Are you unable to read text? Download FontHide
തിരയുക

മന്ദ‘ഹസി’ച്ച് പടിയിറക്കം

മെല്‍ബണ്‍ • ഒാസ്‌ട്രേലിയന്‍ ബാറ്റിങ് നിരയിലെ വന്‍മതിലായ മൈക് ഹസി ടെസ്റ്റ് ക്രിക്കറ്റിനോടു വിടപറയുന്നു. അടുത്തയാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് തന്‍റെ അവസാന ടെസ്റ്റ് ആയിരിക്കുമെന്നു മൈക് ഹസി അറിയിച്ചു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍വേണ്ടിയാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു താന്‍ പാഡഴിക്കുന്നതെന്നും ഹസി വ്യക്തമാക്കി. ഫെബ്രുവരിയില്‍ ഏകദിനത്തില്‍നിന്നും വിടപറയും.

ക്രിക്കറ്റിനോടുള്ള അഭിനിവേശത്തിന്‍റെ പേരില്‍ മിസ്റ്റര്‍ ക്രിക്കറ്റ് എന്ന് ഒാസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന ഹസി തന്‍റെ മികവിന്‍റെ ഒൗന്നത്യത്തിലാണു വിടപറയാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ അഞ്ചു ടെസ്റ്റില്‍ മൂന്നിലും ഹസി സെഞ്ചുറി നേടിയിരുന്നു.
ഇനി ഒാസ്‌ട്രേലിയയ്ക്കുവേണ്ടി കളിക്കുന്നില്ലെന്ന് ആവേശത്തോടെയാണു ഞാന്‍ രാവിലെ കുട്ടികളെ വിളിച്ചറിയിച്ചത്. അവരും സന്തോഷത്തിലായിരുന്നു. പക്ഷേ, ഞാന്‍ കരുതിയപോലെ ഒരു ആവേശം അവരില്‍ കാണാനായില്ല. ഒരുപക്ഷേ, അല്‍പം പകച്ചുപോയിട്ടുണ്ടാവാം _ ഹസി പറഞ്ഞു.

ലോക ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ടോളം കരുത്തോടെ നിറഞ്ഞുനിന്ന ഒാസ്‌ട്രേലിയന്‍ ടീമില്‍ ഇടം കിട്ടാതിരുന്ന മൈക് ഹസി 30_ാം വയസ്സിലാണ് രാജ്യാന്തര ക്രിക്കറ്റിന്‍റെ ക്രീസിലെത്തുന്നത്. 2005ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു അരങ്ങേറ്റം. അപ്പോഴേക്കു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആവോളം റണ്‍സ് വാരിക്കൂട്ടാന്‍ ഹസിക്കു കഴിഞ്ഞിരുന്നു.  

ആദ്യ ടെസ്റ്റില്‍ ഒന്ന്, 29 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അടുത്ത രണ്ടു മല്‍സരങ്ങളിലും തുടര്‍ച്ചയായ സെഞ്ചുറി കണ്ടെത്താന്‍ ഹസിക്കായി. പിന്നീടു 17 എണ്ണംകൂടി ഹസിയുടെ പേരിനൊപ്പം ചേര്‍ന്നു. 2008_09ല്‍ ഫോം നഷ്ടമായി. കഠിനമായ പരിശീലനത്തിന്‍റെ പിന്തുണയോടെ 2010_11 ആഷസ് പരന്പരയില്‍ രണ്ടു സെഞ്ചുറിയോടെ വീണ്ടും ഒാസീസ് ബാറ്റിങ് നിരയുടെ നെടുന്തൂണായി. പിന്നീട് ഒരിക്കല്‍പ്പോലും കൈമോശം വരാത്ത റണ്‍വേട്ടയുമായി രാജ്യാന്തര ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുന്പോഴാണ് ക്രിക്കറ്റ് പ്രേമികളെ അന്പരപ്പെടുത്തിക്കൊണ്ടു വിരമിക്കല്‍ തീരുമാനം കൈക്കൊണ്ടത്.
പ്രതിസന്ധികളില്‍ തളരാത്ത പോരാളിയെയാണ് ഒാസ്‌ട്രേലിയയ്ക്കു നഷ്ടമാകുന്നത്. ശ്രീലങ്കയ്‌ക്കെതിരെ സിഡ്നിയില്‍ ആരംഭിക്കുന്നതു ഹസിയുടെ 79_ാം ടെസ്റ്റ്. 6,183 റണ്‍സ് ഇതുവരെ ഹസിക്കു സ്വന്തം. 51.52 റണ്‍സ് അസൂയാര്‍ഹമായ ശരാശരി. ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സുണ്ട്. ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന പരന്പരയോടെ ഏകദിനത്തില്‍നിന്നും ഹസി വിടപറയും.

ആധിപത്യത്തിന്‍റെ ഒരു പതിറ്റാണ്ടിനുശേഷം മഹാരഥന്മാര്‍ ഒഴിഞ്ഞുപോയ ടീമിന് എക്കാലവും കരുത്തു പകര്‍ന്നതു മധ്യനിരയില്‍ ഹസിയുടെ സാന്നിധ്യമായിരുന്നു. ഇന്ത്യന്‍ പരന്പരയിലും പിന്നീടു നടക്കുന്ന ആഷസ് പരന്പരയിലും ഹസിയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന വിടവു നികത്താന്‍ ഒാസ്‌ട്രേലിയന്‍ ടീമിന് ഏറെ അധ്വാനിക്കേണ്ടിവരും.

എപ്പോഴും പൂര്‍ണമികവ് ആവശ്യപ്പെടുന്ന ഒാസ്‌ട്രേലിയന്‍ ടീമിനൊപ്പമുള്ള ഒാരോ മല്‍സരവും സമ്മര്‍ദത്തിന്‍റേതായിരുന്നുവെന്നു ഹസി പറയുന്നു. എന്നാല്‍, ജീവിതത്തില്‍ ആദ്യമായി ഒട്ടും സമ്മര്‍ദമില്ലാതെ ഒരു ടെസ്റ്റിനു താന്‍ തയാറെടുക്കുകയാണ്. ഒരിന്നിങ്സിന്‍റെ പരാജയംപോലും ടീമിലെ സ്ഥാനം നഷ്ടമാക്കിയേക്കാവുന്ന ഭയത്തിന് ഇനി സ്ഥാനമില്ല. കാരണം, ഇനി ആ ടീമില്‍ താനില്ലല്ലോ!

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു