Are you unable to read text? Download FontHide
തിരയുക

കഥയുള്ള ജീവിതം

നാലാം ക്ലാസില്‍ പഠിക്കുന്ന രേവതി എന്ന കൊച്ചുകുട്ടിക്ക് അതു പരീക്ഷാദിനമായിരുന്നു. സ്കൂളിലെ ജനലരികില്‍ കണ്ണീരുണങ്ങാത്ത ഒരു മുഖം. അത് അമ്മയുടേതായിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയ രേവതി ഒരു ബൂത്തില്‍ നിന്ന് അച്ഛന്‍റെ വീട്ടിലെ ഫോണിലേക്കു വിളിച്ചു: ‘അച്ഛാ, ഞാന്‍ അമ്മയുടെ കൂടെ പോകുന്നു...
ഒറ്റവാചകത്തില്‍ പൂരിപ്പിച്ച ആ ഫോണ്‍കോള്‍ മാറ്റിമറിച്ചത് രേവതിയെന്ന പെണ്‍കുട്ടിയുടെ ജീവിതമാണ്. ആ കുഞ്ഞിന്‍റെ മുന്‍പില്‍ വലിയൊരു ചോദ്യമുണ്ടായി. ഇനിയുള്ള കാലം എങ്ങനെ ജീവിക്കും? നാലും മൂന്നും ഏഴ് എന്നു കൂട്ടിയെഴുതുന്ന ലാഘവത്തോടെ അവള്‍ അതിന് ഉത്തരമുണ്ടാക്കി.

കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗൃഹനാഥയായി മാറാനായിരുന്നു രേവതിയുടെ വിധി. കടല്‍ ഒന്നു തേങ്ങിയാല്‍ കേള്‍ക്കാവുന്ന ദൂരത്തില്‍ ഓലമേഞ്ഞും ഓലകൊണ്ട് ചുമര്‍തീര്‍ത്തുമുണ്ടാക്കിയ വീട്ടില്‍ അമ്മയുടെ വേദന അടക്കിപ്പിടിച്ചുകിടന്ന് അവള്‍ ജീവിതം പഠിച്ചു. കടലിന്‍റെ കരച്ചിലിനെക്കാള്‍ ഉച്ചത്തില്‍ അമ്മയുടെ തേങ്ങല്‍ ഉയര്‍ന്നപ്പോഴൊക്കെ അവള്‍ അമ്മയ്ക്കുവേണ്ടി ജീവിക്കാന്‍ കൊതിച്ചു...

ഇത് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ തൊടാത്ര രേവതി എന്ന ഇരുപത്തിയൊന്നുകാരിയുടെ ജീവിതം. രണ്ടാംക്ലാസില്‍ പഠിക്കുന്പോള്‍ അച്ഛനും അമ്മയും തമ്മില്‍ പിരിഞ്ഞു. സ്‌നേഹിച്ചു സ്‌നേഹിച്ച് ഒടുവില്‍ ഒരുമിച്ച ജീവിതത്തിന് ചെറുവാശിയുടെ ഓട്ടക്കാലണയായിരുന്നു വില! രണ്ടുവര്‍ഷം രേവതി അച്ഛനൊപ്പമായിരുന്നു. എറിയാട് എഎംഐയുപി സ്കൂളില്‍ പഠനം. ഇടയ്ക്ക് ക്ലാസ്മുറിക്കു മുറ്റത്ത് ദുര്‍ബലയായൊരു അമ്മയെ അവള്‍ കണ്ടു. മകളെ കാണുന്പോള്‍ സ്‌നേഹംകൊണ്ടും നൊന്പരംകൊണ്ടും പിടയുന്നൊരു അമ്മക്കണ്ണ് അവര്‍ക്കുണ്ടായിരുന്നു.

അച്ഛനുമായി പിരിഞ്ഞുപോന്നപ്പോള്‍, പ്രേമവിവാഹത്തിന്‍റെ പേരില്‍ ഊരുവിലക്കു കല്‍പ്പിച്ച സ്വന്തം വീട്ടിലേക്കു പോകാനാവാത്തതും ചാവാന്‍ ചാടിയ വണ്ടിയുടെ മുന്നില്‍ നിന്നു പുതിയൊരു ജീവിതം കിട്ടിയതും ആ അമ്മ മകളോടു പറഞ്ഞു. അതേ വണ്ടിയുടെ അമരക്കാരന്‍ അമ്മയെ കൂട്ടിക്കൊണ്ടുപോയി ബന്ധുവീട്ടില്‍ താമസിപ്പിച്ച് ഒരു ജീവിതം കൊടുത്ത കഥ.

നാലാംക്ലാസില്‍ പഠിക്കുന്പോഴാണ് മുന്‍പു പറഞ്ഞ പരീക്ഷാ ദിവസം. അമ്മയോടൊപ്പം പോകാന്‍ രേവതി തീരുമാനിച്ചു. അഷ്ടമിച്ചിറ എന്ന നാട്ടില്‍ കുറച്ചു നാള്‍. അന്നു കൊച്ചു രേവതിക്ക് ഒരു രോഗം വിധി കാത്തുവച്ചിരുന്നു. തലചേ്ചാറില്‍ രക്തം കട്ടപിടിക്കുന്ന രോഗം. ഓട്ടുകന്പനിയില്‍ ജോലി ചെയ്ത് ആഴ്ചയില്‍ കിട്ടുന്ന 400 രൂപയില്‍ നിന്ന് ചികില്‍സയ്ക്കു പണമൊഴുകി. അമ്മ ദുര്‍ബലയാകുന്നത് അവള്‍ അറിഞ്ഞു.
അമ്മ ജനാലപ്പുറത്ത് കാത്തുനിന്നിരുന്ന എറിയാട് എഎംഐയുപി സ്കൂളിലേക്കു പഠനം മാറി. ഏഴുവരെ അവിടെ പഠനം. അഞ്ചങ്ങാടി, മതിലകം, പി. വെന്പല്ലൂര്‍ എന്നിവിടങ്ങളില്‍ വാടക വീടുകളിലായി ചിതറിയ കൊച്ചുജീവിതം. ഒടുവില്‍ കടല്‍ത്തീരത്ത് രേവതിയും അമ്മയും സ്വന്തമായൊരു സ്ഥലം വാങ്ങി. കടല്‍ത്തീരത്തായതിനാല്‍ മൊത്തം 25,000 രൂപ. വാങ്ങിയ വീടിന്‍റെ ആധാരം പണയപ്പെടുത്തി ഒരു ഓലപ്പുരകെട്ടി. അന്നു രേവതി പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.

ആ വീട്ടില്‍ ആദ്യമായി മകളെ അടക്കിപ്പിടിച്ചു കിടക്കുന്പോള്‍ അമ്മയ്ക്കു സമാധാനമായിരുന്നു. പല ദിവസവും പട്ടിണി. അമ്മയും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയും ഒറ്റയ്ക്കു കഴിയുന്ന വീടിനു മുന്‍പില്‍ അസാന്‍മാര്‍ഗികളുടെ കാലൊച്ചകള്‍. കടലിന്‍റെ തിരയടിക്കല്‍ അവര്‍ക്കു സൗകര്യമായി. തേങ്ങലുകള്‍ പുറത്തു കേള്‍ക്കില്ലലേ്ലാ?
മഴക്കാലത്ത് കടലമ്മ കോപിക്കും. തള്ളക്കോഴി കുഞ്ഞുങ്ങളെ എന്നതുപോലെ തീരത്തെ മക്കളെ തിരകള്‍ കൊത്തിയോടിക്കും. തീരത്തെ വീടുകളില്‍ നിന്ന് ആളുകള്‍ ബന്ധുവീടുകളിലേക്കു മാറും. രേവതിക്കും അമ്മയ്ക്കും ആകെയുള്ള ബന്ധുവീട് വേക്കോട് ഫിഷറീസ് സ്കൂളാണ്. അവിടെ വീടു കടലെടുത്തവര്‍ കുറച്ചുപേരുണ്ടാകും. അവര്‍ക്കൊപ്പമായിരുന്നു മഴക്കാലം. ‘ അതെന്‍റെ സ്വന്തം വീടാണ് - വേക്കോട് സ്കൂള്‍ രേവതിയുടെ വാക്കുകളില്‍ ഇപ്പോഴും വീട്.

കടലമ്മ കോപമടക്കി വിളിക്കുന്പോള്‍ തിരിച്ച് ആ ഓലപ്പുരയിലേക്ക് ഓടിയെത്തും. എല്ലാം വെള്ളംകയറി നാശമായിട്ടുണ്ടാവും. അന്നു കറന്‍റില്ല. മണ്ണെണ്ണവിളക്കിന്‍റെ പുകയ്‌ക്കൊപ്പം രേവതിയുടെ തല പുകഞ്ഞു. അക്കാലത്താണ് സാഹിത്യകൃതികള്‍ വായിച്ചുതുടങ്ങുന്നത്. മാധവിക്കുട്ടിയെയും സുഗതകുമാരിയെയും എംടിയെയുമൊക്കെ വായിച്ചുതുടങ്ങി. പുസ്തകങ്ങള്‍, അതിലെ അനുഭവങ്ങള്‍ ധര്യൈം പകര്‍ന്നു. ജീവിച്ചിട്ടേയുള്ളൂവെന്ന് രേവതി തീരുമാനിച്ചു.

എട്ടില്‍ പഠിക്കുന്പോള്‍ പണത്തിനു ഞെരുക്കം. ഓലപ്പുരയിലെ റേഡിയോ വിളിച്ചുപറഞ്ഞു: സ്വന്തമായെഴുതിയ കഥ അവതരിപ്പിക്കാന്‍ അവസരമുണ്ട്. അന്വേഷിച്ചപ്പോള്‍ 490 രൂപ കിട്ടും. അന്നു രാത്രി മണ്ണെണ്ണവിളക്കിന് തിരിനീട്ടിയിട്ട് രേവതി ഒരു കഥയെഴുതി: ‘അമ്മു എന്‍റെ കൂട്ടുകാരി. റിക്കോര്‍ഡിങ്ങിനായി വിളിക്കുന്ന ദിവസത്തിനായി രേവതി കാത്തിരുന്നു. ആദ്യത്തെ സന്പാദ്യം കിട്ടാന്‍ പോവുകയാണ്. അമ്മയ്ക്ക് ഒരാഴ്ചകൊണ്ടു കിട്ടുന്ന കൂലികിട്ടും. കടലിനരികില്‍ പോയിരുന്നു കഥ പലതവണ ഉറക്കെ വായിച്ചുറപ്പിച്ചു. ഇവള്‍ക്കു വട്ടാണെന്നു കൂട്ടുകാര്‍ പറഞ്ഞു.

റിക്കോര്‍ഡിങ് ദിനത്തില്‍ രേവതിയുടെ ഉല്‍സാഹം കെട്ടു. അന്നു ഹര്‍ത്താല്‍. അതു മുടങ്ങി. മൂന്നുമാസം കഴിഞ്ഞ് രേവതിയുടെ മറ്റൊരു കഥ ആകാശവാണി റിക്കോര്‍ഡ് ചെയ്തു, ‘ദേശാടനപ്പക്ഷികള്‍. 500 രൂപ പ്രതിഫലവുമായെത്തി അമ്മയെ കെട്ടിപ്പിടിച്ചു. പത്ത് തെറ്റില്ലാതെ കടന്നുകൂടി. പ്ളസ് വണ്‍ - പ്ളസ് ടു പഠിക്കുന്ന കാലത്താണ് അമ്മയുടെ ആരോഗ്യം തകരുന്നത്. തൈറോയ്ഡ് ആയിരുന്നു വില്ലന്‍. അന്നു കല്ലുപണിക്കാണ് അമ്മ പോയിരുന്നത്. വരുമാനം ഇല്ലാതായി. പ്ളസ് ടു കഴിഞ്ഞ് എംഇഎസ് അസ്മാബി കോളജില്‍ ബിഎസ്സി അക്വാകള്‍ച്ചറിനു ചേര്‍ന്ന രേവതിക്ക് ഒരുവര്‍ഷം പോലും തികയ്ക്കാനായില്ല. ക്ലാസ്മുറിയില്‍ നിന്ന് ജീവിതം വന്നു വിളിച്ചിറക്കി. കോട്ടയത്ത് ഒരു കന്പനിയില്‍ ഒരു ജോലി കിട്ടി. വലിയ ബാഗ് തൂക്കി വീടുവീടാന്തരം കയറിയിറങ്ങി കറിപൗഡറും ചായപ്പൊടിയും വില്‍ക്കണം. ഏഴാം ദിവസം ആ പണി രേവതി നിര്‍ത്തി.

ഇനിയും വായിക്കണം, പഠിക്കണം അലെ്ലങ്കില്‍ ജീവിതം വിതെറ്റിപ്പോകുമെന്ന് രേവതിയുടെ പതിനെട്ടുകാരിയായ മനസ്സു പറഞ്ഞു. കടലരികിലെ ഓലപ്പുരയിലേക്കു തിരിച്ചുവന്നെങ്കിലും അമ്മയുടെ കഷ്ടപ്പാടും പട്ടിണിയും വേദനിപ്പിച്ചു. തൃപ്പൂണിത്തുറയിലെ ഒരു വീട്ടില്‍ ഹോംനഴ്സായി ചേര്‍ന്നു. അമ്മ ഒറ്റയ്ക്കാണലേ്ലാ എന്ന ചിന്തയില്‍ ആദ്യമാസത്തെ ശന്പളം വാങ്ങി മടങ്ങി. ആറുമാസം അമ്മയ്‌ക്കൊപ്പം നിന്നു. രാത്രി ചില ‘ആണുങ്ങള്‍ ഓലപ്പുരയുടെ വാതിലില്‍ മുട്ടിവിളിക്കും. രേവതി തലയണയ്ക്കടിയില്‍ ഒരു വെട്ടുകത്തി സൂക്ഷിച്ചുവച്ചു. ആരു മുട്ടിവിളിച്ചാലും ധര്യൈമായി വാതില്‍ തുറക്കാനും ആരെടാ... എന്നു ചോദിക്കാനും അവള്‍ പഠിച്ചു.
‘ഒന്നു വിരട്ടിയാല്‍ മുങ്ങുന്ന ഭീരുക്കളായിരുന്നു രാത്രിക്കോളു തേടി വന്നിരുന്നത് - രേവതി ചിരിച്ചുകൊണ്ടു പറയുന്നു.

ആ കാലയളവില്‍ മനസ്സ് കൈവിട്ടുപോകുന്നതുപോലെ രേവതിക്കു തോന്നി. കൊടുങ്ങല്ലൂരിലെ പ്രാദേശിക ചാനലായ സിടിവിയില്‍ വാര്‍ത്താ വായനക്കാരിയായി പോയിത്തുടങ്ങി. ചെറിയ ശന്പളം. അതുകൊണ്ട് അമ്മയെ പോറ്റി. വായനയുടെയും എഴുത്തിന്‍റെയും ലോകം ശക്തമായി വിളിച്ചുതുടങ്ങിയത് അപ്പോഴാണ്. കയ്‌യില്‍കിട്ടുന്ന എല്ലാ പുസ്തകവും വായിച്ചുതുടങ്ങി. രാത്രിയിലായിരുന്നു വായന. ‘വായിക്കുന്പോള്‍ ജീവിതത്തിന് വല്ലാത്തൊരു അര്‍ഥം തോന്നും. ധര്യൈമായി ഞാന്‍ മുറ്റത്തിറങ്ങും. കടലിരന്പത്തിനരികെ നിന്ന് ആകാശത്തേക്കു നോക്കും. അറിയാമോ, അവിടെ എന്നെ കാണാന്‍ നക്ഷത്രങ്ങള്‍ കാത്തുനില്‍ക്കുമായിരുന്നു. രേവതി പറയുന്പോള്‍ കണ്ണുകള്‍ നക്ഷത്രം പോലെ ചിമ്മുന്നു. വായിച്ചറിഞ്ഞ മലയാളം പഠിക്കാനായി മലയാള പഠന ഗവേഷണ കേന്ദ്രത്തില്‍ ചേര്‍ന്നു. ഉച്ചയ്ക്ക് 12.30നു ക്ലാസ് കഴിഞ്ഞാല്‍ കൊടുങ്ങല്ലൂരിനു പായും. രാത്രി 8.30 വരെ ചാനലില്‍ ജോലി.

അച്ഛനൊപ്പം അനുജനുണ്ട്. അച്ഛന്‍ ശ്രീനാരായണപുരം എന്ന സ്ഥലത്താണ്. പിരിഞ്ഞ ദന്പതികളെക്കുറിച്ച് ഒരു ചാനലിലുള്ള പരിപാടിയിലേക്ക് രേവതി അടുത്തിടെ കത്തയച്ചു. അതിന്‍റെ റിക്കോര്‍ഡിങ്ങില്‍ വച്ച് അച്ഛനെ രേവതി കണ്ടു. ജീവനാംശം കിട്ടണം, അതായിരുന്നു ആവശ്യം. അമ്മയ്ക്കു തീരെ വയ്‌യാത്തതിനാല്‍ പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും കിട്ടിയേ തീരൂ. ‘അതു മാത്രമല്ല, എനിക്ക് അച്ഛനെ ഇപ്പോഴും ഇഷ്ടമാണ്- രേവതി പറയുന്നു. ചാനലില്‍ രേവതിയുടെ കണ്ണീര്‍ക്കഥ വന്നപ്പോള്‍ സഹായിക്കാന്‍ കുറച്ചുപേരുണ്ടായി. അവര്‍ നല്‍കിയ പണംകൊണ്ട് ഒരു വീട് വാടകയ്‌ക്കെടുത്തു. ഓലപ്പുരയില്‍ നിന്നു താമസം മാറി.

രേവതിയുടെ കഥകേട്ട് അന്വേഷിച്ചുകണ്ടെത്തിയ ദിവസം അവള്‍ പറഞ്ഞു: ‘ഇന്നു സംസാരിക്കാനാവില്ല. കാരണവും പറഞ്ഞു. കടല്‍ത്തീരത്തെ ഓലപ്പുര വിറ്റു. ഇന്നു റജിസ്‌ട്രേഷന് അവര്‍ വരും. കാര്യങ്ങള്‍ സംസാരിക്കാനും മറ്റും ‘ഗൃഹനാഥയായി ഞാന്‍തന്നെ വേണ്ടേ സര്‍. ഇരുപതിന്‍റെ പടി കടന്നിട്ടേയുള്ളു ആ ഗൃഹനാഥ. ചോര്‍ന്നൊലിച്ചിരുന്നെങ്കിലും സമാധാനത്തോടെ ജീവിച്ചിരുന്ന ആ ഓലപ്പുരയെക്കുറിച്ചു പറയുന്പോള്‍ ഫോണില്‍ അവളുടെ വാക്കുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

‘സഹായിക്കുന്ന ഒത്തിരിപ്പേരുണ്ട് സര്‍. പിന്നെ പുസ്തകങ്ങള്‍. സാധാരണക്കാരെപ്പോലെ ചെറുപ്പത്തിലേ വിവാഹംകഴിച്ച് എനിക്കു രക്ഷപ്പെടാമായിരുന്നു. അപ്പോള്‍ എന്‍റെ അമ്മ... സ്വപ്നങ്ങളുള്ള ഒരു ജീവിതം എനിക്കു തന്നത് പുസ്തകങ്ങളാണ്... എനിക്ക് ഇനിയും എഴുതണം.. എന്തെങ്കിലുമൊക്കെയാവണം... പറ്റുമെങ്കില്‍ പത്രപ്രവര്‍ത്തകയാവണം.. കടല്‍ ഉറങ്ങിക്കിടക്കുന്ന മനസ്സുമായി രേവതി പറഞ്ഞു. സംസാരിച്ചുപിരിയുന്പോള്‍ അവള്‍ ഒന്നുകൂടി പറഞ്ഞു. ‘അന്ന് റജിസ്‌ട്രേഷന് അവര്‍ വന്നില്ല. ആ ഓലപ്പുര ഇപ്പോഴും ഞങ്ങളുടെ സ്വന്തമാണ്... അത് വിറ്റ് ഒരു ചെറിയ വീട് എവിടെയെങ്കിലും വാങ്ങിയിലെ്ലങ്കില്‍ മുന്നോട്ടു ജീവിതവുമില്ല.
വീട് വിറ്റുപോകാത്തതിലെ ചെറിയ ആനന്ദം വിടരുന്ന ചിരിമുഖത്തിന്‍റെ പാതിയിലേയുള്ളു. മറുപാതിയിലുണ്ട് നൊന്പരം.

രേവതി എഴുതിയൊരു കഥ വായിക്കാന്‍ ഇപ്പോള്‍ തോന്നുന്നിലേ്ല?
‘ദേവൂന്‍റെ പാവം വീട്‘ ലിങ്ക് മുകളില്‍.


ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു