Are you unable to read text? Download FontHide
തിരയുക

കാവുകള്‍ വിശ്രാന്തിയിലേയ്ക്ക്

ഇടവസംക്രമം കഴിഞ്ഞതോടെ ഉത്തരകേരളത്തിലെ കാവുകള്‍ വിശ്രാന്തിയിലേയ്ക്കു മടങ്ങുന്നു. നീലേശ്വരം മന്ദംപുറത്തു കാവിലെ കലശത്തോടെ പഴയ അള്ളട സ്വരൂപത്തിലെ കളിയാട്ടങ്ങള്‍ക്കു സമാപനമായെങ്കിലും ജില്ലയിലെ പ്രമുഖ കാവുകളിലെല്ലാം ഇന്നലെ നടന്ന സംക്രമ അടിയന്തിരത്തോടെയാണു പ്രധാന ചടങ്ങുകള്‍ സമാപിച്ചത്. എല്ലാ സംക്രമദിവസങ്ങളിലും കാവില്‍ നിന്നു വരവ്  ചടങ്ങു നടക്കുന്ന കമ്മാടം ഭഗവതീക്ഷേത്രം കാവില്‍  ഇനി ചിങ്ങസംക്രമം വരെ ഇടവേളയാണ്.

ചീമേനി പാറമ്മലമ്മ ദേവസ്ഥാനത്തേയ്ക്കു ഇന്നലെ നാലുകുന്നില്‍ നിന്നും അന്തിത്തിരിയന്‍മാരെത്തി അരിയെറിഞ്ഞു. ഇവിടുത്തെ അരിത്രാവുന്ന പാറയില്‍ സ്വന്തം നിഴല്‍ പതിക്കാതെയാണ് ഇവര്‍ അരിയെറിയുക. പട്ടുടുത്ത് ഓട്ടുപാത്രവുമായി പ്രധാന അന്തിത്തിരിയന്‍ മുന്നിലും ഓലക്കുടയും ധാന്യങ്ങളുമായി മറ്റു രണ്ടുപേര്‍ പിന്നിലുമെന്ന ക്രമത്തിലാണ് റോഡിലൂടെ കിലോമീറ്ററുകളോളം ഇവര്‍ ഇവിടേയ്ക്കു നടന്നെത്തിയത്. ചിലയിടങ്ങളില്‍ എല്ലാമാസവും സംക്രമദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടത്താറുണ്ട്. കര്‍ക്കടകം 18നു മിക്ക ക്ഷേത്രങ്ങളിലും പൂജകളുണ്ടാവും.

ആധിവ്യാധികളും മഹാമാരികളുമകറ്റാന്‍ കര്‍ക്കടകത്തില്‍ മാരിത്തെയ്‌യങ്ങളും മാലോകര്‍ക്ക് ഐശ്വര്യം ചൊരിയാന്‍ ചിങ്ങത്തില്‍ ഓണത്താറും ഇനി ഗ്രാമങ്ങളിലെത്തും. നാലുമാസത്തെ ഇടവേളയ്‌ക്കൊടുവില്‍ തുലാം ഒന്നിനു തിമിരി വയലില്‍ വലിയവളപ്പില്‍ ചാമുണ്ഡി വിത്തുവിതയ്ക്കുന്നതോടെയാണു ജില്ലയില്‍ മറ്റൊരു തെയ്‌യക്കാലത്തിനു തുടക്കമാവുക. തുലാം പത്തോടെ ഇതു കൂടുതല്‍ സജീവമാവുകയും ചെയ്‌യും.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു