Are you unable to read text? Download FontHide
തിരയുക

‘ഗോമുഖ്’

ഗോമുഖ് _ ഭാരതത്തിലെ പവിത്ര നദിയായ ഗംഗയുടെ പ്രഭവസ്ഥാനം. തീര്‍ഥാടകരെയും സാഹസിക യാത്രികരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഹിമാലയ മലനിരകളിലെ അതീവ ദുര്‍ഘടമായ പുണ്യധാമം. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞുമലകളില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന അമൃതജലം ഒരു അരുവിയായി ആദ്യം ദൃശ്യമാകുന്നത് ഇവിടെയാണ്. അതെ ; ഗംഗ നദിയായി ഇവിടെ അവതാരമെടുക്കുന്നു.   

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹരിദ്വാറാണ് ഹിമാലയത്തിലെ പുണ്യതീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ഭാരതത്തില്‍ നിന്നുള്ള പ്രവേശന കവാടം. ഹരിയുടെ (ഈശ്വരന്‍റെ) പവിത്ര ഭൂമിയിലേക്കുള്ള പ്രവേശന ദ്വാരം എന്നാണ് ഹരിദ്വാര്‍ എന്ന പേരിന് അര്‍ഥം. ഹിമവല്‍നിരകളിലൂടെ ആര്‍ത്തിരന്പിയെത്തുന്ന ഗംഗ ഇവിടെയാണ് ആദ്യമായി ഭൂസ്പര്‍ശം നടത്തുന്നത് _ സമതല ഭൂമിയില്‍ എത്തുന്നത്. ഹരിദ്വാറിലെ ഹര്‍ കീ പൗഡി (ബ്രഹ്മകുണ്ഡ്) സ്നാന ഘട്ടത്തില്‍ എന്നും സന്ധ്യാവേളയില്‍ നടക്കുന്ന ഗംഗാ ആരതി തീര്‍ഥാടകരുടെ കണ്ണിനും കരളിനും ഹൃദ്യമായ വിരുന്നാണ്. ആയിരക്കണക്കിനു ദീപങ്ങളാല്‍ ഗംഗയും തീരവും അപ്പോള്‍ പ്രഭാപൂരിതമാകും. ഇവിടത്തെ ക്ഷേത്രത്തില്‍ നിന്നും ദീപം കൊളുത്തി നദിയെ ദേവിയായി സങ്കല്‍പിച്ച് ആലില വിളക്കുകളാല്‍ ആരതി ഉഴിയുന്ന പൂജാരിമാര്‍ക്കൊപ്പം ഇലക്കുന്പിളുകളില്‍ പൂക്കള്‍ നിറച്ച് ദീപം കൊളുത്തി നദിയിലൊഴുക്കി അനേക സഹസ്രം ഭക്തജനങ്ങളും ഗംഗാ ആരതിയില്‍ പങ്കു ചേരും. നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശംപോലെ അതിമനോഹരമായ ദൃശ്യവിരുന്നാണ് ഗംഗാ ആരതി. എല്ലാ ദിവസവും അനേകായിരങ്ങള്‍ ഈ മഹാമേളയില്‍ പങ്കെടുക്കുന്നു.

  ഹരിദ്വാറില്‍ നിന്ന് ഗംഗോത്രി വഴി ഗോമുഖ്    
ഹരിദ്വാറില്‍ നിന്ന് പൂര്‍വകാലത്തെ തപോഭൂമികളായ ൠഷികേശ്, ഉത്തരകാശി എന്നിവിടങ്ങളിലൂടെ ഏതാണ്ട് മൂന്നുറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗംഗാദേവി ക്ഷേത്രം സ്ഥിതി ചെയ്‌യുന്ന പ്രസിദ്ധമായ ഗംഗോത്രിയില്‍ (ഗംഗോത്തരി എന്ന പേര് ലോപിച്ചാണ് ഗംഗോത്രി ആയത്) എത്താം. വാഹനത്തിലാണ് യാത്ര എങ്കിലും മലനിരകളിലെ പാതകള്‍ വീതി കുറഞ്ഞതും ദുര്‍ഘടവുമായതിനാലും മലയിടിഞ്ഞ് ഇടയ്ക്കിടെ വഴി മുടങ്ങാമെന്നതിനാലും രണ്ടോ മൂന്നോ ദിവസം ഇതിനു വേണ്ടിവരും. ഡല്‍ഹിയില്‍ നിന്നാണെങ്കില്‍ നാലു ദിവസവും.

ഗംഗോത്രി വരെയേ വാഹനം എത്തൂ. ഗംഗയുടെ ഉത്ഭവസ്ഥാനമായ ഗോമുഖ് അവിടെ നിന്ന് പതിനെട്ടു കിലോമീറ്റര്‍ അകലെയാണ്. കാറ്റടിക്കുന്പോള്‍ പാറകള്‍ ഇളകി വീഴുന്ന കൂറ്റന്‍ മലനിരകളുടെ അരികുചേര്‍ന്ന്, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടുവഴികളിലൂടെ തികച്ചും ദുര്‍ഘടമാണ്. അങ്ങോട്ടുള്ള യാത്ര. തലയ്ക്കുമീതെ ഏതു നിമിഷവും താഴേയ്ക്കു പതിചേ്ചക്കാമെന്ന മട്ടില്‍ നില്‍ക്കുന്ന കൂറ്റന്‍ കല്ലുകള്‍ മനസില്‍ ഭീതി വളര്‍ത്തും. കാല്‍ച്ചുവട്ടില്‍ അഗാധമായ മലയിടുക്കുകളും. എന്നാല്‍ ഇടയ്ക്കിടെ കാണുന്ന കളകളാരവം മുഴക്കി ഒഴുകുന്ന അരുവികള്‍ യാത്രികര്‍ക്ക് ആശ്വാസം പകരും. കുളിര്‍ ജലം നല്‍കി അവ ദാഹം ശമിപ്പിക്കുന്നതോടൊപ്പം മനസും കുളിര്‍പ്പിക്കുന്നു. മഞ്ഞണിഞ്ഞ മലനിരകളുടെ മനോഹര ദൃശ്യവും വിസ്മയമുണര്‍ത്തും.

നമ്മുടെ ശരീര ശക്തിയെക്കാള്‍ മനസിന്‍െറ ഇച്ഛാശക്തി പരീക്ഷിക്കുന്നതാണ് ഗോമുഖിലേക്കുള്ള യാത്ര. മലനിരകളിലെ മഞ്ഞു വീഴ്ചയുടെ കാഠിന്യം അല്‍പം കുറയുന്ന മേയ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഹിമാലയത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ ചതുര്‍ധാമുകള്‍ (യമുനോത്രി, ഗംഗോത്രി, കേദാര്‍ നാഥ്, ബദരീനാഥ്) തീര്‍ഥാടകര്‍ക്കായി തുറക്കുന്നു. ഇതോടെ രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് സന്ദര്‍ശക പ്രവാഹം ആരംഭിക്കുകയായി. ഗോമുഖ് സന്ദര്‍ശനവും ഈ സമയമാണ് സാധ്യമാകുക.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു