Are you unable to read text? Download FontHide
തിരയുക

ധാരാസിങ് വിടവാങ്ങി

മുംബൈ • ലോക ഗുസ്തി ചാംപ്യനും ഇന്ത്യന്‍ സിനിമയിലെ യഥാര്‍ഥ മസില്‍മാനുമായിരുന്ന ധാരാ സിങ് (83) ജീവിത ഗോദയില്‍നിന്നു വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്ച അന്ധേരി കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ ബുധനാഴ്ച രാത്രി ജൂഹുവിലെ വസതിയായ ധാരാ വില്ലയിലേക്കു മാറ്റിയിരുന്നു.

അന്ത്യനിമിഷങ്ങള്‍ വീട്ടിലാകണമെന്നായിരുന്നു ആഗ്രഹം. ഇന്നലെ രാവിലെ ഏഴരയോടെ മരണം സംഭവിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വിലെ പാര്‍ലെ ഹിന്ദു ശ്മശാനത്തില്‍ സംസ്കാരം നടത്തി.

മുപ്പത്തിയെട്ടാം വയസ്സില്‍ 1966ല്‍ ലോക ഗുസ്തി ചാംപ്യനായ ധാരാ സിങ് 1952 മുതല്‍ ബോളിവുഡിലും തിളങ്ങുന്ന സാന്നിധ്യമായിരുന്നു. ‘രാമായണം സീരിയലിലെ ഹനുമാന്‍ വേഷത്തിലൂടെ അവിസ്മരണീയനായ അദ്ദേഹം ‘മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരനായി. 2003ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്‌യപ്പെട്ടു.

പഞ്ചാബ് അമൃത്സറിലെ ധരംചക് ഗ്രാമത്തില്‍ ജനിച്ച ധാരാ സിങ്ങിനു വഴിത്തിരിവായതു 17-ാം വയസ്സില്‍ അമ്മാവനെ ബിസിനസില്‍ സഹായിക്കാന്‍ സിംഗപ്പൂരിലെത്തിയതാണ്. അവിടെ പരിചയപ്പെട്ട ഇന്ത്യന്‍ ഗുസ്തിവീരന്‍ ഹര്‍നാംസിങ്ങിന്‍റെ ശിഷ്യനായി. 1952ല്‍ ഇന്ത്യയില്‍ തിരിചെ്ചത്തിയ ശേഷം ദേശീയ ഗുസ്തി ചാംപ്യനായി. ‘രുസ്തം എ പഞ്ചാബ്, ‘രുസ്തം എ ഹിന്ദ് പട്ടങ്ങള്‍ നേടിയ അദ്ദേഹം 1959 ല്‍ കോമണ്‍വെല്‍ത്ത് ചാംപ്യനായി. 1966ല്‍ നേടിയ ലോക കിരീടം 1968ല്‍ നിലനിര്‍ത്തി.

ഓസ്‌ട്രേലിയയിലെ കിങ് കോങ്, കാനഡയിലെ ജോര്‍ജ് ഗോര്‍ഡെയ്‌ങ്കോ, ന്യൂസീലന്‍ഡിലെ ജോണ്‍ ഡിസില്‍വ തുടങ്ങിയവര്‍ ധാരാ സിങ്ങിന്‍റെ മാസ്റ്റര്‍പീസായ ‘മരണപ്പൂട്ടില്‍ നിലംപരിശായി. അഞ്ഞൂറിലെ വിജയങ്ങളുടെ തിളക്കവുമായാണു 1983ല്‍ വിരമിച്ചത്. 1996ല്‍ ‘റസ്ലിങ് ഒബ്സര്‍വര്‍ ന്യൂസ്‌ലെറ്റര്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി.

‘കിങ് കോങ്, ‘ടാര്‍സന്‍ തുടങ്ങി 2007ല്‍ പുറത്തിറങ്ങിയ ‘ജബ് വി മെറ്റ് വരെ നൂറ്റിയന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ‘പെഹലി ഛലക് , ‘ആവാര അബ്ദുല്ല, ‘ആലിബാബ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളില്‍ നായകനായിരുന്നു.
രണ്ടു തവണ വിവാഹിതനായ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ഭാര്യ സുര്‍ജിക് കൗര്‍. ടിവി നടന്‍ വിന്ദു ഉള്‍പ്പെടെ ആറുമക്കളുണ്ട്.
നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളും അനുശോചിച്ചു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു