Are you unable to read text? Download FontHide
തിരയുക

കാര്‍ട്ടൂണുണ്ട്... സൂക്ഷിക്കുക

കുട: വെയില് കഠിനം തന്നെ.
കാക്ക: അതെയോ.
കുട: വെയിലു കൊണ്ടാല്‍ കറുത്തുപോകുമെന്ന് പറയുന്നത് എത്ര ശരി.
കാക്ക: അതെന്താ.
കുട: എന്നെ നോക്ക്. ഞാനെത്രമാത്രം കറുത്തുപോയി.
(ബുഖാരി ധര്‍മഗിരിയുടെ ‘കാര്‍ട്ടൂണ്‍ഗേറ്റില്‍ കണ്ടത്)

മതിലുകെട്ടി ഗേറ്റ് പൂട്ടി ‘പട്ടിയുണ്ട്; സൂക്ഷിക്കുക എന്ന ബോര്‍ഡും സ്ഥാപിച്ച് ഭദ്രമാക്കി വയ്ക്കാനാണു മലയാളിക്ക് താല്‍പര്യം. ബുഖാരിയും വീടിന്‍റെ ഗേറ്റ് പൂട്ടിയിടുകയാണു പതിവ്. എന്നാലും ഈ ഗേറ്റിനു മുന്നിലെത്തുന്ന ആരും ഒന്നുനില്‍ക്കും. ഗേറ്റിലൊന്നു നോക്കും. കറുപ്പണിഞ്ഞ ഗേറ്റ് മുഴുവന്‍ ആരോ കുത്തിവരച്ച് നാശമാക്കിയതാണെന്നു തോന്നും ദൂരക്കാഴ്ചയില്‍. അടുക്കുംതോറും വരകള്‍ക്കു തെളിമയേറും. വീണ്ടുമടുത്തെത്തുന്പോള്‍ വരകള്‍ക്കൊപ്പം വാചകങ്ങളും. നനച്ച ചോക്കുകൊണ്ട് കോറിവരച്ച കാര്‍ട്ടൂണുകളാണു ഗേറ്റില്‍. അദ്ഭുതം വിട്ടുമാറും മുന്‍പ് ഉള്ളിലൊരു ചിരി വിടര്‍ന്നേക്കാം. ചിലപ്പോളതു പൊട്ടിച്ചിരിയായി രൂപപ്പെടാം. അതുമല്ലെങ്കില്‍ ആത്മരോഷം... അല്‍പം ആത്മീയത.

തേഞ്ഞിപ്പലം പെരുവള്ളൂരിനടുത്ത് കാടപ്പടിയില്‍ വലിയാക്കത്തൊടി ഷംസുദീന്‍ ബുഖാരിയുടെ വീട്ടുഗേറ്റ് ഒരു വലിയ സ്ളേറ്റാണ്. ഒരു പാളി കറുപ്പടിച്ചും മറുപാതി ഒന്നുമുതല്‍ പത്തുവരെയുള്ള പന്തുകള്‍ ചേര്‍ത്തും രൂപപ്പെടുത്തിയ വലിയൊരു സ്ളേറ്റ്. രണ്ടു പാളികളും ചേര്‍ന്നാല്‍ ഗേറ്റ്.

ഈ ഗേറ്റില്‍ എല്ലാ തിങ്കളാഴ്ചയും ഒാരോ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെടും. സമീപകാല രാഷ്ട്രീയ വിശകലനങ്ങള്‍, ചിന്തകള്‍, ആകുലതകള്‍, ദര്‍ശനങ്ങള്‍ അങ്ങനെ പലതും ആകും വിഷയം. വെളുത്ത ചോക്ക് നനച്ച് വരയ്ക്കും. തുടച്ചാലും മായാതെ ഒരാഴ്ച അതങ്ങനെ നില്‍ക്കും. വഴിയാത്രക്കാര്‍, ഒാട്ടോഡ്രൈവര്‍മാര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ അങ്ങനെ സ്ഥിരംപ്രേക്ഷകരുണ്ട് ഈ കാര്‍ട്ടൂണുകള്‍ക്ക്. കാര്‍ട്ടൂണ്‍ കാണാനായി മാത്രം സ്ഥിരംവഴി ഉപേക്ഷിച്ച് ആഴ്ചയിലൊരിക്കല്‍ കാടപ്പടി വഴിയെത്തുന്ന പതിവുകാരും ഉണ്ട്.

മൂന്നുവര്‍ഷമായി ഗേറ്റ് കാര്‍ട്ടൂണ്‍ രചന തുടരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പത്തുവര്‍ഷത്തിലേറെ പ്രവാസജീവിതം നയിച്ച ബുഖാരി തിരികെ നാട്ടിലെത്തിയശേഷം നിര്‍മിച്ച വീടിനു നല്‍കിയ പേര് ‘തന്പ് എന്നാണ്. വീടിനു ഗേറ്റ് നിര്‍മിക്കുന്പോള്‍ വ്യത്യസ്തത തേടിയാണു സ്ളേറ്റിന്‍റെ രൂപത്തില്‍ ഡിസൈന്‍ ചെയ്തത്.

ചെറുപ്പംമുതലേ ഉള്ളില്‍ കൊണ്ടുനടന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഗേറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞ്. കൃത്യമായി പറഞ്ഞാല്‍ 2009 സെപ്റ്റംബറില്‍ ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്ന ദിവസം. ചന്ദ്രനിലേക്കു വീസ ചോദിചെ്ചത്തുന്ന ഒരു വയോധികനെയാണ് ആദ്യമായി അവതരിപ്പിച്ചത്. ആദ്യ ഗേറ്റ് കാര്‍ട്ടൂണിനു ലഭിച്ച മികച്ച പ്രതികരണം കണ്ടാണ് ഈ വര തുടര്‍ന്നത്. ഒാരോ ആഴ്ചയിലെയും പ്രധാനസംഭവങ്ങളില്‍ ഊന്നിയുള്ള കാഴ്ചപ്പാടാണ് അവതരിപ്പിക്കുക. ആദ്യം മനസ്സില്‍ തോന്നിയ ആശയങ്ങള്‍ വലിയ നോട്ട്ബുക്കില്‍ വരച്ചിടും. പിന്നീട് അതില്‍ നിന്നു ഗേറ്റിലേക്കു വലിയ രൂപത്തില്‍ വരയ്ക്കും.

ഇങ്ങനെ വരച്ച കാര്‍ട്ടൂണുകള്‍ കൊണ്ട് മൂന്ന് ബുക്കുകള്‍ നിറഞ്ഞു. ആന, കാക്ക, കുട തുടങ്ങി സ്ഥിരം കഥാപാത്രങ്ങളുണ്ട് ബുഖാരിക്ക്. ഇവരുടെ ആത്മഭാഷണങ്ങളും വിശകലനങ്ങളുമൊക്കെയാകും മിക്കപ്പോഴും. ബുഖാരി ധര്‍മഗിരി എന്ന തൂലികാനാമമാണ് ഉപയോഗിക്കുന്നത്. ബ്ളോഗില്‍ അയേ്‌യാ എന്ന പേരിലും ഫേസ് ബുക്കില്‍ ‘പുകില്‍ എന്ന പേരിലും കാര്‍ട്ടൂണ്‍ പംക്തികള്‍ കൈകാര്യം ചെയ്‌യുന്നു. വീടിനുമുന്നില്‍ ടെയ്ലറിങ് ഷോപ് നടത്തിയും ചെറിയ ചെറിയ ബിസിനസ്സുകളും പിന്നെ കാര്‍ട്ടൂണ്‍ രചനകളുമായും ബുഖാരിയുടെ ജീവിതം മുന്നോട്ടുപോകുന്നു...

ഒടുവില്‍ ബുഖാരിയുടെ ഗേറ്റില്‍ കണ്ടത്:
കാക്ക: സാര്‍ ഈ കഥയെങ്കിലും മടക്കി അയയ്ക്കരുത്.
ആന: മടക്കാതെ അയയ്ക്കാന്‍ നിര്‍വാഹമില്ല. അത്ര വലിയ കവര്‍ ഇല്ലാത്തതിനാല്‍ ‘മടക്കിത്തന്നെ അയയ്ക്കുന്നു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു