Are you unable to read text? Download FontHide
തിരയുക

ജനറല്‍ നഴ്സിങ്; അപേക്ഷ 26 വരെ

ഇന്ത്യയിലും വിദേശത്തും നല്ല പ്രഫഷനല്‍ സാധ്യതയുള്ള പഠനമാര്‍ഗമാണ് നഴ്സിങ്ങിന്‍റേത്. ഈ രംഗത്തു കടക്കാന്‍ വേണ്ട അവശ്യയോഗ്യത നാലു വര്‍ഷത്തെ നഴ്സിങ് ബിഎസ്സി അഥവാ മൂന്നര വര്‍ഷത്തെ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി ഡിപേ്ളാമയാണ്. പറയത്തക്ക ഫീസൊന്നും കൂടാതെയെന്നല്ല, പ്രതിമാസം 700 രൂപ സ്‌റ്റൈപന്‍ഡും വാങ്ങി ജനറല്‍ നഴ്സിങ് ഡിപേ്ളാമയ്ക്ക് പഠിക്കാനുള്ള അവസരമാണ് കേരളത്തിലെ സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകള്‍ ഒരുക്കുന്നത്. ആറു മാസത്തെ ഇന്‍റേണ്‍ഷിപ് കാലത്ത് മാസം തോറും 2000 രൂപയും ലഭിക്കും.

14 ജില്ലകളിലും ഓരോ സ്കൂളുകളുള്ളതിനു പുറമേ കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാര്‍ക്കു മാത്രമായി ഒരു സ്കൂളുമുണ്ട്. സീറ്റുകളുടെ 20% ആണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിരിക്കുന്നു. അതതു പ്രിന്‍സിപ്പല്‍മാര്‍ ഈ 26 വരെ അപേക്ഷ സ്വീകരിക്കും. പ്രോസ്‌പെക്റ്റസും ഫോമും 200 രൂപയ്ക്ക് സ്കൂളില്‍ നിന്ന് നേരിട്ടു വാങ്ങാം. പട്ടികവിഭാഗക്കാര്‍ 50 രൂപ നല്‍കിയാല്‍ മതി. പണമടച്ച രസീത് അപേക്ഷയോടൊപ്പം വയ്ക്കണം. കോഴ്സിന്‍റെ ചുമതല സംസ്ഥാന ആരോഗ്യവകുപ്പിനാണ്. ഡിപേ്ളാമ നേടിയ ശേഷം സര്‍ക്കാര്‍ ആവശ്യപ്പെടുന്നപക്ഷം നിര്‍ദിഷ്ടവേതനത്തോടെ സേവനം അനുഷ്ഠിക്കേണ്ടിവരും.

14 നഴ്സിങ് സ്കൂളുകളിലെ ആകെ 365 സീറ്റ് ഓരോ റവന്യൂ ജില്ലയ്ക്കും ഇത്രയെന്ന ക്രമത്തില്‍ വകയിരുത്തിയിരിക്കുന്നു. ഇവയില്‍ 64% മെറിറ്റിനും ശേഷിച്ച 36% സാമുദായികസംവരണത്തിനുമായി വിഭജിച്ചിട്ടുമുണ്ട്. ചുരുക്കം ചില സീറ്റുകള്‍ സ്‌പോട്സ്, സൈനികരുടെ ആശ്രിതര്‍, പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതര്‍, അനാഥാലയങ്ങളിലെ അന്തേവാസികള്‍ മുതലായ വിഭാഗങ്ങള്‍ക്കു സംവരണം ചെയ്തിരിക്കുന്നു.

അതതു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. എസ്എസ്എല്‍സി ബുക്കില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായ ജില്ലയിലേക്ക് അപേക്ഷിക്കണമെങ്കില്‍ അഞ്ചു വര്‍ഷമെങ്കിലും പുതിയ ജില്ലയില്‍ സ്ഥിരമായി താമസിക്കുന്നുവെന്നതിന് വിലേ്ലജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികവിഭാഗക്കാര്‍ക്കു മാത്രമായുള്ള കൊല്ലത്തെ സ്കൂളിലെ പ്രവേശനത്തിനു സംസ്ഥാനത്ത് എവിടെയുമുള്ളവര്‍ക്ക് അവിടത്തേക്കു നേരിട്ട് അപേക്ഷിക്കാം. ആകെയുള്ള ഇരുപതു സീറ്റില്‍ നാലെണ്ണം ആണ്‍കുട്ടികള്‍ക്ക്.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ളസ്ടൂ പരീക്ഷ 40% എങ്കിലും മാര്‍ക്കോടെ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാര്‍ക്ക് പാസ്മാര്‍ക്ക് മതി. ഈ വിഷയങ്ങള്‍ പഠിച്ചു ജയിച്ചവര്‍ വേണ്ടത്രയിലെ്ലങ്കില്‍ മറ്റു വിഷയക്കാരെയും പരിഗണിക്കും. 2013 ഒക്‌ടോബര്‍ ഒന്നിന് പ്രായം 17 - 27 വയസ്സ്. പട്ടിക / പിന്നാക്ക വിഭാഗക്കാര്‍ക്കു യഥാക്രമം 32 / 30 വയസ്സു വരെയാകാം. മികച്ച ആരോഗ്യം നിര്‍ബന്ധം. വികലാംഗരെ പരിഗണിക്കില്ല.ഇടയ്ക്കുവച്ചു കോഴ്സ് വിട്ടുപോകാന്‍ ശ്രമിക്കുന്നപക്ഷം സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരത്തുക നല്‍കേണ്ടിവരും. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്.

പ്ളസ്ടൂ പരീക്ഷയില്‍ ഫിസ്ക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്കു ലഭിച്ച മൊത്തം മാര്‍ക്ക് ആധാരമാക്കിയാണ് സിലക്ഷന്‍റെ റാങ്കിങ്. തുല്യമാര്‍ക്ക് വന്നാല്‍ പ്ളസ്ടൂവിലെ ഇംഗ്ലീഷ് മാര്‍ക്ക്, പ്ളസ്ടൂവിലെ മൊത്തം മാര്‍ക്ക്, പ്രായക്കൂടുതല്‍ എന്നിവ അനുക്രമമായി പരിഗണിച്ച് റാങ്ക് വേര്‍പെടുത്തും.

ഉപരിപഠനത്തില്‍ താല്‍പര്യമുള്ള ഡിപേ്ളാമക്കാര്‍ക്ക് ഡിഗ്രിക്കാരാകാന്‍ വഴിയൊരുക്കുന്ന പോസ്റ്റ് ബേസിക് നഴ്സിങ് കോഴ്സ് കേരളത്തിലേതടക്കം പല സ്ഥാപനങ്ങളിലും നിലവിലുണ്ട്.വിദേശരാജ്യങ്ങളില്‍ വളരെ ഉയര്‍ന്ന വേതനത്തോടെ പതിനായിരക്കണക്കിന് നഴ്സുമാരെ ആവശ്യമുണ്ട്. ഇതിന് അര്‍ഹത നേടണമെങ്കില്‍ നഴ്സിങ്ങിലെ ഡിഗ്രി അഥവാ ഡിപേ്ളാമയോടൊപ്പം സിജിഎഫ്എന്‍എസ്, എന്‍സിലെക് സ് ആര്‍എന്‍ പരീക്ഷകളും ജയിക്കണം. ഈ പരീക്ഷകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ത്തന്നെ എഴുതാം. ഇ ക്കാര്യത്തില്‍ താല്‍പര്യമുള്ളവര്‍ ഇംഗ്ലീഷ് മാതൃഭാഷയായവരെപ്പോലെ ആ ഭാഷ കൈകാര്യം ചെയ്‌യാന്‍ ശേഷി ആര്‍ജ്ജിക്കേണ്ടതുണ്ട്. ടോഫല്‍, ഐഇഎല്‍ടിഎസ് മുതലായ ഏതെങ്കിലും നിര്‍ദ്ദിഷ്ട പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കേണ്ടി വരും. വിദേശത്തെ നഴ്സിങ് ജോലിയില്‍ കണ്ണുള്ളവര്‍ ഇതിനുള്ള ശ്രമം കാലേ കൂട്ടി തുടങ്ങുന്നതു നന്ന്. കോഴ്സ് ഒക്‌ടോബറില്‍ തുടങ്ങും.

സംശയപരിഹാരത്തിന് ഏ തെങ്കിലും നഴ്സിങ് സ്കൂളുമായി ബന്ധപ്പെടാം. ഫോണ്‍: എറണാകുളം - 0484 235 1314; തിരുവനന്തപുരം - 0471 2306395; കോഴിക്കോട് - 0495 2365977.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു