Are you unable to read text? Download FontHide
തിരയുക

മകളുടെ ചിത്രം കണ്ട് അമ്മ കരഞ്ഞു; സാന്ത്വനവാക്കുകള്‍ കിട്ടാതെ മെറിന്‍റെ സഹപ്രവര്‍ത്തകര്‍

തൊടുപുഴ • മകളുടെ ചിത്രത്തിനു മുന്നില്‍ ഒരുപിടി പൂക്കളുമായി നിന്നപ്പോള്‍ അമ്മയും അച്ഛനും വിതുന്പി. അവരെ സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പതറി.

മൂലമറ്റം പവര്‍ഹൗസില്‍ കഴിഞ്ഞവര്‍ഷമുണ്ടായ പൊട്ടിത്തെറിയില്‍ മരണമടഞ്ഞ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ മെറിന്‍ ഐസക്കിന്‍റെയും സബ് എന്‍ജിനീയര്‍ കെ.എസ്. പ്രഭയുടെയും ഓര്‍മ പുതുക്കുന്നതിനായാണു സഹപ്രവര്‍ത്തകര്‍ ദുരന്തത്തിന്‍റെ ഒന്നാം വാര്‍ഷികദിനത്തില്‍ അനുസ്മരണ ചടങ്ങു സംഘടിപ്പിച്ചത്. മെറിന്‍റെ മാതാപിതാക്കളായ ഐസക്, മാതാവ് മോളി എന്നിവര്‍ ചടങ്ങിനെത്തി.

മെറിന്‍ ഐസക്കിന്‍റെയും കെ.എസ്. പ്രഭയുടെയും ചിത്രങ്ങള്‍ക്കു മുന്‍പില്‍ വിളക്കുകൊളുത്തി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പൂക്കള്‍ അര്‍പ്പിച്ചു. പൂക്കളര്‍പ്പിച്ചശേഷം മകളുടെ ഫോട്ടോയില്‍ കെട്ടിപ്പിടിച്ചു ചുംബിച്ച മെറിന്‍റെ അമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ജീവനക്കാര്‍ വിഷമിച്ചു.

‘‘മെറിന്‍ വിട്ടുപോയതിന്‍റെ വേദന ഇനിയും വിട്ടുമാറിയിട്ടില്ല. ഇവിടെ വച്ചിരിക്കുന്ന എന്‍റെ മോളുടെ പടം എനിക്കു തരണം...-പൊട്ടിക്കരഞ്ഞുകൊണ്ടു കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരോടു മോളി അപേക്ഷിച്ചു.

മകള്‍ മരിച്ച ദുരന്തത്തിന്‍റെ യഥാര്‍ഥ കാരണം വെളിച്ചത്തുകൊണ്ടുവരണമെന്ന ഒരേയൊരു ആഗ്രഹമേയുള്ളുവെന്നു മെറിന്‍റെ പിതാവ് ഐസക് പറഞ്ഞു. കെഎസ്ഇബിയുമായി നിയമയുദ്ധത്തിനില്ല. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയെങ്കിലും വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും എെസക് പറഞ്ഞു.

മേലുകാവ് വാളകം സെന്‍റ് ലൂക്ക്സ് പള്ളിയില്‍ മെറിന്‍ മരിച്ചതിന്‍റെ ഒന്നാം ഓര്‍മദിവസമായ 25നു പ്രത്യേക പ്രാര്‍ഥന നടത്തും. തിരുവനന്തപുരത്തുള്ള പ്രഭയുടെ കുടുംബാംഗങ്ങള്‍ എത്തിയിരുന്നില്ല.

ദുരന്തത്തിനുശേഷം പവര്‍ഹൗസിനുള്ളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ജനറേഷന്‍ ആന്‍ഡ് ട്രാന്‍സ്മിഷന്‍ മെന്പര്‍ മുഹമ്മദ് അലി റാവുത്തര്‍ പറഞ്ഞു. അപകടകാരണത്തെക്കുറിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുവാന്‍ നിര്‍വാഹമില്ല. മെറിന്‍റെ മാതാവിനു പെന്‍ഷന്‍ നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ് എന്‍ജിനീയര്‍മാരായ ഒൌസേപ്പ് ജോസഫ്, ജെ. ബാബുരാജ്, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സിജി ജോസ് എന്നിവരും പങ്കെടുത്തു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു