Are you unable to read text? Download FontHide
തിരയുക

പ്രണബിനെതിരെ സാങ്മ

ന്യൂഡല്‍ഹി • ലോക്സഭാ മുന്‍ സ്പീക്കര്‍ പി.എ. സാങ്മ എന്‍സിപിയില്‍ നിന്നു രാജിവച്ചതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കാന്‍ സാധ്യത തെളിഞ്ഞു. അണ്ണാ ഡിഎംകെയും ബിജു ജനതാദളും (ബിജെഡി) സാങ്മയുടെ സ്ഥാനാര്‍ഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ ഇനിയും തീരുമാനമെടുത്തിട്ടില്ല. എ.പി.ജെ. അബ്ദുല്‍ കലാം പിന്‍വാങ്ങിയതോടെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനും നിലപാടിലെത്തേണ്ടതുണ്ട്.

സാങ്മയെ തള്ളാനും കൊള്ളാനുമാവാത്ത ധര്‍മസങ്കടത്തിലാണു ബിജെപി. പ്രതിപക്ഷ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ മറ്റൊരാള്‍ തല്‍ക്കാലം രംഗത്തില്ല. സാങ്മയെ പിന്തുണയ്ക്കുക വഴി അണ്ണാ ഡിഎംകെ, ബിജെഡി എന്നീ കക്ഷികളെ എന്‍ഡിഎയോടു വീണ്ടും അടുപ്പിക്കാം എന്ന പ്രത്യക്ഷ ഗുണവുമുണ്ട്. എന്നാല്‍ സഖ്യകക്ഷികളായ ജെഡിയു, ശിവസേന, അകാലി ദള്‍ എന്നിവര്‍ക്കു പ്രണബിനോടാണു താല്‍പര്യം. ചഞ്ചലചിത്തയായ മമതയുടെ പിന്തുണ ഉറപ്പിക്കാവുന്നതുമല്ല. നേട്ടത്തെക്കാളേറെ പാളയത്തിലെ പടയാണു പ്രതിപക്ഷ സഖ്യത്തിനു നേതൃത്വംനല്‍കുന്ന ബിജെപിക്കു മുന്നിലുള്ളത്.

ഇതിനിടെ, രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാടു തീരുമാനിക്കാന്‍ ഇടതു പാര്‍ട്ടികളും സിപിഎം പൊളിറ്റ് ബ്യൂറോയും ഇന്നു യോഗം ചേരും. ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിന് അവര്‍ക്കു സൈദ്ധാന്തിക ബുദ്ധിമുട്ടുകളുണ്ട്. യുപിഎയുടെ സാന്പത്തിക നിലപാടുകളോടു ശക്തമായ വിയോജിപ്പുണ്ടെങ്കിലും പ്രണബിനോടു രാഷ്ട്രീയാതീതമായ സുഹൃദ്ബന്ധവും ഇടതു നേതാക്കളില്‍ പലര്‍ക്കുമുണ്ട്. ബംഗാളിന്‍റെ ആദ്യ രാഷ്ട്രപതിയെന്ന പൊതുവികാരവും തള്ളിക്കളയാനാവില്ല. അനുകൂലിച്ചിലെ്ലങ്കിലും എതിര്‍ക്കാതിരിക്കാനാവും ഇടതു മനസ്സ്. 11 എംപിമാരും 86 എംഎല്‍എമാരുമുള്ള തെലുങ്കുദേശവും പ്രണബിനെ പിന്തുണയ്ക്കുമെന്ന സൂചന നല്‍കി. ശിവസേന നേരത്തേ തന്നെ പ്രണബിനൊപ്പമെന്നു പ്രഖ്യാപിച്ചിരുന്നു. കലാമിനെപ്പോലെ സാങ്മയും പിന്മാറണമെന്നാണു സേനയുടെ നിലപാട്.

ഏകപക്ഷീയ വിജയത്തിനു വഴിതെളിയുന്നതിന്‍റെ സന്തോഷത്തിലാണു കോണ്‍ഗ്രസ്. ഒൌദ്യോഗിക പ്രചാരണം തുടങ്ങുന്നതിനു മുന്‍പുതന്നെ പ്രണബ് രാഷ്ട്രീയഭേദമെന്യേ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായി സന്പര്‍ക്കത്തിലാണ്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തൃണമൂലിലെ വിമത നേതാവ് കബീര്‍ സുമന്‍ പ്രണബിനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ, പ്രണബ് മുഖര്‍ജി പാര്‍ട്ടി പിളര്‍ത്താനൊരുങ്ങുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ രംഗത്തിറങ്ങിയിട്ടുമുണ്ട്. പ്രണബ് തന്നെ വിളിച്ചതു വോട്ടുചോദിക്കാനല്ല, അസുഖവിവരം തിരക്കാനായിരുന്നുവെന്നു സുമന്‍ പറഞ്ഞു. ബംഗാള്‍ വികാരം മമതയ്ക്കു വീണ്ടുവിചാരമുണ്ടാക്കുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ ബിജെപി വിരുദ്ധ നിലപാടില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയവും കോണ്‍ഗ്രസ് കാണുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി മതേതര നേതാവാകണം എന്നു നിതീഷ് പറഞ്ഞത് എന്‍ഡിഎയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വിയുടെ ഒൌദ്യോഗിക പ്രതികരണം. എന്നാല്‍ ബിഹാറിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഗുല്‍ചന്‍ സിങ് ചരക് നിതീഷിനെ യുപിഎയിലേക്കും കോണ്‍ഗ്രസിലേക്കും സ്വാഗതം ചെയ്‌യാന്‍ മടിച്ചില്ല.

ജനതാ പാര്‍ട്ടി പ്രസിഡന്‍റ് സുബ്രഹ്മണ്യന്‍ സ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു സാങ്മയുടെ രാജി. വിനാശകാരിയായ രാഷ്ട്രീയ നീക്കങ്ങള്‍ക്കു കുപ്രസിദ്ധനായ സ്വാമിയുടെ പാര്‍ട്ടി എന്‍ഡിഎ സഖ്യകക്ഷിയാണ്. സ്വന്തം പാര്‍ട്ടിയുടെ പിന്തുണ തേടുന്നതില്‍ പരാജയപ്പെട്ടതോടെയാണു സാങ്മ രാജിക്കു നിര്‍ബന്ധിതനായത്. എന്‍സിപി സ്ഥാപകനേതാവായ സാങ്മയുടെ രാജി ശരദ് പവാര്‍ സ്വീകരിച്ചു. രാജിവച്ചിലെ്ലങ്കില്‍ സാങ്മയെ പുറത്താക്കുകയായിരുന്നു എന്‍സിപിക്കു പോംവഴി.

പ്രണബ് ഒരു ‘പ്രസ്ഥാനം
രാഷ്ട്രീയക്കാരനാകും മുന്‍പു പത്രപ്രവര്‍ത്തകനും കോളജ് അധ്യാപകനുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി (76), രാഷ്ട്രീയത്തിലെ ഉയര്‍ച്ചത്താഴ്ചകള്‍ കണ്ട വ്യക്തിത്വമാണ്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നിട്ടും പില്‍ക്കാലത്തു പ്രണബിനെ രാജീവ് ഗാന്ധി തഴഞ്ഞു. ഇടക്കാലത്തു രാഷ്ട്രീയം വിട്ട പ്രണബ് 1991ല്‍ നരസിംഹറാവു പ്രധാനമന്തിയായപ്പോള്‍ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായി. രണ്ടാം ഇന്നിങ്സ് പ്രണബ് ഉജ്വലമാക്കി. ആ വിജയപാതയാണ് ഇപ്പോള്‍ റെയ്സിനാ ഹില്‍സിലേക്കു തുറക്കുന്നത്.

ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ 1935 ഡിസംബര്‍ 11നു ജനനം. അറുപതുകളുടെ മധ്യത്തോടെ ബംഗാള്‍ കോണ്‍ഗ്രസിലെ നേതൃനിരയില്‍. 1969 മുതല്‍ ദീര്‍ഘകാലം രാജ്യസഭയില്‍. 73ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ഉപമന്ത്രി; 74ല്‍ സഹമന്ത്രി, 75_77ല്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രി; 1980ല്‍ ക്യാബിനറ്റ് മന്ത്രി. 1982_84ല്‍ ധനമന്ത്രി. 1993ല്‍ വാണിജ്യമന്ത്രി. 1995_96ല്‍ റാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രി.

2004ല്‍ ആണ് ആദ്യമായി ലോക്സഭയിലേക്കു ജയിക്കുന്നത്. അന്നുമുതല്‍ കോണ്‍ഗ്രസിന്‍റെ ലോക്സഭാകക്ഷി നേതാവാണ്. ഒന്നാം യുപിഎ മന്ത്രിസഭയില്‍ ആദ്യം പ്രതിരോധവകുപ്പും പിന്നീടു വിദേശകാര്യവും ഒടുവില്‍ ധനകാര്യവും കൈകാര്യം ചെയ്തു. രണ്ടാം യുപിഎ മന്ത്രിസഭയില്‍ 2009 മുതല്‍ തന്നെ ധനകാര്യ വകുപ്പിന്‍റെ ചുമതല.

സാങ്മ: കൂടുവിട്ട് കൂടണയാന്‍
പൂര്‍ണോ അഗിതോക് സാങ്മ എന്ന പി.എ. സാങ്മയ്ക്കു രാഷ്ട്രീയം ഏറ്റുമുട്ടലിന്‍റേതാണ്. പദവികളും രാജികളും സാങ്മയ്ക്കു പുത്തരിയല്ല. മേഘാലയയിലെ ഗാരോ കുന്നുകള്‍ക്കിടയിലെ ചന്പാത്തി ഗ്രാമത്തിലെ നിര്‍ധന കുടുംബത്തില്‍ 1947 സെപ്റ്റംബര്‍ ഒന്നിനു ജനനം. പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി ഉന്നത വിദ്യാഭ്യാസം. വക്കീലായി പ്രാക്ടീസ് ചെയ്‌യുന്പോള്‍ യൂത്ത് കോണ്‍ഗ്രസിലെത്തി. സഞ്ജയ് ഗാന്ധിയുമായുള്ള അടുപ്പം ഇന്ദിരയുമായും രാജീവ് ഗാന്ധിയുമായും തുടര്‍ന്നു.

ടുറ ലോക്സഭാ സീറ്റ് കുത്തകയാക്കി സാങ്മ വിജയം ആവര്‍ത്തിച്ചു. ഇന്ദിര _ രാജീവ് മന്ത്രിസഭകളില്‍ സഹമന്ത്രി, മേഘാലയ മുഖ്യമന്ത്രി, നരസിംഹറാവു മന്ത്രിസഭയില്‍ തൊഴില്‍മന്ത്രി. നാല്‍പത്തിയൊന്‍പതാം വയസ്സില്‍ ലോക്സഭാ സ്പീക്കറായതോടെ ആ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയായി. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് വിട്ട് 1999ല്‍ ശരദ് പവാറിനൊപ്പം എന്‍സിപി രൂപവല്‍ക്കരിച്ചു. പിന്നീടു പവാറിനോടു പടവെട്ടി മമതയ്‌ക്കൊപ്പം നാഷണലിസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസുണ്ടാക്കി. വീണ്ടും രാജി കാറ്റില്‍പ്പറത്തി എന്‍സിപിയിലെത്തി. രാഷ്ട്രപതി പദത്തിലേക്കുള്ള മല്‍സരത്തില്‍ സാങ്മ ഒരിക്കല്‍ക്കൂടി രാജി ആവര്‍ത്തിച്ചു _ എന്‍സിപിയില്‍ നിന്ന്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു