Are you unable to read text? Download FontHide
തിരയുക

ചരിത്രാലയം

വൃക്ഷക്കൂട്ടങ്ങള്‍ അതിരിടുന്ന മഹാവിസ്തൃതിയില്‍ അങ്ങിങ്ങു തെളിയുന്ന നിര്‍മിതികള്‍ക്കു നടുവില്‍ ശിരസ്സുയര്‍ത്തുന്ന കൈലാസ സൗന്ദര്യംപോലെ ശ്രീപത്മനാഭസ്വാമിക്ഷേത്രം. 1939ലെ തിരുവനന്തപുരത്തിന്‍റെ ഈ ആകാശദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത് പ്രതിഭാധനനായ ഒരു ശ്രീപത്മനാഭദാസന്‍; ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ! അദ്ദേഹത്തിന്‍റെ പേരിലുള്ള ചിത്രാലയത്തിലേക്കു പ്രവേശിക്കുന്പോള്‍ ആദ്യം കണ്ണുടക്കുന്നതും ഈ അപൂര്‍വ ഫോട്ടോയില്‍തന്നെ. കാലത്തിന്‍റെ കാല്‍പ്പാടുകള്‍ കിരീടവും ചെങ്കോലും ചാര്‍ത്തിയെത്തുന്പോള്‍, രംഗവിലാസം കൊട്ടാരത്തിന്‍റെ ചില്ലുജാലകങ്ങള്‍ ചരിത്രത്തിന്‍റെ കോട്ടകൊത്തളങ്ങളിലേക്കു മലര്‍ക്കെ തുറക്കും. സ്വാതിതിരുനാള്‍ മഹാരാജാവ് പണികഴിപ്പിച്ച കൊട്ടാരക്കെട്ടില്‍ പഴമയുടെ സുഗന്ധത്തിനു തീവ്രത ഏറുകയാണിപ്പോള്‍. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സ്വപ്നപദ്ധതി- തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ നേര്‍ക്കാഴ്ചകളുടെ ശേഖരം- ഇവിടെ യാഥാര്‍ഥ്യമാകുന്നു. ഇത് രംഗവിലാസം ആര്‍ട്ട്ഗ്യാലറിയുടെ രണ്ടാംജന്മം! കാലം 1933. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരുവിതാംകൂറില്‍ മടങ്ങിയെത്തിയ അമ്മ മഹാറാണി സേതു പാര്‍വതി ഭായിയുടെ കണ്ണുകളില്‍ വശ്യമായൊരു വിഷാദം തുളുന്പിനിന്നു. ചരിത്രവും സംസ്കാരവും സംരക്ഷിക്കാന്‍, പുതുതലമുറയ്ക്കായി കരുതിവയ്ക്കാന്‍ പാശ്ചാത്യനാട്ടിലെല്ലാം മ്യൂസിയങ്ങളും ചിത്രാലയങ്ങളുമുണ്ട്. ചരിത്രം നാഴികക്കല്ലായി രാജവീഥിയൊരുക്കുന്ന തിരുവിതാംകൂറിലാകട്ടെ, ഇങ്ങനെയൊരു ശേഖരമില്ല. അനുപമങ്ങളായ ചിത്രമെഴുത്തുകളും അപൂര്‍വ നിര്‍മാണങ്ങളും വിലപിടിപ്പുള്ള കാഴ്ചവസ്തുക്കളും ഓരോരോ മഹാരാജാക്കന്മാരുടെ സ്വകാര്യശേഖരമായി, ആരോരുമറിയാതെ ഒതുങ്ങുന്നു. അയര്‍ലന്‍ഡുകാരനായ കലാചരിത്രകാരന്‍ ഡോ. ജെ.എച്ച്. കസിന്‍സിനെ മഹാറാണി ആ ചുമതല ഏല്‍പ്പിച്ചു; രംഗവിലാസം കൊട്ടാരത്തില്‍ ഒരു ചിത്രാലയം അണിയിചെ്ചാരുക്കുക. ‘അനന്ത-മാര്‍ത്താണ്ഡ-വിക്‌ടോറിയ കനാലിന്‍റെ ഉദ്ഘാടനവേളയില്‍ മണ്ണുകോരിയെടുക്കാന്‍ ഉത്രം തിരുനാള്‍ മഹാരാജാവ് ഉപയോഗിച്ച ആനക്കൊന്പില്‍ തീര്‍ത്ത പിടിയുള്ള വെള്ളിത്തൂന്പയും ആയില്യം തിരുനാളിന് ഡ്യൂക്ക് ഓഫ് എഡിന്‍ബറ സമ്മാനിച്ച ബൈനോക്കുലറും ഉള്‍പ്പെടെ, അപൂര്‍വ വസ്തുക്കളുടെ നിധിചെ്ചപ്പായി രംഗവിലാസം ആര്‍ട്ട്ഗാലറി പതിനഞ്ചുവര്‍ഷം നിലനിന്നു. സ്വാതന്ത്ര്യലബ്ധിയോടെ അപ്രത്യക്ഷമായ രാജപ്രൗഢികളിലൊന്നായി അതുപിന്നെ വിസ്മൃതിയില്‍ ലയിച്ചു. ആര്‍ട്ട്ഗ്യാലറിയുടെ രണ്ടാംജന്മത്തിനു വഴിയൊരുക്കിയതും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തന്നെ. കാലത്തിന്‍റെ സൗമ്യപ്രവാഹത്തിലെപ്പൊഴോ സ്വകാര്യശേഖരം പരിശോധിച്ച അദ്ദേഹം തെലെ്ലാന്ന് അന്പരന്നു; ആ

…

ാദിച്ചു. തിരുവിതാംകൂറിന്‍റെ ദൃശ്യചരിത്രം പറയുന്ന എണ്ണായിരത്തോളം അമൂല്യരേഖകള്‍ തന്‍റെ കൈവശം! ഗ്ലാസ് നെഗറ്റീവുകള്‍, ഫിലിം നെഗറ്റീവുകള്‍, ആല്‍ബങ്ങള്‍, പെയിന്‍റിങ്ങുകള്‍, ഡ്രോയിങ്ങുകള്‍... എല്ലാം ഒരു സ്വകാര്യശേഖരമായി ഒതുങ്ങിപ്പോകുന്നത് ചരിത്രത്തിനൊപ്പം നടന്ന ഉത്രാടം തിരുനാളിനു ചിന്തിക്കാനാകുമായിരുന്നില്ല. പഴമയുടെ നിദ്രയില്‍നിന്ന് ഇവയ്ക്കു പുതുജീവന്‍നല്‍കാന്‍ വഴിയാലോചിക്കൂ എന്നു പറഞ്ഞ്  രേഖകളെല്ലാം അദ്ദേഹം മലയാള മനോരമ പിക്ചര്‍ എഡിറ്റര്‍ ബി. ജയചന്ദ്രനു കൈമാറി. ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മുന്തിയ ദൃശ്യസൂക്ഷ്മതയോടെ ജയചന്ദ്രന്‍ ഇവ ഡോക്യുമെന്‍റ് ചെയ്തു. ഡോക്യുമെന്‍റേഷനു മാത്രമെടുത്തു രണ്ടുവര്‍ഷം. ശ്രമകരമായ ഈ ജോലിക്ക് ഒരുകൂട്ടം ചെറുപ്പക്കാരുടെ സഹായവും ലഭിച്ചു. കവടിയാര്‍ കൊട്ടാരത്തിലെ വിശാലമായ ഹാളില്‍, രാജകുടുംബാംഗങ്ങള്‍ക്കായി ദൃശ്യങ്ങളെല്ലാം പ്രദര്‍ശിപ്പിച്ചു. ആര്‍ട്ട്ഗ്യാലറി എന്ന ആശയം മെലെ്ല മെലെ്ല പൊന്തിവന്നു. കാലത്തിന്‍റെ യവനികയ്ക്കുള്ളില്‍ മറയാതെ ചരിത്രത്തിന്‍റെ തിരുശേഷിപ്പു വീണ്ടെടുത്തു സംരക്ഷിക്കുകയെന്ന മഹാദൗത്യം. ആശയങ്ങള്‍ ഒന്നൊന്നായി വിടരുകയായി. ഉത്രാടം തിരുനാള്‍ ഏല്‍പ്പിച്ച ചരിത്രനിധി സുരക്ഷിതമായി സൂക്ഷിക്കാനുള്ള പദ്ധതിരേഖ ജയചന്ദ്രന്‍തന്നെ തയാറാക്കി. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്‍റെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെയും ചരിത്രംപേറുന്ന ഇരുനൂറ്റി ഇരുപതു ചിത്രം തിരഞ്ഞെടുക്കലായിരുന്നു അടുത്തഘട്ടം. കാലത്തിന്‍റെ ചുളിവും നിറംനഷ്ടങ്ങളും മായ്ക്കാന്‍ എണ്ണച്ചായങ്ങള്‍ തൊടുവിച്ചശേഷം ചിത്രങ്ങള്‍ കൂറ്റന്‍ കാന്‍വാസിലേക്കു പകര്‍ത്തി. ഫൊട്ടോഗ്രഫിയുടെ രാജകീയശോഭയോടെ പിറന്ന ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ ചിലത് ബേസ് നഷ്ടമായതിനാല്‍ നിറങ്ങളിലേക്കു വഴുതി മാറിയതൊഴിച്ചാല്‍ ഭൂതകാലത്തെ അക്ഷരാര്‍ഥത്തില്‍ പുനരാനയിച്ച രൂപാന്തരമായിരുന്നു അത്. കുതിരമാളികയോടുചേര്‍ന്നുള്ള ഭജനപ്പുര കൊട്ടാരത്തിലെ പഴയ അതിഥിമന്ദിരത്തില്‍ പൗരാണികത്വത്തിന്‍റെ എല്ലാ സ്മൃതിഗന്ധങ്ങളും നുകര്‍ന്ന് ചരിത്രത്തിനൊപ്പംകഴിഞ്ഞ ആറുവര്‍ഷം അവിസ്മരണീയമെന്ന് ജയചന്ദ്രന്‍ വിശേഷിപ്പിക്കുന്നു. തിരുവിതാംകൂറിന്‍റെ വളര്‍ച്ചയില്‍ വഴിവിളക്കായി മിന്നുന്ന ചരിത്രമുഹൂര്‍ത്തങ്ങളുടെ സൂക്ഷിപ്പുഗൃഹമായി മാറുകയാണ് ചിത്രാലയം. തിരുവിതാംകൂറില്‍ രാഷ്ട്രീയ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കു വെടിമരുന്നായ നാഴികക്കല്ലുകള്‍ ദൃശ്യസ്മരണയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ചടങ്ങുകള്‍, ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ സ്ഥാനാരോഹണച്ചടങ്ങ്, ദേശീയ-രാജ്യാന്തര നയതന്ത്രജ്ഞരുടെ സന്ദര്‍ശനം, തിരുനാള്‍ ചടങ്ങുകള്‍, രാജകീയ വിവാഹങ്ങള്‍... എല്ലാം ഫോട്ടോയായോ പെയിന്‍റിങ്ങായോ ചിത്രാലയത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ബ്രിട്ടീഷുകാര്‍ പോസ്റ്റ് കാര്‍ഡിന് ഉപയോഗിച്ചിരുന്ന ഫൊട്ടോകളും വീണ്ടെടുത്തിട്ടുണ്ട്.സ്വാമിവിവേകാനന്ദന്‍ ജ്ഞാനഭിക്ഷാടനത്തിനിടെ തിരുവിതാംകൂറില്‍ എത്തിയപ്പോള്‍ ബിഎ പ്രിന്‍സ് എന്നു പ്രശസ്തനായ അശ്വതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അനന്തതയിലേക്ക് ഉറ്റുനോക്കുന്ന സ്വാമിവിവേകാനന്ദന്‍റെ, നൂറ്റി ഇരുപതു വര്‍ഷം പഴക്കമുള്ള ആ ഫോട്ടോയുടെ പകര്‍പ്പ് ചിത്രാലയത്തിലുണ്ട്. ഇതിന്‍റെ അസലോ? കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തില്‍ അനര്‍ഘരത്നം പോലെ സൂക്ഷിച്ചിരിക്കുകയാണത്. തിരഞ്ഞെടുത്ത ദൃശ്യങ്ങളുടെ വിഡിയോ ക്ലിപ്പിങ്ങുകള്‍ കാണാന്‍ ചിത്രാലയത്തില്‍ ഒരു മുറി നീക്കിവച്ചിരിക്കുന്നു. ‘ട്രാവന്‍കൂര്‍: എ സാഗ ഓഫ് ബെനിവലന്‍സ് എന്ന പേരില്‍ ബി. ജയചന്ദ്രന്‍റെ മേല്‍നോട്ടത്തില്‍ തയാറാക്കിയ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത് സമീപത്തുള്ള ലെവി ഹാളിലാണ്. ചിത്രാലയത്തിന്‍റെ 360 ഡിഗ്രി വെര്‍ച്വല്‍ ടൂര്‍ സമ്മാനിക്കുന്ന വെബ്‌സൈറ്റും തയാര്‍. രാജകീയപ്രൗഢി അടുത്തറിയാനും അനുഭവിച്ചറിയാനും ശ്രീമൂലംതിരുനാളിന്‍റെ വസതിയായിരുന്ന കൃഷ്ണവിലാസം കൊട്ടാരത്തിലും റോഡരികത്തു മാളികയിലും പഴയശൈലിയില്‍ അകത്തളങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ചിത്രാലയത്തിന്‍റെ പണിപ്പുരയില്‍നിന്ന് ഉരവം കൊണ്ടത് ഗതകാലചിത്രങ്ങളുടെ ഭീമന്‍ കാന്‍വാസ് പതിപ്പുകള്‍ മാത്രമല്ല, സവിശേഷമായൊരു ഗ്രന്ഥം കൂടിയാണ്- എ വിഷ്വല്‍ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍! ഫൊട്ടോഗ്രാഫുകളും പെയിന്‍റിങ്ങുകളും തിരുവിതാംകൂറിന്‍റെ ചരിത്രം പറയുന്നു. മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ഈ ദൃശ്യചരിത്രഗ്രന്ഥത്തില്‍ തിരുവിതാംകൂറില്‍ ഫോട്ടോഗ്രഫി എന്ന വിസ്മയകല രംഗപ്രവേശം ചെയ്തതിന്‍റെ നാള്‍വഴികള്‍ കൂടി ഇതള്‍ വിരിയുന്നുണ്ട്. ഉത്രം തിരുനാള്‍ മഹാരാജാവും പ്രിന്‍സ് വിശാഖം തിരുനാളും ഈശ്വരപിള്ള വിചാരിപ്പുകാരും ഒരുമിച്ചുള്ള 1857ലെ ഒരു ഫോട്ടോയാണ് കണ്ടെടുക്കപ്പെട്ടതില്‍ ഏറ്റവും പഴയത്. ഇതുള്‍പ്പെടെ, അവിസ്മരണീയങ്ങളായ ഒട്ടേറെ ഫ്രെയിമുകളും പെയിന്‍റിങ്ങുകളും 388 പേജുള്ള ഈ ബൃഹദ്ഗ്രന്ഥത്തില്‍ വിന്യസിച്ചിരിക്കുന്നു. ആയില്യം തിരുനാളിന്‍റെ വിവാഹഫോട്ടോ പോലെ ഏറെയും അപൂര്‍വം, മനോഹരം! വില്യം ഡിക്രൂസ് സീനിയര്‍, ജൂനിയര്‍ തുടങ്ങിയ കൊട്ടാര ഫൊട്ടോഗ്രഫര്‍മാരും ബിഎ പ്രിന്‍സ് പോലെയുള്ളവരും പകര്‍ത്തിയ ചിത്രങ്ങള്‍ തന്നെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉത്രാടം തിരുനാള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുവിതാംകൂറിന്‍റെ ചരിത്രം ദൃശ്യരേഖകളിലൂടെ അനാവരണം ചെയ്‌യുകയെന്ന അദ്ദേഹത്തിന്‍റെ ദീര്‍ഘകാലഅഭിലാഷമാണ് ചിത്രാലയത്തിലൂടെയും ദൃശ്യചരിത്രഗ്രന്ഥത്തിലൂടെയും പൂവണിയുന്നത്. പ്രിയ ജ്യേഷ്ഠന്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ചിത്രാലയത്തിന്‍റെ വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്പോള്‍ ഉത്രാടം തിരുനാള്‍ കൃതാര്‍ഥനാകുന്നു. അമ്മ മഹാറാണി മനസ്സില്‍ കൊളുത്തിയ ദീപം അണയാതെ കാക്കുന്പോള്‍ നവതിപുണ്യം നുകര്‍ന്ന ആ കണ്ണുകള്‍ ഈറനണിയുന്നു. ഇത് കാലത്തിനും ചരിത്രത്തിനുമുള്ള മറ്റൊരു തൃപ്പടിദാനം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു