Are you unable to read text? Download FontHide
തിരയുക

പൊടിമാറിയ ചരിത്രം

ചരിത്രം അതിന്‍റെ പൊടിതട്ടിക്കളയുന്പോള്‍ തെളിയുന്ന ചിത്രത്തില്‍ ഒരു കൊടുവള്ളിക്കാരന്‍റെ കയെ്‌യാപ്പുണ്ട്... പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുഷറഫ് മുതല്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ വരെയുള്ള പ്രമുഖര്‍ക്ക് ഇന്ത്യയുടെ ചരിത്രവിസ്മയങ്ങള്‍ പരിചയപ്പെടുത്തിക്കൊടുത്ത കെ.കെ. മുഹമ്മദ് എന്ന മലയാളി, ഒൗദ്യോഗിക ജീവിതത്തിന്‍റെ കുപ്പായമഴിക്കുന്പോള്‍ പറയാന്‍ കഥകളേറെ... പുരാവസ്തുക്കള്‍ പൊടിതട്ടിയെടുത്ത് അവയുടെ വിവരങ്ങള്‍ റജിസ്റ്ററില്‍ കുറിച്ചിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ല അദ്ദേഹം. കണ്ടെടുത്തവ സംരക്ഷിക്കപ്പെടണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു. അതിനുവേണ്ടി ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ഏതറ്റം വരെ പൊരുതാനും ചങ്കൂറ്റംകാട്ടി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യയുടെ (എഎസ്ഐ) റീജനല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് 30നു വിരമിക്കുകയാണ് കെ.കെ. മുഹമ്മദ്.

മുസല്യാരും മുഹമ്മദും
കൊടുവള്ളി എന്ന നാട്ടിന്‍പുറത്തെ മുസല്യാരായി മകന്‍ മുഹമ്മദ് മാറണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. പഠനകാലത്ത് ഉമയന്നൂര്‍ ബാലകൃഷ്ണപിള്ളയുടെ ‘ഇന്ത്യയുടെ ഹൃദയത്തിലൂടെ എന്ന പുസ്തകം വായിച്ച മുഹമ്മദ് ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രംപോലെ മനസ്സില്‍ കണ്ടു; ചരിത്രത്തിന്‍റെ നിറംമങ്ങിയ കാഴ്ചകള്‍. ചരിത്രത്തോട് അന്നു തോന്നിയ അടുപ്പം, മുഹമ്മദിനെ ചെന്നെത്തിച്ചത് ചരിത്രമുറങ്ങുന്ന അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍. അവിടെ ചരിത്രവിദ്യാര്‍ഥിയായ മുഹമ്മദിനു കൂട്ടുണ്ടായിരുന്നത് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.

150 മലയാളി വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ക്യാംപസിലെ മലയാളി സംഘടനയുടെ സെക്രട്ടറിയായി അബ്ദുറബ്ബും ജോയിന്‍റ് സെക്രട്ടറിയായി മുഹമ്മദും പ്രവര്‍ത്തിച്ചു. ആറുവര്‍ഷത്തെ പഠനജീവിതത്തിനൊടുവില്‍ അലിഗഡിലെ അസിസ്റ്റന്‍റ് ആര്‍ക്കിയോളജിസ്റ്റ് ആയി ചുമതലയേറ്റു. 40 വര്‍ഷത്തെ ചരിത്രജീവിതത്തിന്‍റെ തുടക്കമായിരുന്നു അത്. തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യയില്‍. അവിടുന്നങ്ങോട്ടുള്ള മുഹമ്മദിന്‍റെ ജീവിതം, ചരിത്രത്തിലേക്കുള്ള ചവിട്ടുപടികളാണ്.

ചരിത്രത്തിന്‍റെ വഴിയേ
എല്ലാ മതങ്ങളിലെയും നല്ലവശം ചേര്‍ത്ത് അക്ബര്‍ ചക്രവര്‍ത്തി ദിന്‍ ഇലാഹി എന്ന മതത്തിനു രൂപം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി ഫത്തേപ്പുര്‍ സിക്രിയില്‍ അദ്ദേഹം ക്രിസ്ത്യന്‍ പള്ളി നിര്‍മിച്ചു. ഉത്തരേന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി. കാലക്രമേണ മണ്‍മറഞ്ഞ പള്ളി കണ്ടെടുത്തത് മുഹമ്മദിന്‍റെ ചരിത്രജീവിതത്തിലെ പൊന്‍തൂവല്‍.

അയോധ്യയുടെ ചരിത്രം ചികഞ്ഞെടുക്കാനുള്ള ആദ്യസംഘത്തില്‍ മുഹമ്മദ് അംഗമാകുന്നത് 1977-78 കാലയളവില്‍. തര്‍ക്കഭൂമിയുടെ മണ്ണില്‍നിന്നു കുഴിചെ്ചടുത്ത ചരിത്രസത്യങ്ങള്‍ മുഹമ്മദിന്‍റെ മനസ്സില്‍ ആഴത്തില്‍ വേരോടി. പിന്നാലെ, മുഹമ്മദിനെ ഗോവയിലേക്കു സ്ഥലം മാറ്റി. അവിടെ മുഹമ്മദിനെ കാത്തിരുന്നത് ഒരു ക്രിസ്ത്യന്‍ പള്ളിയുടെ ചരിത്ര സൂക്ഷിപ്പുകള്‍. സെന്‍റ് സേവ്യേഴ്സ് നോവിനോയുടെ സ്മാരകം നിലനിര്‍ത്തി പരിപാലിക്കുന്നതില്‍ മുഹമ്മദ് നിര്‍ണായക പങ്ക് വഹിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യയില്‍ ആദ്യനിയമനം ചെന്നൈയിലായിരുന്നു.

ചന്പല്‍ക്കാടുകളിലൂടെ...
മുഹമ്മദിന്‍റെ ഒൗദ്യോഗിക ജീവിതരേഖയില്‍ തങ്കലിപികളില്‍ കുറിച്ചിടേണ്ടതാണ് ചന്പല്‍ അനുഭവങ്ങള്‍. 2004-08ല്‍ ഭോപ്പാലില്‍ സുപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായി പ്രവര്‍ത്തിക്കുന്ന കാലം. കൊള്ളക്കാര്‍ അരങ്ങുവാണ ചന്പല്‍ക്കാട്ടില്‍ ബടേശ്വര്‍ മേഖലയില്‍ ഇരുന്നൂറോളം ക്ഷേത്രങ്ങളുടെ അവശിഷ്ടമാണു മുഹമ്മദ് കണ്ടെടുത്തത്.

കൊള്ളത്തലവന്‍ നിര്‍ഭയ് ഗുജ്ജറിനെ ക്ഷേത്രങ്ങളുടെ പ്രധാന്യം പറഞ്ഞു ബോധ്യപ്പെടുത്തി, അവ പുനര്‍നിര്‍മിക്കാന്‍ മുഹമ്മദ് നടപടിയെടുത്തു. കൊള്ളക്കാരെ ഏറ്റുമുട്ടലിലൂടെ പൊലീസ് വധിചെ്ചങ്കിലും ഖനിമാഫിയ ക്ഷേത്രങ്ങള്‍ക്കു ഭീഷണിയായി. ഖനനം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ഒട്ടേറെ കത്തയചെ്ചങ്കിലും ഫലം കാണാതെ വന്നപ്പോള്‍, ആര്‍എസ്എസ് മേധാവി സുദര്‍ശനു മുന്നില്‍ വിഷയം അവതരിപ്പിക്കാന്‍ മുഹമ്മദ് തീരുമാനിച്ചു. ‘മുഹമ്മദ് ഗോറി ക്ഷേത്രങ്ങള്‍ തകര്‍ത്തതു ചരിത്രത്തിലായിരുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനം ഇതാ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നു - സുദര്‍ശന് അയച്ച കത്തില്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി.24 മണിക്കൂറിനകം ഖനിമാഫിയയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ഷാജഹാനു സ്‌നേഹപൂര്‍വം
2002-03ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി അവതരിപ്പിച്ച ആഗ്ര ഹെറിറ്റേജ് കോറിഡോര്‍ പദ്ധതിക്കെതിരെ അണിനിരന്ന സംഘത്തില്‍ മുഹമ്മദുമുണ്ടായിരുന്നു. താജ്മഹലിനും ആഗ്രക്കോട്ടയ്ക്കുമിടയില്‍ 175 കോടി രൂപ ചെലവില്‍ ഇരുന്നൂറോളം ബഹുനില മന്ദിരങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കെതിരെ ചരിത്ര പ്രാധാന്യത്തിന്‍റെ മുദ്രാവാക്യമുയര്‍ത്തി മുഹമ്മദ് രംഗത്തെത്തി. പ്രിയതമയുടെ സ്മാരകമായ താജ്മഹല്‍ ആഗ്രക്കോട്ടയില്‍ മകന്‍ ഒൗറംഗസീബിന്‍റെ തടവില്‍ കഴിയുന്പോള്‍ ഷാജഹാന്‍ കണ്ടിരുന്നത് ചെറു ജാലകപ്പഴുതിലൂടെയായിരുന്നുവെന്ന മുഹമ്മദിന്‍റെ വാദം അംഗീകരിക്കപ്പെട്ടു. പദ്ധതി ഉപേക്ഷിക്കാന്‍ അലഹബാദ് കോടതി പിന്നീട് ആവശ്യപ്പെട്ടു. ആഗ്രക്കോട്ടയിലെ ജാലകപ്പഴുതിലൂടെ നോക്കിയാല്‍ താജ്മഹലിന്‍റെ സുന്ദരദൃശ്യം ഇന്നും കാണാന്‍ കഴിയുന്നതിനു മുഹമ്മദിനോടു നന്ദി പറയാം.

ശിവരാത്രിയിലെ അതിഥി
ലോകത്തിലെ ഏറ്റവുംവലിയ ശിവലിംഗം സ്ഥിതിചെയ്‌യുന്നതു ബോജ്പൂരിലാണ്. രാജാവായ ബോജ്പൂര്‍ രാജ് ആണ് ശിവലിംഗം നിര്‍മിച്ചത്. കണക്കില്‍ വിദഗ്ധനായിരുന്നെങ്കിലും ശിവലിംഗ നിര്‍മാണവേളയില്‍ രാജാവിനു കണക്കുപിഴച്ചു. കണക്കിലെ പിഴവുമൂലം ശിവലിംഗത്തിനു നിര്‍മിച്ച മേല്‍ക്കൂര തകര്‍ന്നുവീണു. നൂറ്റാണ്ടുകള്‍ മഴയും വെയിലുമേറ്റ് നാശത്തിന്‍റെ വക്കിലെത്തിയ ശിവലിംഗത്തിനു മേല്‍ക്കൂര നിര്‍മിക്കാന്‍ മുന്‍കയെ്‌യടുത്തതു മുഹമ്മദാണ്. ശിവലിംഗം സംരക്ഷിക്കാന്‍ മുഹമ്മദ് സ്വീകരിച്ച നടപടികള്‍ ബോജ്പൂര്‍ നിവാസികള്‍ നെഞ്ചിലേറ്റി. അങ്ങനെ ബോജ്പൂരിലെ ശിവരാത്രി മഹോല്‍സവത്തില്‍ ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം അതിഥിയായി.

നക്സല്‍ ബാരിയില്‍
ഛത്തീസ്ഗഢിലെ രാജ്പൂരിലെ സാംലൂ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള മുഹമ്മദിന്‍റെ ശ്രമങ്ങള്‍ക്കു മാവോയിസ്റ്റുകള്‍ ഭീഷണിയായി. തടസ്സം നീക്കാന്‍ മാവോയിസ്റ്റുകളുമായി മുഹമ്മദ് ചര്‍ച്ചയ്ക്കിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വഴി ഗ്രാമവാസികള്‍ക്കു തൊഴില്‍ നല്‍കാമെന്നും കൃത്യമായി ശന്പളം ലഭ്യമാക്കാമെന്നുമുള്ള മുഹമ്മദിന്‍റെ ഉറപ്പില്‍ മാവോയിസ്റ്റുകള്‍ വഴങ്ങി. ചരിത്രപ്രാധാന്യമുള്ള സാംലൂ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കപ്പെട്ടു.

രാജ്യതലസ്ഥാനത്തേക്ക്
സര്‍വീസിന്‍റെ അവസാന കാലയളവില്‍ മുഹമ്മദിനെ ഡല്‍ഹി വിളിച്ചത് ചരിത്ര നിയോഗത്തിനായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് തലസ്ഥാനനഗരിയിലെ ചരിത്ര സ്മാരകങ്ങളുടെ മുഖം മിനുക്കുക. ദൗത്യം ഉത്തരവാദിത്തത്തോടെ പൂര്‍ത്തിയാക്കിയും ചെലവഴിച്ച തുകയുടെ കൃത്യമായ കണക്കു പ്രസിദ്ധീകരിച്ചും മുഹമ്മദ് താരമായി. ചരിത്രസ്മാരകങ്ങളുടെ പരിപാലനത്തിനായി എത്തിയ ജോലിക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സ്കൂള്‍ തുടങ്ങാനും മുഹമ്മദ് മുന്‍കൈ എടുത്തു. മുഹമ്മദിന്‍റെ ഭാര്യ റാബിയയ്ക്കായിരുന്നു സ്കൂളിന്‍റെ ചുമതല.

മുഷറഫ് മുതല്‍ ഒബാമ വരെ
യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയ്ക്കും ഭാര്യ മിഷേലിനും ഡല്‍ഹിയില്‍ വഴികാട്ടിയായതു മുഹമ്മദാണ്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ഹുമയൂണിന്‍റെ ശവകുടീരം കാണാനെത്തിയ ഒബാമ ദന്പതികളെ നയിക്കാനുള്ള നിയോഗം മുഹമ്മദിനായിരുന്നു. അന്നവര്‍45 മിനിറ്റ് നേരം മുഹമ്മദിന്‍റെ ‘വഴിയേ നടന്നു. മുഹമ്മദ് നടത്തുന്ന സ്കൂളിലെ കുട്ടികള്‍ക്കു സമ്മാനപ്പൊതിനല്‍കാനും ഒബാമ മറന്നില്ല. പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്‍റെയും ഭാര്യ ബീഗം മുഷറഫിന്‍റെയും താജ്മഹല്‍ സന്ദര്‍ശനവേളയില്‍ ഒപ്പംപോയത് മുഹമ്മദാണ്. ഷാജഹാന്‍ ജനിച്ച ലഹോര്‍ കോര്‍ട്ടിനെയും വിവാഹമുറപ്പിച്ച ലഹോറിനെയും കുറിച്ചു പറഞ്ഞായിരുന്നു മുഷറഫിനെ മുഹമ്മദ് അന്നു കയ്‌യിലെടുത്തത്.

ഇന്ത്യ സന്ദര്‍ശിച്ച മുപ്പതോളം ലോക നേതാക്കള്‍ക്കു രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കാന്‍ മുഹമ്മദിന് അവസരം ലഭിച്ചു. മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍, പോര്‍ചുഗല്‍ മുന്‍ പ്രസിഡന്‍റ് മരിയോ സോറസ്, ചൈനീസ് മുന്‍ പ്രധാനമന്ത്രി ഷു റോങ്ജി എന്നിവരും അക്കൂട്ടത്തിലുണ്ട്. നടന്നുതീര്‍ത്ത വഴികളില്‍ ഈ കൊടുവള്ളിക്കാരന്‍ ചികഞ്ഞെടുത്ത ചരിത്രസ്മാരകങ്ങള്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്പോള്‍ നമുക്ക് അഭിമാനിക്കാം... ആ സ്മാരകങ്ങളുടെ തലയെടുപ്പിലൊരു മലയാളിക്കയെ്‌യാപ്പുണ്ട്...

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു