Are you unable to read text? Download FontHide
തിരയുക

ബോളിവുഡിലെ വിദേശനിക്ഷേപം

രാജ്യത്തേക്കു വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള വഴികളാണു സര്‍ക്കാര്‍ ചര്‍ച്ചചെയ്‌യുന്നത്. രാജ്യത്തെക്കാള്‍ വലിയ സാമ്രാജ്യമായ ഹിന്ദിസിനിമാലോകത്ത് വിദേശനിക്ഷേപം സജീവം. പണത്തിന്‍റെ കാര്യത്തിലല്ല, നായികമാരുടെ കാര്യത്തിലാണിതു കൂടുതല്‍ വെളിവാകുന്നത്. ഹിന്ദിസിനിമാലോകത്തിന് വിദേശ യുവതികളോടു പ്രണയം കടുക്കുകയാണ്. കഴിഞ്ഞ പത്തു പന്ത്രണ്ടു വര്‍ഷത്തിനിടെ നാല്‍പതോളം ‘വെളുത്ത സുന്ദരികള്‍ ബോളിവുഡിലെത്തി; ഇതില്‍ പകുതിയും കഴിഞ്ഞ നാലഞ്ചുവര്‍ഷത്തിനകം. ഇക്കൂട്ടത്തില്‍ ഏറ്റവും തിളങ്ങിയത് സാക്ഷാല്‍ കത്രീന കൈഫ് തന്നെ. 2003ല്‍ കൈസദ് ഗുസ്താദിന്‍റെ ‘ബൂമിലൂടെ വെള്ളിത്തിരയിലെത്തിയതാണു ബ്രിട്ടീഷ് മോഡല്‍ കത്രീന.1969ല്‍ രാജ്കപൂറിന്‍റെ മേരാ നാം ജോക്കറില്‍ റഷ്യന്‍ ബാലേ നര്‍ത്തകിയായിരുന്ന സെനിയാ റയാബിന്‍കിന അഭിനയിചെ്ചങ്കിലും 2001ല്‍ ലഗാനിലൂടെ ബ്രിട്ടിഷ് നടി റേച്ചല്‍ ഷെല്ലിയാണ് വിദേശിപ്പെണ്‍കൊടിവിപ്ളവത്തിന് കളമൊരുക്കിയത്.

ജാക്വിലന്‍ ഫെര്‍ണാണ്ടസ്(ശ്രീലങ്ക),ബാര്‍ബറ മോറി (മെക്സിക്കോ), സാറാ തോംസണ്‍(യുഎസ്), കാന്‍ഡിസ് ബൗഷര്‍(ദക്ഷിണാഫ്രിക്ക), ആലിസ് പാറ്റണ്‍, അരുണ ഷീല്‍ഡ്സ്(ബ്രിട്ടന്‍)എന്നിങ്ങനെ ഒട്ടേറെപ്പേര്‍ സമീപകാലത്തു ശ്രദ്ധനേടിയെങ്കിലും ബോളിവുഡിലേക്കു നായികാനിക്ഷേപം നടത്തുന്ന മുഖ്യ രാജ്യം ബ്രസീല്‍ ആണെന്നു പറയണം. ബ്രൂണ അബ്ദുല്ല, ഗബ്രിയേലാ ബെര്‍ടാന്‍റെ, ഗിസെലി മൊണ്ടെയ്‌റോ, നതാലിയ പിന്‍ഹിറോ, മരിയാ ഗോമസ്, ഇസബെല്‍ ലെയ്‌റ്റെ എന്നിങ്ങനെ അര ഡസന്‍ യുവതികളാണു ഹിന്ദി സിനിമയിലേക്ക് ആ ലാറ്റിന്‍അമേരിക്കന്‍ രാജ്യത്തുനിന്നെത്തിയത്.

ബ്രൂണ അബ്ദുല്ല: കാഷ് എന്ന സിനിമയിലെ എെറ്റം ഡാന്‍സിലൂടെ രംഗത്തെത്തി. 2010ല്‍ എെ ഹേറ്റ് ലവ് സ്‌റ്റോറീസ്, 2011ല്‍ ദേശി ബോയ്സ് എന്നിവയിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ബില്ല2 എന്ന തമിഴ്സിനിമയില്‍ എത്തിയ ബ്രൂണ ഇക്കൊല്ലം ഗ്രാന്‍ഡ് മസ്തി, സല്‍മാന്‍ ഖാന്‍ നായകനായ മെന്‍റല്‍ എന്നീ വന്പന്‍ സിനിമകളില്‍ പ്രധാനറോളുകളിലാണ് അവതരിക്കുക.
ഇസെബല്‍ ലെയ്‌റ്റെ: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഇഷ്ടക്കാരി എന്നറിയപ്പെടുന്ന ഇസെബല്‍ രാജ് പുരോഹിതിന്‍റെ സിക്സ്റ്റീന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തി. പുരാനീ ജീന്‍സ് ആണ് അടുത്ത ചിത്രം.

ഗബ്രിയേലാ ബെര്‍ടാന്‍റെ: 2010ല്‍ ഫാഷന്‍ മോഡലായി ഇന്ത്യയിലെത്തി, ടിവി അവതാരകയായിമാറിയ ഗബ്രിയേല തമില്, തെലുങ്ക് സിനിമകളുടെ കണ്ണിലുണ്ണിയായ ശേഷമാണ് ഹിന്ദിയിലെത്തുന്നത്. ‘ബല്‍വിന്ദര്‍സിങ് ഫോമസ് ഹോ ഗയാ ആകും ആദ്യചിത്രം. ഗിസെലി മൊണ്ടെയ്‌റോ: സെയ്ഫ്_ദീപിക ചിത്രമായ ലവ് ആജ് കലില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ ഗിസെലി 2011ല്‍ ഷാറുഖ് ഖാന്‍ നിര്‍മിച്ച ഒാള്‍വേയ്സ് കഭി കഭി എന്ന ചിത്രത്തിലും അഭിനയിച്ചു. ഒട്ടേറെ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും താരമായി. നതാലിയ പിന്‍ഹിറോ: ഫാഷന്‍ കലണ്ടര്‍ മോഡല്‍ ആയി രംഗത്തെത്തിയ നതാലിയ കന്നഡസിനിമയിലാണ് ആദ്യം അഭിനയിച്ചത്. അമിതാഭ് ബച്ചനും സഞ്ജയ് ദത്തും അഭിനയിച്ച ഡിപ്പാര്‍ട്‌മെന്‍റില്‍ നതാലിയ എെറ്റം ഡാന്‍സ് നടത്തി.

മരിയാ ഗോമസ്: തീന്‍പട്ടിയിലെ ഹിറ്റ് എെറ്റം സോങ്ങിലൂടെ താരമായ മരിയ ‘ദം മാരോ ദം എന്ന ചിത്രത്തിലും ശ്രദ്ധേയയായി. ഇന്ത്യയുമായി സന്പദ്‌വ്യവസ്ഥയില്‍ സാമ്യമുള്ള രാജ്യമാണു ബ്രസീല്‍. വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളെ ഒരു ഗ്രൂപ്പാ(ബ്രിക്)യാണു വിശേഷിപ്പിക്കുന്നതും. ഇതാണു ബോളിവുഡിനെയും ബ്രസീലിനെയും കൂട്ടിയിണക്കുന്ന കണ്ണി എന്നു പറയാനാവില്ലെന്നുമാത്രം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു