Are you unable to read text? Download FontHide
തിരയുക

പേടിചേ്ചാടുന്ന മലയാള സിനിമ

30 ദിവസം കൊണ്ട് 15 സിനിമകളുടെ റിലീസ്. നല്ല ചിത്രമെന്ന പേരുണ്ടാക്കിയിട്ടും ഒരാഴ്ച കൊണ്ട് തിയറ്റര്‍ വിടേണ്ടി വരിക. തുപ്പാക്കിയും തലാഷും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ തിയറ്റര്‍ കിട്ടാതെ മലയാള ചിത്രങ്ങള്‍ പ്രയാസപ്പെടുകയാണ്. 2012ന്‍റെ ഒടുവില്‍ നമ്മുടെ തിയറ്ററുകളില്‍ കാണുന്ന കാഴ്ചയെന്തെന്നു ചോദിച്ചാല്‍ ഇന്നു കാണുന്ന ചിത്രം നാളെ തിയറ്ററില്‍ ഉണ്ടാകില്ല. നവംബര്‍ ആദ്യവാരം തുടങ്ങി ഡിസംബര്‍ ആദ്യവാരം വരെ 15 ചിത്രങ്ങളാണ് തിയറ്ററുകളിലെത്തിയത്.

തിയറ്റര്‍ ഉടമകളുടെ സമരത്തെ തുടര്‍ന്നാണ് സിനിമകളുടെ റിലീസിങ്ങിന്‍റെ ക്രമം തെറ്റിയത്. എം.മോഹനന്‍റെ 916 ഉം ഷാഫിയുടെ 101 വെഡിംഗ്സുമായിരുന്നു സമരത്തിനു മുന്പ് റിലീസ് ചെയ്‌യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമരം തുടങ്ങിയതോടെ അവയുടെ റിലീസ് മാറ്റിവച്ചു. സമരം അവസാനിച്ചതിന്‍റെ അടുത്ത ദിവസം തന്നെ 916, രൂപേഷ് പീതംബരന്‍റെ തീവ്രം, ജിത്തുവിന്‍റെ മൈ ബോസ് എന്നിവ റിലീസ് ചെയ്തു. 916 ആദ്യ ആഴ്ചയില്‍ തന്നെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നു തിയറ്റര്‍ വിട്ടപ്പോള്‍ മൈ ബോസും തീവ്രവും പിടിച്ചു നിന്നു. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ തീവ്രം രണ്ടാഴ്ചയിലേറെ തിയറ്ററില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. ദിലീപ് ചിത്രമായ മൈബോസിനു മാത്രമാണ് ഇത്രയും നാള്‍ തുടര്‍ച്ചയായി തിയറ്റര്‍ കിട്ടിയത്. ലാല്‍ജോസ് ചിത്രമായ അയാളും ഞാനും തമ്മില്‍ എന്ന പൃഥ്വിചിത്രത്തിനു ശേഷം ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞതും മൈ ബോസിനു തന്നെ.

ഷാഫിയുടെ 101 വെഡിംഗ്സ്, ബാവയുടെ ഇഡിയറ്റ്സ്, സന്തോഷിന്‍റെ അര്‍ധനാരി, ഷൈജു അന്തിക്കാടിന്‍റെ സീന്‍ ഒന്ന് നമ്മുടെ വീട് എന്നിവ അടുത്ത ആഴ്ച ഒന്നിച്ച് തിയറ്ററില്‍ എത്തിയപ്പോള്‍ ഷാഫി ചിത്രത്തിനു മാത്രമേ പ്രേക്ഷകശ്രദ്ധ നേടാന്‍ കഴിഞ്ഞുള്ളൂ. നവാഗതരുടെ ചിത്രങ്ങള്‍ക്ക് ഒരാഴ്ച പോലും തിയറ്റര്‍ കിട്ടിയില്ല എന്നതാണു സത്യം. ആസിഫ് അലിയും സനുഷയും പ്രധാനതാരങ്ങളായ ഇഡിയറ്റ്സ് കോമഡി ചിത്രമായിരുന്നു. പക്ഷേ ലോജിക്കില്ലാത്ത കോമഡിയോട് മലയാളി ഇപ്പോള്‍ മുഖംതിരിക്കുന്നുവെന്ന കാര്യം സംവിധായകന്‍ ഓര്‍ത്തിരിക്കില്ല.  കുടുംബചിത്രമായിരുന്നു ലാലും നവ്യാനായരും പ്രധാനതാരങ്ങളായ സീന്‍ ഒന്ന് നമ്മുടെ വീട്. പക്ഷേ ഇത്തരം ഡ്രാമകളുടെയും കാലം കഴിഞ്ഞുവെന്ന് പുതിയ തീരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ വ്യക്തമായതാണ്.

ഷാജൂണ്‍ കാര്യാലിന്‍റെ ചേട്ടായീസ്, വി.എം. വിനുവിന്‍റെ ഫേസ് ടു ഫേസ്, വി.കെ. പ്രകാശിന്‍റെ പോപ്പിന്‍സ് എന്നിവയാണ് കഴിഞ്ഞ വാരം തിയറ്ററിലെത്തിയത്. മമ്മൂട്ടി ചിത്രമായിട്ടുപോലും ഫേസ് ടു ഫേസിന് നല്ല അഭിപ്രായം സ്വരൂപിക്കാന്‍ കഴിഞ്ഞില്ല. മുന്‍ ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്ജ് പോലെ പോപ്പിന്‍സ് ജനപ്രിയമാക്കുന്നതില്‍ വി.കെ.പ്രകാശും പരാജയപ്പെട്ടു. ഇക്കൂട്ടത്തില്‍ അല്‍പമെങ്കിലും ഭേദമെന്ന പേരുനേടിയത് ചേട്ടായീസ് മാത്രമാണ്. നല്ലൊരു സിനിമ എന്നാരും പറയില്ലെങ്കിലും രണ്ടുമണിക്കൂര്‍ എന്‍റര്‍ടെയ്നര്‍ എന്ന രീതിയില്‍ മാത്രമേ ഈ ചിത്രത്തെ പലരും കാണുന്നുള്ളൂ.

അഞ്ചു ചിത്രങ്ങളാണ് ഇവയുടെ തുടര്‍ച്ചയായി ഈ ആഴ്ച തിയറ്ററില്‍ എത്തിയത്. ഷാജി കൈലാസിന്‍റെ മദിരാശി, അനിലിന്‍റെ ഹൈഡ് ആന്‍ഡ് സീക്ക്, സുനില്‍ ഇബ്രാഹിമിന്‍റെ ചാപ്‌റ്റേഴ്സ്, ബാലയുടെ ഹിറ്റ് ലിസ്റ്റ്, രമേഷ് തന്പിയുടെ ഒരു കുടുംബ ചിത്രം എന്നിവ. ഷാജി കൈലാസ് പൂര്‍ണമായും കോമഡി ട്രാക്കിലേക്കു മാറിയ ചിത്രമാണ് ജയറാം നായകനായ മദിരാശി. കാളിദാസ കലാകേന്ദ്രത്തിന്‍റെ പ്രഥമ ചിത്രമാണ് മുകേഷിന്‍റെ ഹൈഡ് ആന്‍ഡ് സീക്ക്. നടന്‍ ബാല ആദ്യമായി സംവിധാനം ചെയ്ത ബാല ആക്ഷന്‍ ത്രില്ലറാണ്. ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ വരുന്നതാണ് ചാപ്‌റ്റേഴ്സ്. ഏറെ കാലത്തിനു ശേഷമാണ് കലാഭവന്‍ മണി നായക നായ ചിത്രം (ഒരു കുടുംബ ചിത്രം) തിയറ്ററിലെത്തുന്നത്.

നല്ല ചിത്രങ്ങളായിട്ടുപോലും ഒരാഴ്ച കൊണ്ട് തിയറ്റര്‍ വിടേണ്ട ഗതികേടാണ് ഇപ്പോള്‍ റിലീസായ ചിത്രങ്ങളില്‍ മിക്കതിനും. ചുരുക്കം തിയറ്ററുകള്‍ മാത്രമേ ഇപ്പോള്‍ കേരളത്തില്‍ അവശേഷിക്കുന്നുള്ളൂ. അതില്‍ തന്നെ കുറേ തിയറ്ററില്‍ തമിഴ്, ഹിന്ദി, ഹോളിവുഡ് ചിത്രങ്ങളാണ് ഓടുന്നത്. വിജയ് നായകനായ തുപ്പാക്കി ഇപ്പോഴും പ്രധാന കേന്ദ്രങ്ങള്‍ വിട്ടിട്ടില്ല. ആമിര്‍ ഖാന്‍ നായകനായ തലാഷ്, ഹോളിവുഡ് ചിത്രമായ ലൈഫ് ഓഫ് പൈ എന്നിവയും യുവാക്കളായ പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നേറുന്പോഴാണ് തിയറ്റര്‍ നിറയാതെ മലയാള സിനിമകള്‍ക്കു പ്രദര്‍ശനം നിര്‍ത്തേണ്ടി വരുന്നത്.

ക്രിസ്മസിന് മോഹന്‍ലാല്‍ നായകനായ മേജര്‍രവി ചിത്രം (കര്‍മയോദ്ധ), രഞ്ജിത്_ മമ്മൂട്ടി ചിത്രമായ ബാവൂട്ടിയുടെ നാമത്തില്‍ എന്നിവ തിയറ്ററിലെത്തും.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു