Are you unable to read text? Download FontHide
തിരയുക

ദേവൂന്‍റെ പാവം വീട്

രേവതി മനോരമ വായനക്കാര്‍ക്കുവേണ്ടി എഴുതിയ കഥ

രേവതിയുടെ ജീവിതം; കഥയുള്ള ജീവിതം

പരീക്ഷ കഴിഞ്ഞിറങ്ങിയ രേവതി ഒരു ബൂത്തില്‍ നിന്ന് അച്ഛന്‍റെ വീട്ടിലെ ഫോണിലേക്കു വിളിച്ചു: അച്ഛാ, ഞാന്‍ അമ്മയുടെ കൂടെ പോകുന്നു...


ദേവൂട്ടി ചേച്ചിയുടെ പുതപ്പിനടിയിലേക്ക് ഒന്നുകൂടി തിരുകിക്കയറി ചേച്ചിയെ കെട്ടിപ്പിടിച്ചു കിടന്നു.തണുപ്പ് അത്രമേലുണ്ട്. ചേച്ചിയാണെങ്കില്‍ നല്ല ഉറക്കം. പകലന്തിയോളം പണിയെടുത്തു ദുര്‍ബലമായ ശരീരം. വൈകിട്ട് ആറുമണിക്ക് സ്കൂള്‍ വിട്ടുവന്നപ്പോള്‍ തുടങ്ങിയ മഴയാണ്. തുള്ളി തോര്‍ന്നിട്ടില്ല. ഓലക്കീറിനിടയിലൂടെ മഴത്തുള്ളികള്‍ പായയ്ക്കു ചുറ്റും വീഴുന്നു.

കട്ടന്‍ചായ കുടിക്കുന്ന സ്റ്റീല്‍ ഗ്ലാസ്, കഞ്ഞിവയ്ക്കുന്ന അലുമിനിയം കലം, പണ്ടു പനി വന്നപ്പോള്‍ റെസ്ക് വാങ്ങിക്കൊണ്ടുവന്ന തകരപ്പാട്ട കൊണ്ടുള്ള കൊച്ചുപാത്രം, വല്ലപ്പോഴും ചേച്ചി പുളിയും മുളകുമിട്ടു മീന്‍കറിവച്ചുതരുന്ന കറിച്ചട്ടി... ഇവയെല്ലാം മുറിയില്‍ പായയ്ക്കുചുറ്റും നിരത്തിവച്ചിട്ടുണ്ട്.

ഓലമേഞ്ഞ മേല്‍ക്കൂരയ്ക്കിടയിലൂടെ വീഴുന്ന തുള്ളികള്‍ ഈ പാത്രങ്ങളില്‍ വീണ് ശബ്ദമുണ്ടാക്കുകയാണ്. കറിച്ചട്ടിയില്‍ വീഴുന്പോഴുള്ള ശബ്ദമല്ല തകരപ്പാട്ടയില്‍ വീഴുന്പോള്‍, കൊച്ചുഗ്ലാസിലേക്ക് വീഴുന്പോള്‍ മറ്റൊരു ശബ്ദം...
അതിനൊരു പാട്ടിന്‍റെ താളഭംഗിയുണ്ടെന്ന് ദേവൂട്ടി കണ്ടെത്തി. ആ പാട്ടുകേട്ടപ്പോള്‍ അവള്‍ക്കു ചിരിയാണ് വന്നത്.
പുതച്ചിരിക്കുന്നത് അമ്മ മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് വാങ്ങിക്കൊണ്ടുവന്ന പുതപ്പാണ്. വാങ്ങിയതല്ലാതെ അമ്മ പുതച്ചിട്ടില്ല. എന്നാലും ആ പുതപ്പിന് എപ്പോഴും അമ്മയുടെ മണമാണ്.

ചേച്ചിയും ദേവൂട്ടിയും ഒറ്റപ്പുതപ്പിനുള്ളില്‍ കിടന്നു തിരിഞ്ഞും മറിഞ്ഞും പുതപ്പിന്‍റെ നൂലുകള്‍ പൊട്ടി. അതുവഴി തണുപ്പ് അരിച്ചുകയറിവരും. തലമൂടി കിടന്നാലും പുതപ്പിന്‍റെ ഓട്ടയിലൂടെ മേല്‍ക്കൂര കാണാം.
കടലിലേക്ക് അധികം ദൂരമില്ല. മഴ കനത്തുപെയ്‌യുന്നതിനാല്‍ കടലിന്‍റെ ശബ്ദം കേള്‍ക്കാനുമില്ല.
ദേവൂട്ടി പുതപ്പിന്‍റെ കീറിലൂടെ മേല്‍ക്കൂരയിലേക്കു നോക്കി. അവിടെയിരുന്ന് അമ്മ മിന്നുന്നുണ്ട്, ഒരു മിന്നാമിന്നിയായി.

കുറച്ചുനാള്‍ മുന്‍പാണ്, രാത്രിയില്‍ ഉറങ്ങാതെ കിടക്കുന്പോഴെപ്പോഴോ മേല്‍ക്കൂരയിലിരുന്നു മിന്നുന്ന ആ മിന്നാമിന്നിയെ അവള്‍ കണ്ടു. പിന്നെ ദിവസവും അവള്‍ രാത്രി അതേ കോണില്‍ മിന്നിയെ കണ്ടു. ദേവൂട്ടി ഉറങ്ങുന്പോള്‍, ഉറങ്ങാതെ വിളക്കുകൊളുത്തി കാവലിരിക്കുന്ന മിന്നാമിന്നി.

കടലില്‍ കുളിക്കാന്‍ പോയി പേടിച്ചു പനിപിടിച്ചു കിടന്ന ദിവസങ്ങളില്‍ രാത്രി വിറച്ചുകരയുന്പോള്‍ അമ്മ ഇതുപോലെ അടുത്തുവന്നു കാവലിരുന്നത് അവള്‍ ഓര്‍ത്തു.
‘ചേച്ചീ... അമ്മയെ കാണണോ...
ഒരു രാത്രിയില്‍ മേല്‍ക്കൂരയിലിരുന്നു മിന്നുന്ന മിന്നിക്കു നേരെ കൈചൂണ്ടി അവള്‍ ചേച്ചിയോട് ചോദിച്ചു.
മേല്‍ക്കൂരയിലേക്കു നോക്കിയ ചേച്ചി ഒരു നിമിഷം നിശ്ശബ്ദയായത് ഇരുട്ടിലും ദേവൂട്ടി അറിഞ്ഞു.
തുടയില്‍ ഒരു പിച്ചു കൊടുത്തിട്ട് ചേച്ചി ശാസിച്ചു: ‘മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ...
നൊന്തെങ്കിലും അവള്‍ കരഞ്ഞില്ല. അനുജത്തിയെ പോറ്റാന്‍ കടലില്‍ പുലിമുട്ടുകെട്ടുന്നിടത്ത് കല്ലുപണിക്കുപോയി തളര്‍ന്ന ചേച്ചിക്ക് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയത് അത്ര പിടിച്ചില്ല.
എങ്കിലും അത് അമ്മ തന്നെ. ദേവൂട്ടി ഉറപ്പിച്ചു. മിന്നാമിന്നിയെ കാണാത്ത രാത്രികളില്‍ സങ്കടത്തോടെയാണ് അവള്‍ ഉറങ്ങാറുള്ളത്.

••
ദേവൂട്ടിയുടെയും ചേച്ചി അമ്മാളുവിന്‍റെയും വീട് മൂന്നു സെന്‍റില്‍ നാലുതൂണില്‍ ഓലച്ചുമരിട്ട് ഓലമേഞ്ഞ കൂരയാണ്. ഒരു മൂലയ്ക്ക് അടുപ്പ്. മറുമൂലയ്ക്ക് ഒരു തഴപ്പായ, അതില്‍ കറപിടിച്ചു നിറംമങ്ങിയ ഒരു തലയണ. ഒരു മൂലയില്‍ കുറച്ചു പുസ്തകങ്ങള്‍. അയയില്‍ മുഷിഞ്ഞ കുറച്ചു വസ്ത്രങ്ങള്‍.
അച്ഛന്‍ കടലില്‍ മീന്‍പിടിക്കാന്‍ പോയി വള്ളം മറിഞ്ഞു മരിച്ചതിനുശേഷം അമ്മയാണ് അവരെ വളര്‍ത്തിയത്. മൂന്നുവര്‍ഷം മുന്‍പ് അമ്മയും പോയി. ചേച്ചിയും ദേവൂട്ടിയും തനിച്ചായി.
മിന്നാമിന്നിയില്‍ നോക്കി കിടക്കുന്പോള്‍ അവളുടെ കണ്ണുകള്‍ അടഞ്ഞു. അമ്മ ചിറകുവച്ച് മിന്നിപ്പറന്ന് അരികില്‍ വന്നിരിക്കുന്നത് സ്വപ്നം കണ്ടുള്ള ഉറക്കം.

••
ദേഹത്തു വെള്ളം വന്നു തട്ടിയപ്പോഴാണ് ദേവൂട്ടി ഉറക്കം തെളിഞ്ഞത്. വീടിനകത്തുവീഴുന്ന മഴത്തുള്ളികള്‍കൊണ്ടു നിറഞ്ഞ പാത്രം കവിഞ്ഞൊഴുകിയതാണ്. നോക്കുന്പോള്‍ നേരം വെളുത്തിരിക്കുന്നു. കിടക്കയില്‍ ചേച്ചിയില്ല.
ഓലപ്പുരയുടെ കോണിലെ അടുപ്പില്‍ നിന്നു പുക ഉയരുന്നുണ്ട്. മഴയായതിനാല്‍ ചേച്ചിക്ക് ഇന്നു ജോലിക്കു പോകാനാവില്ല. രാത്രി മുഴുവന്‍ തോരാത്തമഴ ഇപ്പോഴും പെയ്‌യുന്നു.
ചിണുങ്ങി ചേച്ചിയുടെ അടുത്തെത്തിയപ്പോള്‍ ചേച്ചി സ്റ്റീല്‍ ഗ്ലാസില്‍ കട്ടന്‍ചായ വച്ചുനീട്ടി. കുടിച്ചതേ ഛര്‍ദ്ദിക്കാന്‍ തോന്നി. മധുരമില്ല. പഞ്ചസാര തീര്‍ന്നിട്ടുണ്ടാവും.
മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ വീടിനു ചുറ്റും വെള്ളം കയറി വരുന്നുണ്ട്. അടുത്തുള്ള വീടുകളിലൊക്കെ ആളൊഴിഞ്ഞിരിക്കുന്നു.
കടല്‍ക്ഷോഭമുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ മാറിത്താമസിക്കണമെന്ന് ഇന്നലെ പൊലീസുകാര്‍ വണ്ടിയില്‍ വിളിച്ചു പറഞ്ഞിരുന്നു. അയല്‍ക്കാരെല്ലാം ബന്ധുവീടുകളിലേക്കു പോയി.
വെള്ളം ദേവൂട്ടിയുടെ വീട്ടിലേക്കു കയറാന്‍ ഇനി ഒരു മഴകൂടി മതി. ദേവൂട്ടിക്കും ചേച്ചിക്കും പോകാനിടമില്ലലേ്ലാ, ബന്ധുക്കളും.

••
ദേവൂട്ടി പഠിക്കുന്ന സ്കൂളില്‍ത്തന്നെയായിരുന്നു അവരുടെ അഭയകേന്ദ്രം. കടല്‍ക്ഷോഭത്തില്‍ വീടുപോയ കുറച്ചു കുടുംബങ്ങള്‍. അവര്‍ക്കിടയില്‍ ദേവൂട്ടിയും ചേച്ചിയും.
ഒരു പായ, കുറച്ചു പാത്രങ്ങള്‍, ദേവൂട്ടിയുടെ കുറച്ചു പുസ്തകങ്ങള്‍... അത്ര മാത്രമേ ആ വീട്ടില്‍ നിന്ന് അവര്‍ക്ക് എടുക്കാനുണ്ടായിരുന്നുള്ളു. വീടിനുചുറ്റും വെള്ളം നിറഞ്ഞപ്പോഴാണ് അവര്‍ അഭയകേന്ദ്രത്തിലേക്കു മാറിയത്.
സ്കൂള്‍ ബെഞ്ചിലാണ് ദേവൂട്ടി ഉറങ്ങാന്‍ കിടന്നത്. അതൊരു പുതിയ അനുഭവമായി. മഴ കഴിഞ്ഞു സ്കൂള്‍ തുറക്കുന്പോള്‍ കൂട്ടുകാരോടു പറയണം...
ഉറക്കം വരുന്നില്ല.
സ്കൂളിന്‍റെ മുറ്റത്തെ മാവിന്‍ചുവട്ടില്‍ നിന്നാല്‍ ദൂരെ ചുറ്റും നിറഞ്ഞ വെള്ളക്കെട്ടിനു നടുവില്‍ വീടു കാണാം. വൈകുന്നേരം ചേച്ചിയോടൊപ്പം പോയി ദേവൂട്ടി നോക്കി. വീടിന്‍റെ പാതിയോളം വെള്ളം കയറിയിട്ടുണ്ട്. മഴ വാശിയോടെ പെയ്തു തിമിര്‍ത്തുകൊണ്ടേയിരിക്കുന്നു.
‘ദേവീ... വീട് അവിടെത്തന്നെ
ഉണ്ടാകണേ...
അവള്‍ പ്രാര്‍ഥിച്ചു.

ആ വീട് അവള്‍ക്ക് അത്രയ്ക്കിഷ്ടമാണ്.
ഇരുട്ടുപരന്നു തുടങ്ങിയപ്പോള്‍ ദേവൂട്ടി ഒന്നുകൂടി പോയി നോക്കി. വീട് അവിടെത്തന്നെയുണ്ട്. പക്ഷെ ഇരുട്ടിലേക്ക് മാഞ്ഞ് ലയിച്ചു പോകുന്നു. വീട് ഒറ്റയ്ക്കായലേ്ലാ എന്ന സങ്കടത്തിലായിരുന്നു അവള്‍.
അത്താഴം കഴിഞ്ഞു കിടന്ന ദേവൂട്ടി ഒന്നു മയങ്ങിപ്പോയി. ഉറക്കത്തില്‍ അവള്‍ ഒരു ദുഃസ്വപ്നം കണ്ടു. കടലില്‍ തിരമാലയില്‍ പെട്ടുലയുന്ന ഒരു വലിയ തോണി. അതിന്‍റെ തുഴപിടിച്ചിരിക്കുന്നയാള്‍ വള്ളം നിയന്ത്രിക്കാന്‍ പാടുപെടുന്നു. വള്ളത്തില്‍ എന്തൊക്കെയോ അടുക്കിക്കൂട്ടി ഇട്ടിട്ടുണ്ട്. തിരയില്‍പ്പെട്ടുയര്‍ന്നുവന്ന തോണി കുറച്ചുകൂടി വ്യക്തമായി. തോണിയില്‍ അടുക്കിക്കൂട്ടിയിട്ടിരിക്കുന്നത് തന്‍റെ വീടിന്‍റെ അവശിഷ്ടങ്ങളാണെന്നു കണ്ടതും അവള്‍ ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു.
സ്കൂള്‍ മുറ്റത്തെ ബള്‍ബ് മാത്രം തെളിഞ്ഞുകിടപ്പുണ്ട്. അഭയാര്‍ഥികളെല്ലാം ഉറക്കം. അവള്‍ ബെഞ്ചില്‍ നിന്നെണീറ്റു. സ്കൂളിന്‍റെ വരാന്തയിലേക്കിറങ്ങി. ഇരുട്ട് അവളെ പേടിപ്പിചെ്ചങ്കിലും വീട് തകര്‍ന്നുപോയതായി കണ്ട ദുഃസ്വപ്നം അവളെ വേട്ടയാടി.
‘വീട് അവിടെത്തന്നെ കാണണേ ദേവീ... മഴ കഴിയുന്പോള്‍ ഞങ്ങള്‍ക്കു തിരിച്ചുപോകാനുള്ളതാ...

അതുതന്നെ പ്രാര്‍ഥിച്ചാണ് അവള്‍ സ്കൂള്‍മുറ്റത്തേക്കിറങ്ങിയത്. മഴയില്‍ അവള്‍ നനഞ്ഞുകുതിര്‍ന്നു. മാവിന്‍റെ ചുവട്ടിലെത്താന്‍ പാടുപെട്ടു. അവിടെ നിന്നു നോക്കുന്പോള്‍ ഇരുട്ടില്‍ വെള്ളക്കെട്ടും വീടും കാണാനാവുന്നില്ല.
അവള്‍ക്കു സങ്കടമായി.

വീട് അവിടെയുണ്ടോ ആവോ.
കണ്ണ് തുറക്കാനാവാത്തതുപോലെ മഴത്തുള്ളികള്‍ മുഖത്തേക്കു വീണു. വീട് മഴയില്‍ വീണിട്ടുണ്ടാവും... അവള്‍ ഉറപ്പിച്ചു. അവളുടെ കണ്ണീര്‍ മഴയില്‍ മുങ്ങിപ്പോയി.
വീടിരുന്ന ദിക്കിലേക്കുതന്നെ നോക്കി അവള്‍ നിന്നു.
എത്രനേരം അങ്ങനെ നിന്നുവെന്നു ദേവൂട്ടിക്കറിയില്ല. അവളുടെ കണ്ണില്‍ ദൂരെ ഒരു ചെറിയ പ്രകാശം വീണു...ഒരു മിന്നാമിന്നി വട്ടമിട്ടുപറക്കുന്ന ഇത്തിരിവെട്ടം...
അവളുടെ മിഴിവിടര്‍ന്നു. വീടിരിക്കുന്ന സ്ഥലത്ത് വട്ടമിട്ടുപറന്ന മിന്നാമിന്നി പിന്നെ ഒരിടത്തിരുന്നു മിന്നുന്നു.അത് തന്‍റെ വീടിന്‍റെ മേല്‍ക്കൂര തന്നെ. അല്ലാതെ ഇരിക്കാന്‍ ആ വിജനമായ പറന്പില്‍ സ്ഥലമില്ല.
കണ്ണീര്‍ തുടച്ച് ദേവൂട്ടി മനസ്സിലുറപ്പിച്ചു:
അമ്മ അവിടെയുണ്ട്;
എന്‍റെ പാവം വീടും...

രേവതിയുടെ ജീവിതം; കഥയുള്ള ജീവിതം

ഒന്നു വിരട്ടിയാല്‍ മുങ്ങുന്ന ഭീരുക്കളായിരുന്നു രാത്രിക്കോളു തേടി വന്നിരുന്നത് - രേവതി ചിരിച്ചുകൊണ്ടു പറയുന്നു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു