Are you unable to read text? Download FontHide
തിരയുക

കരിയുന്ന സ്വപ്നങ്ങള്‍

വരണ്ടു വിണ്ടുകീറിയ പാടത്തില്‍ നെല്‍ക്കൃഷി കരിഞ്ഞുണങ്ങി നില്‍ക്കുന്നതു കാണാന്‍ കെല്‍പ്പില്ലാതെ പാലക്കാട് പെരുവന്പില്‍ കര്‍ഷകര്‍ അതു കത്തിച്ചു. ഒന്‍പത് ഏക്കറിലെ നെല്‍ക്കൃഷിയാണു ചെറാപ്പൊറ്റ ദേവന്‍ കത്തിച്ചത്. അടുത്ത പ്രദേശത്തെ പലരും അതുതന്നെ ചെയ്തു. 100 ഏക്കറിലധികം നെല്‍ക്കൃഷി ഇങ്ങനെ കത്തിയെരിഞ്ഞു.  

52,000 ഹെക്ടറിലാണു പാലക്കാട് ജില്ലയില്‍ സാധാരണ രണ്ടാംവിള നടത്താറ്. വെള്ളം ലഭിക്കാത്തതിനാല്‍ ഇത്തവണ 10,000 ഹെക്ടറില്‍ കൃഷി ഇറക്കിയിട്ടില്ല. ഇറക്കിയ കൃഷിയില്‍ 15,000ത്തില്‍ അധികം ഹെക്ടര്‍ സ്ഥലത്തെ നെല്ല് വരള്‍ച്ചയില്‍ നശിക്കുമെന്നാണു കൃഷിവകുപ്പിന്‍റെ ഒടുവിലത്തെ കണക്ക്. 400 ഹെക്ടറിലെ പുഞ്ചക്കൃഷി പൂര്‍ണമായി കരിഞ്ഞു.

പറന്പിക്കുളം _ ആളിയാര്‍ പദ്ധതിയില്‍ നിന്നു കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം സമയത്തിനു ലഭിക്കാതെ ചിറ്റൂര്‍ താലൂക്കില്‍ മാത്രം 10,000 ഹെക്ടര്‍ നെല്‍ക്കൃഷി ഉണങ്ങി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്‍ക്കൃഷിചെയ്‌യുന്ന താലൂക്കു ചിറ്റൂരാണ്. കുഴല്‍ക്കിണറിനെ ആശ്രയിച്ചാണു പ്രധാനമായും കൃഷി. മേഖലയിലെ ഭൂഗര്‍ഭജലം കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഒരു മീറ്റര്‍ താഴ്ന്നുവെന്നാണു കേന്ദ്ര ഭൂഗര്‍ഭജല അതോറിറ്റിയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവിടെ കുഴല്‍ക്കിണറുകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പൂര്‍ണമായും മഴയെ ആശ്രയിച്ചുള്ള കൃഷിയാണെങ്കിലും കാപ്പിക്കൃഷിയെ വരള്‍ച്ച ബാധിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ കാപ്പിയെയും വരള്‍ച്ച പിടികൂടുമെന്നു കോഫി ബോര്‍ഡ് മുന്നറിയിപ്പു നല്‍കുന്നു.

പച്ചക്കറിയല്ല, ഉണക്കക്കറി  
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന പാലക്കാടു കൊല്ലങ്കോട് എലവഞ്ചേരിയില്‍ ഉണങ്ങിനശിച്ച പടവലപ്പന്തലുകള്‍ക്കു നടുവില്‍ പതറിനില്‍ക്കുകയാണു ശിവദാസന്‍. വിരിഞ്ഞതും മൂപ്പെത്താത്തതുമായ കായ്കള്‍ മിക്കതും ഉണങ്ങിവീണു. തീ കണ്ടാല്‍ ആളിക്കത്തുന്ന സ്ഥിതിയിലാണു പാവയ്ക്ക, പടവല പന്തലുകള്‍. പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങളുടെ ജീവിതമാണു വഴിമുട്ടിയത്. കൃഷികൊണ്ടുമാത്രം ജീവിക്കുന്ന ഇവര്‍ക്കെല്ലാംകൂടി 10 കോടി രൂപയിലധികം വായ്പയുണ്ട്. പാലക്കാട് ജില്ലയില്‍ ഏതാണ്ടു 2000 ഹെക്ടര്‍ പച്ചക്കറിക്കൃഷി ഇതിനകം നശിച്ചു.

ഇടുക്കി ജില്ലയിലെ മഴനിഴല്‍ പ്രദേശമാണെങ്കിലും ചന്ദനക്കാടിനു പേരുകേട്ട മറയൂരും കാന്തല്ലൂരും വട്ടവടയും കേരളത്തിന്‍റെ പച്ചക്കറിത്താഴ്‌വരയാണ്. എന്നാല്‍, ഈ പഞ്ചായത്തുകള്‍ കൊടുംവരള്‍ച്ചയിലാണ്. കരിന്പുകൃഷി ഉപേക്ഷിച്ചു പലരും കവുങ്ങുപോലുള്ള കൃഷിയിലേക്കു മാറാന്‍ പോകുകയാണെന്ന് ആലുവയില്‍ നിന്നു കുടിയേറിയ ഗോപാലന്‍ നായരെന്ന പഴയ കര്‍ഷകന്‍റെ മകന്‍ ജി. രാജന്‍ പറഞ്ഞു. പാന്പാറില്‍ നിന്നുള്ള വെള്ളം കുറഞ്ഞതോടെ കരിന്പുകൃഷി ചെയ്‌യാനാവാത്തവിധം വരള്‍ച്ചയാണ്.

കേരളത്തിന്‍റെ ശീതകാല പച്ചക്കറി വിളയുന്ന കാന്തല്ലൂര്‍ ഗ്രാമം. ദൂരെ, മലയുടെ നെറുകയിലെ കൃഷിയിടത്തിലേക്കു ഗുഹനാഥപുരത്തെ എം. രാമര്‍ മനോരമ സംഘത്തെ ക്ഷണിച്ചു. ക്രിക്കറ്റ് പന്തിന്‍റെ മാത്രം വലുപ്പമുള്ള കാബേജ് ഇളക്കിയെടുത്തു രാമര്‍ നഷ്ടത്തിന്‍റെ കഥ പറഞ്ഞു. ഡിസംബറിലും ജനുവരിയിലും വിളവെടുക്കാന്‍ കഴിഞ്ഞാല്‍ കുറഞ്ഞതു 12 ലക്ഷം രൂപ കിട്ടുമായിരുന്നു. വെള്ളമില്ലാത്തതിനാല്‍ കാബേജ് മാത്രമല്ല, ഏഴേക്കറിലെ പട്ടാണിപ്പയര്‍, ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവയും നശിച്ചു. രാമറെപ്പോലെ മുന്നൂറിലേറെ കര്‍ഷകരാണു കാന്തല്ലൂരില്‍ മാത്രം. ഈ സീസണില്‍ ഏകദേശം രണ്ടുകോടി രൂപയുടെ പച്ചക്കറി കരിഞ്ഞതായി കണക്കാക്കുന്നു.അച്ചാമ്മ ഉലഹന്നാന്‍ (കുരുമുളകു കര്‍ഷക)  
മാഞ്ചിറയില്‍, പുല്‍പള്ളി, വയനാട്

അക്കാലം:

       1999ല്‍ മൂന്നരയേക്കറില്‍ സമൃദ്ധമായ കുരുമുളക്. വര്‍ഷത്തില്‍ 22 ക്വിന്‍റല്‍ വരെ വിളവ്.

ഇക്കാലം:

      വരള്‍ച്ചമൂലം വള്ളി നശിച്ചതിനാല്‍ പലയിടത്തായി ഒരേക്കറിലേക്കു ചുരുങ്ങി. കഴിഞ്ഞ വര്‍ഷം കിട്ടിയതു മൂന്നു ക്വിന്‍റല്‍. ഇത്തവണ പ്രതീക്ഷിക്കുന്നതു കഷ്ടി ഒരു ക്വിന്‍റല്‍.

കാരണം:

       കാലാവസ്ഥാ വ്യതിയാനം, മഴക്കുറവ്.

ശാസ്ത്രീയപഠനം:

       കുരുമുളകു തിരിയിട്ടാല്‍ നല്ല മഴ ലഭിച്ചാലേ പരാഗണം നടക്കൂ. മണ്ണു തണുക്കുന്ന പോലെ മഴ പെയ്താല്‍ തളിര്‍ക്കും, തിരിയിടും. ആ സമയത്തെ മഴത്തുള്ളികള്‍ ഒരു തിരിയില്‍ നിന്നു മറ്റൊരു തിരിയിലേക്കു വീണു പരാഗണം നടക്കും.

ജോസഫ് കാഞ്ഞിരത്തിങ്കല്‍ (തെങ്ങു കര്‍ഷകന്‍)      
കുറ്റ്യാടി, കോഴിക്കോട്

അക്കാലം:

       1995_1998 കാലഘട്ടത്തില്‍ മൂന്നേക്കര്‍ പറന്പിലെ 150 തെങ്ങില്‍ നിന്നു 3000-4000 തേങ്ങ.

ഇക്കാലം:

      വര്‍ഷത്തില്‍ 1000-1500 തേങ്ങ കിട്ടിയാലായി. മണ്ഡരിബാധ മൂലം ചെറിയ തേങ്ങ. വിലയും ഇല്ല.

കാരണം:

      രോഗത്തിനു പുറമേ വരള്‍ച്ച.

ശാസ്ത്രീയപഠനം:

      മഴ കുറഞ്ഞാല്‍ തെങ്ങിന്‍റെ ഓല ഉണങ്ങും, ഇടിയും. മൂപ്പെത്താത്ത തേങ്ങയും മച്ചിങ്ങയും പൊഴിയും. ഒരുകൊല്ലം വരള്‍ച്ചബാധിച്ച തെങ്ങിന് അടുത്തവര്‍ഷം നല്ല വളവും വെള്ളവും കൊടുത്താല്‍ രക്ഷപ്പെടും. പക്ഷേ, തുടര്‍ച്ചയായി നാലുവര്‍ഷം വരള്‍ച്ച ബാധിച്ച തെങ്ങിനെ രക്ഷിക്കാന്‍ കഴിയില്ല. മഴക്കുറവു മൂലം കീടങ്ങളുടെ ആക്രമണവും വര്‍ധിക്കും.

സില്‍പോളിന്‍ ജലസംഭരണി      
കൃഷിക്കായി മഴവെള്ളം ചെലവുകുറച്ചു സംഭരിക്കാനുള്ള മാര്‍ഗമാണു സില്‍പോളിന്‍ സംഭരണികള്‍. പുരയിടത്തില്‍ കുളംകുഴിച്ച് 200 ഗേജുള്ള സില്‍പോളിന്‍ ഷീറ്റ് വിരിച്ചു മഴവെള്ളം സംഭരിക്കാം. ഇത്തരത്തില്‍ ചെറുകുളങ്ങള്‍ തീര്‍ത്ത് കൊതുകുവല വിരിച്ചു ഭദ്രമായി സൂക്ഷിച്ചാല്‍ വേനല്‍ക്കാലത്ത് എറെ ഉപകാരപ്പെടും.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു