Are you unable to read text? Download FontHide
തിരയുക

ബേപ്പൂര്‍ സുല്‍ത്താന്‍റെ ഒാര്‍മകള്‍ക്ക് ഇന്ന് 18 വയസ്സ്

കോഴിക്കോട്• കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ യാത്രയായിട്ട് ഇന്ന് 18 വര്‍ഷം. അച്ചടിമഷി ഏറെപ്പുരണ്ട മാങ്കോസ്റ്റിന്‍ മാവിനും ചാരുകസേരയ്ക്കും അവകാശിയില്ലാതെ പോയെങ്കിലും അനുവാചക ഹൃദയങ്ങളില്‍ ബഷീര്‍ അനശ്വരനാണ്. മലയാളികളുടെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരന്‍, രമണനു ശേഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകങ്ങളുടെ രചയിതാവ്... ബേപ്പൂര്‍ സുല്‍ത്താന് വിശേഷണങ്ങള്‍ ഏറെ.

മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ലോക സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. 1910ല്‍ കോട്ടയം ജില്ലയിലെ തലയോലപ്പറന്പിലാണ് ജനനം. 1994ല്‍ അന്തരിച്ചു. ബഷീറിന്‍റെ ന്‍റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട്, ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്‍റെ മകള്‍, ആനവാരിയും പൊന്‍കുരിശും, മതിലുകള്‍, വിശപ്പ്, പ്രേമലേഖനം തുടങ്ങിയ കൃതികളൊക്കെ ഏവര്‍ക്കും സുപരിചിതം.

ജീവിതത്തെ തുറന്നുകാട്ടുന്നു എന്നതാണ് ബഷീറിന്‍റെ കൃതികളുടെ പ്രത്യേകത. നന്മയിലും സ്‌നേഹത്തിലും അടിയുറച്ചുജീവിക്കാന്‍ പ്രേരണ തരുന്ന ഉല്‍കൃഷ്ടമായ രചനകളാണ് അദ്ദേഹത്തിന്‍റേത്. അവയുടെ പാരായണം നമ്മെ വിമലീകരിക്കും. ‘ഒരു മനുഷ്യന്‍ എന്ന കഥ ആര്‍ക്കാണ് മറക്കാന്‍ കഴിയുക.

ഞാന്‍ ആരോടാണ് സംസാരിക്കുന്നത്... വിഴുങ്ങുവാന്‍ സന്നദ്ധനായി വാപൊളിച്ചുനില്‍ക്കുന്ന കിണറിനോടാണോ.. വൃക്ഷങ്ങള്‍, വീട്, വായു, ഭൂമി, ആകാശം.. ആരോടാണ് എന്‍റെ മനസ്സിലെ അസ്വസ്ഥതയോടാണോ ഞാന്‍ വിചാരിച്ചു. ഒരാശയത്തോടാണ് ഞാന്‍ സംസാരിക്കുന്നത്.വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്തമായ ‘നീലവെളിച്ചം എന്ന കഥയിലെ ഒരു ഭാഗമാണിത്.

അങ്ങനെ നിങ്ങള്‍ ഒരപകടത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു. കാലം വളരെ കഴിഞ്ഞുപോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ നിങ്ങള്‍ ഒാര്‍ക്കും. അയാള്‍ എന്തിനങ്ങനെ ചെയ്തു.-‘ഒരു മനുഷ്യന്‍ എന്ന കഥയിലെ ഭാഗം ഇങ്ങനെ.

ഭൂമിയുടെ അവകാശികളെപ്പറ്റി ബഷീര്‍ പറയുന്നത് കേള്‍ക്കൂ...
‘‘ഇൗ ഏരിയയില്‍ അയ്‌യായിരത്തിലധികം കുറുക്കന്‍മാരുണ്ട്. സന്ധ്യയായാല്‍ ഇവന്‍മാരൊക്കെ പാട്ടുപാടാന്‍ തുടങ്ങും. അന്‍പതോളം കുറുക്കന്‍മാര്‍ ഇൗ മുറ്റത്തേക്ക് ആഗതരാകും. അവര്‍ക്കു പേടിയൊന്നുമില്ല. മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് കുറുക്കന്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് വാവല്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് മൂര്‍ഖന്‍... എല്ലാവരുമുണ്ട്.

ഇതേപോലെ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ അദ്ദേഹത്തിന്‍റെ കൃതികളില്‍ കണ്ടെത്താന്‍ കഴിയും. അവയൊക്കെയും മനുഷ്യന്‍റെ ഉള്ളിലെ സത്യസന്ധമായ വിചാരങ്ങളായിരിക്കുകയും ചെയ്‌യും. മനുഷ്യമനസ്സിന്‍റെ ആഴങ്ങളുടെ ആവിഷ്കാരമാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ രചനകള്‍.  ആരെയും ആകര്‍ഷിക്കുന്ന അതീവ ലളിതമായ ഭാഷയാണ് അദ്ദേഹത്തിന്‍റെ കൃതികളെ വ്യത്യസ്തമാക്കുന്നത്.

ചുമട്ടുകാരന്‍, കുശിനിക്കാരന്‍, മുറിവൈദ്യന്‍, ഹോട്ടല്‍ തൊഴിലാളി, കപ്പല്‍ തൊഴിലാളി, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സന്യാസി, കണക്കപ്പിള്ള, കൈനോട്ടക്കാരന്‍, മല്‍സ്യത്തൊഴിലാളി, മോട്ടോര്‍ വര്‍ക്‌ഷോപ്പിലെ ഗേറ്റ് കീപ്പര്‍, ന്യൂസ് പേപ്പര്‍ ഏജന്‍റ്, മാജിക്കുകാരന്‍റെ അസിസ്റ്റന്‍റ്, പഴക്കച്ചവടക്കാരന്‍, കന്പൗണ്ടര്‍ എന്നിങ്ങനെ ബഷീര്‍ ചെയ്‌യാത്ത ജോലികളില്ലായിരുന്നു.

എഴുത്തുകാരന്‍, സ്വാതന്ത്ര്യസമര സേനാനി, പ്രകൃതി സ്‌നേഹി.... ഇനിയും എത്രയോ വിശേഷണങ്ങള്‍... എല്ലാറ്റിനുമുപരി തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയായിരുന്നു ബഷീര്‍. ഇൗ അണ്ഡകടാഹത്തിലെ കാക്കത്തൊള്ളായിരം ജീവജാലങ്ങളെ അദ്ദേഹം സ്‌നേഹിച്ചു. താനും അവരിലൊരാളാണെന്നു വിശ്വസിച്ചു. പ്രകൃതിയെ അമ്മയെപ്പോലെ കരുതി. സര്‍വചരാചരങ്ങളും ഇൗ ഭൂമിയുടെ അവകാശികളാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

ഇമ്മിണി ബല്യ ബഷീര്‍ കടലാസില്‍ കോറിയിട്ട ജീവിതസന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കി മലയാളത്തിന്‍റെ ആ സ്വന്തം സുല്‍ത്താന് നമുക്ക് ഒാര്‍മപ്പൂക്കളര്‍പ്പിക്കാം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു