ലന്ന് വാര്‍ഷികാഘോഷകമ്മിറ്റി ചെയര്‍മാന്‍ സി.കെ. നാണു പറഞ്ഞു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു