Are you unable to read text? Download FontHide
തിരയുക

ഒാട് വാങ്ങാന്‍ ഒാടുംമുന്‍പ്

1. സാധാരണ ഓടും ഇറക്കുമതി ചെയ്‌യുന്ന ഓടും തമ്മിലുള്ള വ്യത്യാസമെന്താണ്?

ഇറക്കുമതി ചെയ്‌യുന്ന ഓടിന് സാധാരണ കളിമണ്‍ ഓടിനേക്കാള്‍ ഭംഗി ഉണ്ടായിരിക്കും. ഇത്തരം ഓടില്‍ സെറാമിക് കോട്ടിങ് ഉള്ളതിനാല്‍ പെട്ടെന്ന് പായല്‍ പിടിക്കുകയും നിറം മങ്ങുകയുമില്ല. ഇതിന് വിലയും കൂടുതലായിരിക്കും.

2. ഓടിന്‍െറ ഡിസൈന്‍ എന്താണ്?

ഓടിനു പുറത്തുള്ള വളവുകളെയാണ് ഡിസൈന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അര്‍ച്ചന, മാംഗ്ലൂര്‍, സ്പാനിഷ് തുടങ്ങി പല ഡിസൈനില്‍ ഓട് ലഭിക്കും.

3. ഏതൊക്കെ ഫിനിഷില്‍ ഓട് ലഭിക്കും?

ഓടിന്‍െറ പ്രതലത്തിന്‍െറ മിനുസത്തെ അടിസ്ഥാനമാക്കിയാണ് ഫിനിഷ് തീരുമാനിക്കുന്നത്. ഇറക്കുമതി ചെയ്‌യുന്ന ഓട് റസ്റ്റിക്, സ്മൂത്ത് , ആന്‍റിക് ഫിനിഷുകളില്‍ ലഭിക്കും.

4. ഡബിള്‍ ഷേഡ് ഓടിന്‍െറ പ്രത്യേകതയെന്താണ്?

ഇവ കാണാന്‍ നല്ല ഭംഗിയായിരിക്കും. കോണ്‍ ക്രീറ്റ് ഓടുകളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. കളിമണ്‍ ഓടിനേക്കാള്‍ ഉറപ്പുമുണ്ടായിരിക്കും.

5. പായലും പൂപ്പലും വരാതിരിക്കാന്‍ ഓടില്‍ എന്തു പെയിന്‍റടിക്കണം?

പായലും പൂപ്പലും പിടിക്കാത്ത തരം പെയിന്‍റ് ഇപ്പോള്‍ ലഭ്യമാണ്. ഓരോ കന്പനിക്കാരും ഓരോ പേരുകളാണ് നല്‍കിയിരിക്കുന്നത് എന്നു മാത്രം. എക്സ്റ്റീരിയര്‍ എമല്‍ഷന്‍ ടൈപ്പ് പെയിന്‍റ് ആണ് ഉപയോഗിക്കേണ്ടത്. ഇതിനു സാധാരണ പെയിന്‍റിനേക്കാള്‍ വില കൂടും.

6. ചരിഞ്ഞ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഓട് പതിപ്പിക്കുന്നതെങ്ങനെയാണ്?

കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ സിമന്‍റ് കൊണ്ട് റീപ്പര്‍ ഉണ്ടാക്കി അതിലേക്ക് ലോക്ക് ചെയ്താണ് ഓടു പിടിപ്പിക്കുന്നത്. കാറ്റു കൂടുതല്‍ ഉള്ള ഇടങ്ങളില്‍ ഓട് സ്ക്രൂ ചെയ്ത് ഉറപ്പിക്കാം.

7. കോണ്‍ക്രീറ്റ് ഓടിന്‍െറ മേന്‍മകള്‍ എന്തെല്ലാമാണ്?

കോണ്‍ക്രീറ്റ് ഓടിന് കളിമണ്‍ ഓടിനേക്കാള്‍ ഉറപ്പു കൂടുതലായിരിക്കും. പൊട്ടിപ്പോകില്ല. ഡബിള്‍ ഷേഡില്‍ ലഭിക്കും. വലുപ്പവും കൂടുതലായിരിക്കും.

8. പഴയ ഓട് ഉപയോഗിക്കുന്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

പഴയ വീടുകളില്‍ നിന്നു ലഭിക്കുന്ന ഓടിന് 30-40 വര്‍ഷം പഴക്കമുണ്ടായിരിക്കും. ഓടിലെ പായലും മറ്റും കളയാനായി ജെറ്റ് വാട്ടര്‍ പന്പ് ഉപയോഗിച്ച് വെള്ളം ചീറ്റിക്കുകയാണ് മിക്കവരും ചെയ്‌യുന്നത്. അല്ലെങ്കില്‍ ശക്തിയായി ഉരച്ചു കഴുകും. ഇങ്ങനെ ചെയ്‌യുന്പോള്‍ ഓടിന്‍െറ പുറം ഭാഗത്തെ ആവരണവും ഇളകിപ്പോകും. പിന്നീട് ചെറിയ പരുപരുത്ത തരികളായി ഇവിടം പൊടിയാന്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ലാഭകരമായി തോന്നുമെങ്കിലും പിന്നീട് മെയിന്‍റനന്‍സിനായി ഒരു പാടു തുക ചെലവഴിക്കേണ്ടി വരും.

9. എന്താണ് ഫ്ളാറ്റ് റൂഫ് ടൈല്‍?

പരന്ന പ്രതലമുള്ള കോണ്‍ക്രീറ്റ് ഓട് ആണ് ഫ്ളാറ്റ് റൂഫ് ടൈല്‍. ഇവ മേല്‍ക്കൂരയില്‍ നെയില്‍ ചെയ്ത് ഉറപ്പിക്കുകയാണു ചെയ്‌യുന്നത്. ആറിലധികം നിറങ്ങളില്‍ ഇത്തരം ഓട് ലഭിക്കും.

10. ഒരേ കന്പനിയുടെ ഒരേ ബാച്ചില്‍ നിര്‍മിച്ച ഓടു തന്നെ തിരഞ്ഞെടുക്കണം എന്നു പറയാന്‍ കാരണം എന്താണ്?

ഓട് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കളിമണ്ണ്, ഓടിന്‍െറ വേവ് തുടങ്ങിയവയില്‍ വ്യത്യാസമുണ്ടായാല്‍ ഓടിന്‍െറ സങ്കോചവികാസശേഷിയിലും മാറ്റം വരും. ഇത് ഓടില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ കാരണമാകും.

11. സാന്പിള്‍ ഓട് മാത്രം കണ്ട് ഓടു വാങ്ങുന്നതുകൊണ്ട് കുഴപ്പമുണ്ടോ?

ഓട് നേരിട്ടു പരിശോധിച്ച ശേഷം വാങ്ങുന്നതാണു ചതിവു പറ്റാതിരിക്കാന്‍ നല്ലത്.

12. ഓടിന് ഇടയ്ക്ക് ഗ്ലാസ് പിടിപ്പിക്കുന്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

മേയാന്‍ ഉപയോഗിക്കുന്ന ഓടിന്‍െറ അതേ വലുപ്പത്തിലും ഡിസൈനിലുമുള്ള ഗ്ലാസ് ഓട് തിരഞ്ഞെടുക്കുകയാണ് ഉചിതം. ഗ്ലാസിനു പകരം നിറം മങ്ങാത്ത അക്രിലിക് മെറ്റീരിയല്‍ കൊണ്ടുള്ള ഓടും ഇപ്പോള്‍ ലഭിക്കും.

13. ചൂടു കുറയ്ക്കാന്‍ ഏതു തരം ഓട് ആണു നല്ലത്?

ഓടിനും മേല്‍ക്കൂരയ്ക്കും ഇടയില്‍ എയര്‍ ഗ്യാപ് ഉണ്ടാകുന്ന വിധത്തില്‍ വേണം ചരിഞ്ഞ മേല്‍ക്കൂരയില്‍ ഓടു പാകാന്‍. ഇതു ചൂടു കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകതരം കോട്ടിങ് ഉള്ള ഓടുകള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്.

14. റെഡിമെയ്ഡ് മുഖപ്പ്, തൂവാനം ഇവ വാങ്ങാന്‍ ലഭിക്കുമോ?

മുഖപ്പും തൂവാനവും മാത്രമല്ല മേല്‍ക്കൂരയില്‍ ഓടു മേയാന്‍ ആവശ്യമായ മുഴുവന്‍ സാധനങ്ങളുടേയും (കംപ്ളീറ്റ് റൂഫിങ് സൊലൂഷന്‍സ്) റെഡിമെയ്ഡ് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്. ഓടിന്‍െറ അതേ നിറത്തിലും ഡിസൈനിലുമുള്ളവയായിരിക്കും ഇവയെല്ലാം എന്നതാണ് പ്രത്യേകത. അതുകാരണം ഭംഗിക്ക് ഒരു കുറവും ഉണ്ടാകില്ല. ചൂടു കുറയ്ക്കാനായി ഓടിന് അടിയില്‍ വിരിക്കാനുള്ള ഷീറ്റ്, കമത്തോടിന്‍െറ വശങ്ങളില്‍ ചാന്ത് തേക്കുന്നതിനു പകരം ഒട്ടിക്കാനുള്ള സ്റ്റിക്കര്‍ ഷീറ്റ്, ഓട് ഉറപ്പിക്കാനുള്ള ക്ലിപ്പ്, പാത്തി, കഴുക്കോലിന്‍െറ വിടവിലൂടെ പ്രാണികളും മറ്റും കയറുന്നതു തടയാനുള്ള ഫില്ലര്‍ തുടങ്ങിയവയെല്ലാം ഇപ്പോള്‍ ഒറ്റയടിക്കു ലഭിക്കും.

15. ഏതൊക്കെ മെറ്റീരിയല്‍ കൊണ്ടുള്ള റൂഫിങ് ഷീറ്റ് ലഭ്യമാണ്?

ജിഐ, അലൂമിനിയം, ഗാല്‍വാല്യും, അലു സിങ്ക്, യുപിവിസി, ഫൈബര്‍, പോളി കാര്‍ബണേറ്റ് തുടങ്ങിയ മെറ്റീരിയല്‍ കൊണ്ടെല്ലാമുള്ള റൂഫിങ് ഷീറ്റ് ലഭ്യമാണ്.

16. എന്താണ് ഷീറ്റ് പ്രൊഫൈല്‍?

മെറ്റല്‍ ഷീറ്റിന്‍െറ ഡിസൈനിനെയാണ് പ്രൊഫൈല്‍ എന്നു പറയുന്നത്. ട്രഫോഡ്, കോറുഗേറ്റഡ്, ടൈല്‍ എന്നിങ്ങനെ മൂന്ന് പ്രൊഫൈലില്‍ മെറ്റല്‍ റൂഫിങ് ഷീറ്റുകള്‍ ലഭിക്കും. എസ് ആകൃതിയില്‍ കയറ്റിയിറക്കങ്ങളോടു കൂടിയതാണ് കൊറുഗേറ്റഡ് പ്രൊഫൈല്‍ ചതുരാകൃതിയിലുള്ള ഡിസൈനാണ് ട്രഫോഡ് പ്രൊഫൈല്‍. മേച്ചില്‍ ഓട് അടുക്കിയതു പോലെയുള്ള ഡിസൈനാണ് ടൈല്‍ പ്രൊഫൈല്‍.

17. തുരുന്പു പിടിക്കാത്ത റൂഫിങ് ഷീറ്റുകള്‍ ഏതൊക്കെയാണ്?

തുരുന്പിനെ പ്രതിരോധിക്കുന്നതില്‍ അലൂമിനിയം ഷീറ്റ് ആണ് മുന്നില്‍. പ്രത്യേക കോട്ടിങ് ഉള്ള മെറ്റല്‍ ഷീറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഈ കോട്ടിങ് ഷീറ്റ് തുരുന്പിക്കുന്നതു തടയും.

18. ഏതു കനത്തിലുള്ള മെറ്റല്‍ റൂഫിങ് ഷീറ്റ് വാങ്ങുന്നതാണു നല്ലത്?

24 അല്ലെങ്കില്‍ 26 ഗേജ് കനമുള്ള അലൂമിനിയം ഷീറ്റ് ആണു നല്ലത്. ജി എെ ഷീറ്റ് 28 ഗേജ് കനത്തിലുള്ളതു മതിയാകും.

19. പഴയ അലൂമിനിയം റൂഫിങ് ഷീറ്റ് വിറ്റാല്‍ എന്തു വില ലഭിക്കും?

റീസെയില്‍ വാല്യൂ ആണ് അലൂമിനിയം ഷീറ്റിന്‍െറ പ്രധാന മേന്മകളിലൊന്ന്. ഇപ്പോള്‍ പഴയ അലൂമിനിയം ഷീറ്റിന് കിലോയ്ക്ക് കുറഞ്ഞത് നൂറു രൂപ നിരക്കില്‍ ലഭിക്കും. പുതിയ ഷീറ്റിന് കിലോയ്ക്ക് 232 രൂപ മുതലാണു വില.

20. ഫ്‌ളോര്‍ ഏരിയയും ട്രസ് ഏരിയയും തമ്മിലുള്ള അനുപാതം എന്താണ്?

സാധാരണ ഗതിയില്‍ മേല്‍ക്കൂരയുടെ തറവിസ്തീര്‍ണത്തിന്‍െറ (ഫ് ളോര്‍ ഏരിയ) 1.3 മടങ്ങായിരിക്കും ട്രസിന്‍െറ വിസ്തീര്‍ണം. അതായത് 1000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള മേല്‍ക്കൂരയില്‍ ട്രസ് ഇടുകയാണെങ്കില്‍ അതിന് ഏകദേശം 1300 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം ഉണ്ടാകും.

21. ഏതൊക്കെ അളവില്‍ റൂഫിങ് ഷീറ്റ് ലഭ്യമാണ്?

എട്ട്, 10, 12, 20, 24 അടി നീളവും 30 മുതല്‍ 38 ഇഞ്ച് വരെ വീതിയുമുള്ള ഷീറ്റുകള്‍ ലഭ്യമാണ്.

22. ഏറ്റവും ചെലവു കുറഞ്ഞ റൂഫിങ് ഷീറ്റ് ഏതാണ്?

മെറ്റല്‍ റൂഫിങ് ഷീറ്റുകളില്‍ ജിഐ ഷീറ്റിനാണ് ഏറ്റവും വിലക്കുറവ്. സ്ക്വയര്‍ഫീറ്റിന് 22 രൂപ മുതലാണ് വില.

23. മെറ്റല്‍ ഷീറ്റ് ഇട്ടാല്‍ മഴ പെയ്‌യുന്പോള്‍ വലിയ ശബ്ദം ഉണ്ടാകും എന്നു കേള്‍ക്കുന്നു. ഇതിനെന്താണു പരിഹാരം?

സാന്‍ഡ്‌വിച്ച് പാനല്‍ ഷീറ്റ് ഉപയോഗിച്ചാല്‍ ഇതിന് ഒരുപരിധി വരെ പരിഹാരം കാണാം. മെറ്റല്‍ ഷീറ്റിന് അടിയില്‍ പഫ് ഫില്ലിങ് മെറ്റീരിയലും അതിനു താഴെ പിവിസി കോട്ടിങ്ങും ഉള്ളതാണ് ഇത്തരം ഷീറ്റുകള്‍. പഫ് ഫില്ലിങ് ഉള്ള യുപിവിസി ഷീറ്റും ഇപ്പോള്‍ ലഭ്യമാണ്.

24. ചൂട് കടത്തിവിടാത്ത തരം റൂഫിങ് ഷീറ്റുകള്‍ ഉണ്ടോ?

മെറ്റല്‍ ഷീറ്റിന്‍െറ പ്രതലത്തിന്‍െറ തിളക്കം എത്രയും കൂടുന്നോ ഉള്ളില്‍ ചൂട് അത്രയും കുറയും. ചൂട് നന്നായി പ്രതിഫലിപ്പിക്കാനാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ നിറമില്ലാത്ത അലൂമിനിയം ഷീറ്റുകളായിരിക്കും ചൂടു കുറയ്ക്കാന്‍ നല്ലത്. ഫൈബര്‍ ഷീറ്റുകളും ചൂടു കുറയ്ക്കാന്‍ നല്ലതാണ്.

25. പെ്ളയിന്‍ നിറത്തിലുള്ള അലൂമിനിയം ഷീറ്റില്‍ ഇഷ്ടനിറം പതിപ്പിചെ്ചടുക്കാവുന്ന സംവിധാനമുണ്ടോ?

പൗഡര്‍ കോട്ടിങ് വഴി പെ്ളയിന്‍ അലൂമിനിയം ഷീറ്റിന് ഇഷ്ടനിറം നല്‍കാം. സ്ക്വയര്‍ഫീറ്റിന് 12-15 രൂപയാണ് ഇതിനു ചെലവ്.

26. അലൂമിനിയം ഷീറ്റ് ഇടുന്പോള്‍ പ്രത്യേകതരം സ്ക്രൂവും കന്പിയും വേണം എന്നു പറയാന്‍ കാരണം എന്താണ്?

ട്രസില്‍ അലൂമിനിയം ഷീറ്റ് ഉറപ്പിക്കാനായി തുരുന്പിനെ പ്രതിരോധിക്കുന്ന കോട്ടിങ് ഉള്ള സെല്‍ഫ് ഡ്രില്ലിങ് സ്ക്രൂ വേണം ഉപയോഗിക്കാന്‍. ഗുണനിലവാരമില്ലാത്ത സ്ക്രൂ, കന്പി മുതലായവ ഉപയോഗിച്ചാല്‍ ഷീറ്റില്‍ തുരുന്പു പിടിക്കാന്‍ സാധ്യതയുണ്ട്.

27. ട്രസ് ഇടാന്‍ എത്ര ചെലവു വരും?

ട്രസ് റൂഫിന്‍െറ സ്ട്രക്ചര്‍ മാത്രം നിര്‍മിക്കുന്നതിന് സ്ക്വയര്‍ഫീറ്റിന് 50-60 രൂപയാണ് ഏകദേശ ചെലവ്. ഇതില്‍ നിറമുള്ള അലൂമിനിയം ഷീറ്റ് കൂടി ഇടുന്പോള്‍ ചെലവ് സ്ക്വയര്‍ഫീറ്റിന് 90-120 രൂപയാകും. ട്രസ് ഇട്ട് ജിഐ ഷീറ്റിടാന്‍ 70-80 രൂപയാണു ചെലവ്.

28. പോളികാര്‍ബണേറ്റ് ഷീറ്റിന് അടിയില്‍ നല്ല ചൂട് അനുഭവപ്പെടുന്നതായി കാണുന്നു. എന്താണ് കാരണം?

വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി പല തരത്തിലുള്ള പോളി കാര്‍ബണേറ്റ് ഷീറ്റ് ലഭ്യമാണ്. കോര്‍ട്ട്‌യാര്‍ഡിനു മുകളിലും മറ്റും ഇടാനായി, വെളിച്ചം കടത്തി വിടുകയും ചൂടു കടത്തി വിടുകയും ചെയ്‌യാത്ത തരം സോളാര്‍ കണ്‍ട്രോള്‍ ഷീറ്റ് ചോദിച്ചു വാങ്ങണം. പ്രത്യേക തെര്‍മല്‍ കോട്ടിങ്ങോടു കൂടിയതാണ് ഇത്തരം ഷീറ്റ്. ഇതിനു വില അല്‍പ്പം കൂടും.

29. മുളകൊണ്ട് ട്രസ് ഇടാന്‍ പറ്റുമെന്നു കേള്‍ക്കുന്നു ശരിയാണോ?

ജിഐ പൈപ്പ് കൊണ്ടാണ് സാധാരണ ഗതിയില്‍ ട്രസ് ഇടുന്നത്. മുളകൊണ്ടും ട്രസ് ഇടാം. ട്രീറ്റ്് ചെയ്ത മുളയായിരിക്കണം ഇതിനായി ഉപയോഗിക്കേണ്ടത്. മാത്രമല്ല. വിദഗ്ദ്ധനായ എന്‍ജിനീയറുടെ മേല്‍നോട്ടവും ഉണ്ടായിരിക്കണം.

30. ട്രസ് ഇടുന്പോള്‍ വീടിന്‍െറ ഭംഗി കുറയാതിരിക്കാന്‍ എന്തൊക്കെ ചെയ്‌യാം?

വീടിന്‍െറ ഡിസൈനിനു ചേരുന്ന വിധത്തില്‍ ട്രസ് ഡിസൈന്‍ ചെയ്‌യുക എന്നാണു പ്രധാനം. വീടിനു ചേരുന്ന നിറത്തിലുള്ള റൂഫിങ് ഷീറ്റ് തിരഞ്ഞെടുക്കണം. ട്രസ് റൂഫില്‍ പിടിപ്പിക്കാവുന്ന തരം റെഡിമെയ്ഡ് മുഖപ്പ്, തൂവാനം, കൂന്പ് തുടങ്ങിയവയൊക്കെ ഇപ്പോള്‍ ലഭ്യമാണ്. ട്രസിന്‍െറ തൂണുകളില്‍ വുഡ് ഫിനിഷ് പെയിന്‍റ് അടിക്കാം. തൂണിനായി വലുപ്പമുള്ള പൈപ്പ് തിരഞ്ഞെടുക്കുന്നതും ഭംഗി കൂട്ടും.

31. ട്രസിന് സ്ക്വയര്‍ പൈപ്പ് ആണോ റൗണ്ട് പൈപ്പ് ആണോ നല്ലത്?

തടി പട്ടികയെപ്പോലെ ചതുരാകൃതിയിലുള്ളതാണ് ജിഐ സ്ക്വയര്‍ ട്യൂബ്. വുഡന്‍ഫിനീഷ് പെയിന്‍റ് അടിച്ചു കഴിഞ്ഞാല്‍ റൗണ്ട് പൈപ്പിനേക്കാള്‍ ഇതിന് ഭംഗി കൂടുതലായിരിക്കും. ട്രസിന്‍െറ വലുപ്പം, താങ്ങേണ്ട ഭാരം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഏതുതരം പൈപ്പ് വേണം എന്നു തീരുമാനിക്കുന്നത്.

32. നിറം മങ്ങാത്ത തരം പോളി കാര്‍ബണേറ്റ് ഷീറ്റ് ഉണ്ടോ?

ശുദ്ധമായ മെറ്റീരിയല്‍ ഉപയോഗിച്ചു നിര്‍മിച്ചതും 50 മൈക്രോണ്‍ യുവി കോട്ടിങ് ഉള്ളതുമായ ഷീറ്റ് പെട്ടെന്ന് നിറം മങ്ങില്ല.

33. പോളി കാര്‍ബണേറ്റ് ഷീറ്റ് വളയ്ക്കാന്‍ കഴിയുമോ?

കഴിയും. ഷീറ്റിന്‍െറ കനത്തെ ആശ്രയിച്ചായിരിക്കും അതിന്‍െറ ഫ്‌ളെക്സിബിലിറ്റി.

34. ഏതൊക്കെ നിറങ്ങളില്‍ പോളി കാര്‍ബണേറ്റ് ഷീറ്റ് ലഭ്യമാണ്?

പത്തോളം കളര്‍ ഷേഡില്‍ ലഭ്യമാണ്.

35. പോളി കാര്‍ബണേറ്റ്് ഷീറ്റ് പല കനത്തില്‍ ലഭ്യമാണോ?

നാല് എംഎം മുതല്‍ 20 എംഎം വരെ കനമുള്ള പോളി കാര്‍ബണേറ്റ് ഷീറ്റ് വിപണിയില്‍ ലഭ്യമാണ്. മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കുകയാണെങ്കില്‍ 32 എംഎം വരെ കനമുള്ള ഷീറ്റ് ലഭിക്കും.

36. ടെന്‍സൈല്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മിക്കുന്ന മേല്‍ക്കൂരയ്ക്ക് കോണ്‍ക്രീറ്റ് സ്ട്രക്ചര്‍ ആവശ്യമുണ്ടോ?

പിവിസി കോട്ടിങ് ഉള്ള കട്ടികൂടിയ ഒരു തരം തുണി ആണ് ടെന്‍സൈല്‍ ഫാബ്രിക്. സ്റ്റീല്‍ സ്ട്രക്ചറിലാണ് ഇത്തരം മേല്‍ക്കൂര പിടിപ്പിക്കുന്നത്. ഭാരക്കുറവുള്ള മെറ്റീരിയല്‍ ആയതിനാല്‍ ഇതിന് കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ ആവശ്യമില്ല. സ്ട്രക്ചറിന്‍െറ നിര്‍മാണചെ്ചലവ്, പണിക്കൂലി എന്നിവ അടക്കം സ്ക്വയര്‍ഫീറ്റിന് ഏകദേശം 250-750 രൂപയാണ് ചെലവ്.

37. ഷിംഗിള്‍സ് പോലെയുള്ള റൂഫിങ് മെറ്റീരിയല്‍ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ?

കാഴ്ചയ്ക്ക് വളരെ മനോഹരമായ റൂഫിങ്് മെറ്റീരിയല്‍ ആണ് ഷിംഗിള്‍സ്. ചൂടുകുറയ്ക്കാനും ചോര്‍ച്ച ഒഴിവാക്കാനും വേണ്ടിയും മേല്‍ക്കൂരയില്‍ ഷിംഗിള്‍സ് ഒട്ടിക്കുന്നവര്‍ ഏറെയാണ്. നൂറ് ശതമാനം ലീക്ക് പ്രൂഫ്, നിറം മങ്ങില്ല. മെയിന്‍റനന്‍സ് ഫ്രീ എന്നീ ഗുണങ്ങള്‍ കന്പനികള്‍ ഉറപ്പു നല്‍കുന്നുണ്ട്. മിക്ക കന്പനികളും 30 വര്‍ഷം വരെ വാറണ്ടിയും നല്‍കുന്നുണ്ട്.

38. എന്താണ് ടര്‍ബൈന്‍ വെന്‍റിലേറ്റര്‍?

മേല്‍ക്കൂരയില്‍ പിടിപ്പിക്കാവുന്ന ഗോളാകൃതിയിലുള്ള ഉപകരണമാണ് ടര്‍ബൈന്‍ വെന്‍റിലേറ്റര്‍. ഇത് കാറ്റത്ത് തനിയെ കറങ്ങുകയും വീടിനുള്ളിലെ ചൂടു വായുവിനെ പുറത്തുവിടാന്‍ സഹായിക്കുകയും ചെയ്‌യും. ട്രസ് റൂഫിന് അടിയിലെ ചൂടു കുറയ്ക്കാന്‍ ഇത് അനുയോജ്യമാണ്. അലൂമിനിയം, സ്റ്റീല്‍ എന്നിവകൊണ്ടുള്ള മോഡലുകളുണ്ട്. 5,000 രൂപ മുതലാണ് വില.

39. മെറ്റല്‍ ഷീറ്റിന് അടിയില്‍ പോളിമര്‍ ഫിലിം ഒട്ടിച്ചാല്‍ ചൂടു കുറയ്ക്കാന്‍ കഴിയുമോ?

ചൂടു കുറയ്ക്കാനായി ഷീറ്റിനും ഓടിനും അടിയില്‍ വിരിക്കാവുന്ന പലതരം ഷീറ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അലൂമിനിയം കോട്ടഡ് പോളി എഥീലീന്‍ ഷീറ്റുകളാണ് ഇവയിലൊന്ന്. സ്ക്വയര്‍ ഫീറ്റിന് 10 രൂപ മുതലാണ് ഇത്തരം ഷീറ്റുകളുടെ വില.

40. സോളാര്‍ പാനല്‍ പിടിപ്പിക്കാന്‍ ഏതു തരം റൂഫ് ആണ് നല്ലത്?

പരന്ന മേല്‍ക്കൂരയിലാണ് സോളാര്‍ പാനല്‍ പിടിപ്പിക്കാന്‍ സൗകര്യം. വേണമെങ്കില്‍ ചരിഞ്ഞ മേല്‍ക്കൂരയിലും പാനല്‍ പിടിപ്പിക്കാം. മേല്‍ക്കൂരയില്‍ ഇതിനായി പ്രത്യേക ഫ്രെയിം നല്‍കണമെന്നു മാത്രം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു