Are you unable to read text? Download FontHide
തിരയുക

ഗോള്‍ഫ് ക്ലബ് പണ്ടു പ്രവര്‍ത്തിച്ചിരുന്നതു പോലെ തുടരുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം• ഇഎംഎസിന്‍റെയും ഇ.കെ. നായനാരുടെയും സി. അച്യുതമേനോന്‍റെയും കാലത്തു ഗോള്‍ഫ് ക്ലബ് എങ്ങനെ നടന്നിരുന്നോ അതുപോലെ ഇനിയും തുടരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. റവന്യു വകുപ്പിന്‍റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്‌ക്കൊടുവില്‍ കെ. മുരളീധരനാണു ഗോള്‍ഫ് ക്ലബ്ബിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എന്താണെന്നു ചോദിച്ചത്. നേരത്തെ ചര്‍ച്ചയ്ക്കിടെ ചില അംഗങ്ങള്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

ഗോള്‍ഫ് ക്ലബ് നശിക്കാതെ സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനം ഉടനെ ഉണ്ടാകുമെന്നു മന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു ഗോള്‍ഫ് ക്ലബ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പക്ഷേ അതിനുശേഷം ക്ലബ് ജീവനക്കാര്‍ക്കു ശന്പളം കൊടുക്കലും മറ്റു ചെലവുകളും ഖജനാവില്‍നിന്നു വഹിക്കേണ്ട സ്ഥിതിയായിരുന്നു. ക്ലബ് നടത്തിപ്പു സര്‍ക്കാരിനു ബാധ്യതയായി. മാത്രമല്ല ഗോള്‍ഫ് കോഴ്സ് കാടുപിടിക്കുകയും പാരന്പര്യ കെട്ടിടം നാശോന്മുഖമാവുകയും ചെയ്തു.

സംസ്ഥാനത്തിന് അഭിമാനകരമായ പ്രസ്ഥാനമാണ് ഇങ്ങനെ നശിക്കുന്നത്. ഗോള്‍ഫ് ക്ലബ്ബിനു മറ്റെവിടെയെങ്കിലും സ്ഥലം കൊടുക്കണമെന്നും ചിലര്‍ നിര്‍ദേശിച്ചിരുന്നു. അങ്ങനെ വേറെ സ്ഥലം കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മനോഹരമായ സ്ഥലം സംരക്ഷിച്ചു കൊണ്ടുപോകാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു ഗോള്‍ഫ് ക്ലബ് ഏറ്റെടുത്തതില്‍ മാറ്റം വരുത്തുന്നുണ്ടോ എന്നു സി. ദിവാകരന്‍ ചോദിച്ചു. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ നയമല്ല നടപ്പാക്കുന്നതെന്നു മന്ത്രി മറുപടി നല്‍കി. യുഡിഎഫിനെ ജനങ്ങള്‍ തിരഞ്ഞെടുത്തയച്ചതു സ്വന്തം നയം നടപ്പാക്കാനാണ്.

കഴിഞ്ഞ സര്‍ക്കാരിന്‍റെ നടപടികള്‍അതേപടി തുടരേണ്ട കാര്യമില്ല. ഈ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുന്നേറ്റു പറഞ്ഞു: ഇഎംഎസിന്‍റെയും നായനാരുടെയും അച്യുത മേനോന്‍റെയും കാലത്തു ഗോള്‍ഫ് ക്ലബ്എങ്ങനെ നടന്നിരുന്നോ അതുപോലെ തുടര്‍ന്നും നടത്തും. നിങ്ങള്‍ തെറ്റായ തീരുമാനമാണെടുത്തത്. നികുതിദായകര്‍ക്ക് അതു ബാധ്യതയാവുകയും ചെയ്‌തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു