Are you unable to read text? Download FontHide
തിരയുക

നടന്‍ ജഗന്നാഥന്‍ അന്തരിച്ചു 

ചലച്ചിത്ര-സീരിയല്‍ നടന്‍ ജഗന്നാഥന്‍ അന്തരിച്ചു. തിരുവനന്തപുരംപൂജപ്പുരയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു. നൂറ്റിയന്‍പതിലേറെ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.  

അരവിന്ദന്‍, കാവാലം എന്നിവരുടെ കളരിയില്‍ അഭ്യസിച്ച് വേറിട്ട അഭിനയ വഴികളിലൂടെ സഞ്ചരിച്ച കലാകാരനായിരുന്നു ജഗന്നാഥന്‍. പട്ടണത്തില്‍ സുന്ദരന്‍, തചേ്ചാളി വര്‍ഗീസ് ചേകവര്‍, തച്ചിലേടത്തു ചുണ്ടന്‍, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ദേവാസുരം, സൂര്യഗായത്രി, സൗഹൃദം, ആനവാല്‍മോതിരം, അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍,   മഴവില്‍കാവടി, ദശരഥം തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. 1970 കാലഘട്ടത്തിലാണു സിനിമയിലേക്കു വന്നത്. ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഒരിടത്ത് ആണ് ആദ്യ സിനിമ.

കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ പുതിയ ഒരു അധ്യായം സൃഷ്ടിച്ച അവനവന്‍ കടന്പ എന്ന നാടകത്തില്‍ നെടുമുടി വേണുവിനൊപ്പം മുഖ്യവേഷം ചെയ്തു.

ശുദ്ധഹാസ്യത്തിന്‍റെ മേന്പൊടിയോടുകൂടിയ വേറിട്ട അഭിനയ ശൈലിയുടെ ഉടമയായിരുന്നു ജഗന്നാഥന്‍. 1938ല്‍ ചങ്ങനാശേരിയില്‍ ജനിച്ച ജഗന്നാഥന്‍ തുറവൂര്‍, വൈക്കം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വളരെ ചെറിയ പ്രായത്തില്‍തന്നെ കായിക അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരത്ത് ബാലഭവനില്‍ ജോലിയിലിരിക്കുന്പോഴാണ് കാവാലം നാരായണപ്പണിക്കരുമായുള്ള സൗഹൃദം ആരംഭിക്കുന്നത്.  പാരന്പര്യകലകളിലും സംഗീതത്തിലും ഏറെ തല്‍പരനായ ജഗന്നാഥനില്‍, കാവാലം തന്‍റെ നാടകത്തിനുവേണ്ടിയുള്ള കഥാപാത്രത്തിനെ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ‘അവനവന്‍ കടന്പ എന്ന നാടകത്തില്‍ പ്രധാന വേഷം ചെയ്‌യുന്നത്. നാട്ടുശീലുകളും വൃത്തപ്രധാനമായ കവിതകളും താളത്തിനൊപ്പിച്ച് ചൊല്ലി ചവടുവയ്ക്കുന്ന കഥാപാത്രത്തിനെയാണ് ജഗന്നാഥന്‍ ഇതില്‍ അവതരിപ്പിച്ചത്. ഒട്ടേറെ വേദികളില്‍ അവനവന്‍ കടന്പ അവതരിപ്പിക്കപ്പെട്ടു.

അതിനു ശേഷം അരവിന്ദന്‍റെ ‘കുമ്മാട്ടി എന്ന സിനിമയില്‍ നൃത്തസംവിധായകനും സഹസംവിധായകനുമായി. അരവിന്ദന്‍റെ തന്നെ ‘ഒരിടത്ത് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. ലെനിന്‍ രാജേന്ദ്രന്‍റെ ‘സ്വാതിതിരുനാള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘ഒരു പെണ്ണും രണ്ടാണും, ടി. എന്‍ ഗോപകുമാര്‍ സംവിധാനം ചെയ്ത ‘ജീവന്‍ മശായ് തുടങ്ങിയ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. സൂര്യമാനസം, ദേവാസുരം, പത്താംനിലയിലെ തീവണ്ടി എന്നീ ചിത്രങ്ങളിലും ചെറുതല്ലാത്ത വേഷങ്ങള്‍ ചെയ്തു.

179ഓളം സിനിമകളിലും നിരവധി നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഡബ്ബിങ്ങ് സ്കൂള്‍ നടത്തുന്നുണ്ടായിരുന്നു. നല്ലൊരു ഗായകന്‍ കൂടിയായിരുന്ന ജഗന്നാഥന്‍ സ്വാഗതം എന്ന സിനിമയില്‍ പാടിയിട്ടുമുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ‘പത്താം നിലയിലെ തീവണ്ടി യാണ് അവസാന ചിത്രം.

മകള്‍ രോഹിണി, മകന്‍ ചന്ദ്രശേഖര്‍.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു