Are you unable to read text? Download FontHide
തിരയുക

ഒളിംപിക്സ് ഇവര്‍ക്കു വേദനയാണ്

ദിവസങ്ങള്‍ക്കു മുന്‍പുവരെ ഒളിംപിക്സ് ഇവര്‍ക്ക് മനോഹരമായ ഒരു സ്വപ്നമായിരുന്നു. ഇപ്പോള്‍  ഉള്ളിലതു നീറ്റലാവുന്നു. കൈവിട്ടു പോയ ആ
അവസരം ഇനി തിരിച്ചില്ലല്ലോ. പ്രതിഭയുടെ കുറവില്ല, കഠിനാധ്വാനത്തിന്‍റെ വിയര്‍പ്പ് ഏറെ ഒഴുക്കുകയും ചെയ്തു. എന്നിട്ടും ഒളിംപിക് യോഗ്യതയെന്ന
കടന്പയ്ക്കു മുന്നില്‍  കാലിടറി.
വേദനയുണ്ടാവുന്നത് സ്വാഭാവികം.  പ്രിയരെ വേര്‍പിരിഞ്ഞ് ക്യാംപുകളുടെ കൃത്യതയ്ക്കുള്ളില്‍ അടക്കം ചെയ്തതായിരുന്നു ജീവിതം. വിരുന്നുകാരനെപ്പോലെ വീട്ടിലെത്തി ഉറ്റവരെ
ഉള്‍ക്കണ്ണില്‍ നിറച്ച് അവര്‍ ക്യാംപുകളിലേക്കു
മടങ്ങിയത് മോഹിപ്പിക്കുന്ന ഒളിംപിക്സ് ലക്ഷ്യമിട്ടായിരുന്നു.
ഏഴാം തീയതി ഒളിംപിക്
യോഗ്യത നേടാനുള്ള അവസാന ദിവസവും കടന്നുപോകുന്പോള്‍ അവര്‍ തിരിച്ചറിയുന്നു: ഈ ഒളിംപിക്സിന് ഇനി ഞങ്ങളില്ല.

ജോസഫ് മടങ്ങുന്നു; ഇനി കാത്തിരിപ്പ്  

പട്യാലയിലെ ദേശീയ ക്യാംപില്‍നിന്നു ജോസഫ് ജി. ഏബ്രഹാം ഇന്നെല്ലാം കെട്ടിപ്പെറുക്കി പോരുകയാണ്. 12 വര്‍ഷമായി ജോസഫിന്‍റെ വീട്ടില്‍നിന്നകലെയുള്ള വീടായിരുന്നു ഇത്. മുണ്ടക്കയത്തെ സ്വന്തം വീട്ടിലെത്തുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ. . മകന് ഒന്നരവയസായി. അവനൊപ്പം ചെലവഴിച്ചതു കുറച്ചുനാളുകള്‍ മാത്രമേയുള്ളൂ. വ്യക്തിഗത നഷ്ടങ്ങളുടെയും വേര്‍പാടിന്‍റെയും വേദനയ്ക്കിടെ ജോസഫിനുമുണ്ടായിരുന്നു ഒരു മനോഹര സ്വപ്നം_ ഒളിംപിക്സ്.  

ഇത്രയും കഠിനമായി അധ്വാനിച്ച കാലം വേറെയുണ്ടായിട്ടില്ലെന്നു ജോസഫ് പറയുന്നു. രാവിലെയും വൈകിട്ടുമായി ആറു മണിക്കൂറിന്‍റെ കഠിന പരിശീലനം. 400 മീറ്റര്‍ ഹര്‍ഡില്‍സ് ഏഷ്യന്‍ ഗെയിംസ് ചാംപ്യനു മുന്നില്‍ ഒളിംപിക്സ് വല്ലാത്തൊരു മോഹമായി ഇതിനിടെ വളര്‍ന്നു. ഇന്ത്യയില്‍തന്നെ ആറു മീറ്റുകള്‍ ലഭിച്ചു. പട്യാല ഫെഡറേഷന്‍ കപ്പില്‍ കുറിച്ച 49.98 സെക്കന്‍ഡ് ഏറ്റവും മികച്ച സമയം. ഒളിംപിക്സ് യോഗ്യതാ മാര്‍ക്ക് 49.80 സെക്കന്‍ഡ്. ഒരു ഞൊടിയിട എന്നുപോലും വിശേഷിപ്പിക്കാനാവാത്ത സമയവ്യത്യാസം. നിര്‍ഭാഗ്യമെന്നേ തനിക്കു നേരിട്ട വിധിയെ ജോസഫ് വിശേഷിപ്പിക്കുന്നുള്ളൂ. ഇന്‍റര്‍ സ്‌റ്റേറ്റ് അത്ലറ്റിക്സ് മീറ്റിലും യോഗ്യതാ മാര്‍ക്ക് നെല്ലിടയ്ക്കു നഷ്ടമായതിന്‍റെ പിന്നാലെയെത്തി ആശ്വസിപ്പിച്ച, മുന്‍പരിചയമേതുമില്ലാത്ത തമിഴ്നാട് അത്ലിറ്റിന്‍റെ വാക്കുകള്‍ ജോസഫിന്‍റെ കാതിലും മനസിലും മുഴങ്ങുന്നു: അണ്ണാ, തോറ്റെന്നു കരുതി ഈ രംഗം വിടരുത്.  ഇല്ലെന്ന് അവനു നല്‍കിയ വാക്കുതന്നെയാണ് ജോസഫിന്‍റെ ഇപ്പോഴത്തെ ഊര്‍ജം. നാട്ടിലേക്കു മടങ്ങിയാലും തിരുവനന്തപുരം എല്‍എന്‍സിപിഇയില്‍ പരിശീലനം തുടരും. ദൈവം തുണച്ചാല്‍ അടുത്ത ഒളിംപിക്സിലേക്ക് ഒരു കൈ നോക്കണം. ഈ താരത്തിന്‍റെ കായിക സ്വപ്നങ്ങള്‍ ഫിനിഷ് ലൈന്‍ കടന്നിട്ടില്ല.

അധികൃതരോട് കുഞ്ഞ് തോറ്റു   

കുഞ്ഞുമുഹമ്മദ് പട്യാലയില്‍നിന്നു നാട്ടിലേക്കു പോരാന്‍ വഴിതേടുകയാണ്. ഒളിംപിക്സ് നഷ്ടത്തിന്‍റെ വേദനയ്‌ക്കൊപ്പം അധികൃതരുടെ പീഡനം കൂടി. വിമാനടിക്കറ്റ് നല്‍കാമെന്ന ആദ്യ ഉറപ്പ് പിന്‍വലിച്ചവര്‍ സ്വന്തം കാശുമുടക്കി നാട്ടിലേക്കു മടങ്ങാന്‍ ഉപദേശിച്ചു. ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റില്‍ 300നു മേലെ. ഇതു കുഞ്ഞുവിന് ആദ്യ അനുഭവമല്ല. ഒളിംപിക്സ് ക്യാംപില്‍നിന്ന് ഒഴിവാക്കിയശേഷം പരിദേവനങ്ങളും പരാതികളുമായി തിരിച്ചു ക്യാംപിലേക്കു പ്രവേശനം ലഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ കഠിന പരിശീലനമാണ്. ദിവസം ഏഴു മണിക്കൂര്‍വരെ അതു നീണ്ടു. 400 മീറ്ററില്‍ ഒളിംപിക്സ് യോഗ്യത നേടാനുള്ള മികവ് കുഞ്ഞുമുഹമ്മദിനുണ്ടെന്നു പരിശീലകരും വിധിയെഴുതി. എന്നാല്‍ മികച്ച മല്‍സരങ്ങള്‍ നടക്കുന്ന വിദേശത്ത് അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യത്തിന് അംഗീകാരമായില്ല. ഇതിനിടെ ഏഷ്യന്‍ ഗ്രാന്‍പ്രിയില്‍ 46.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഒളിംപിക്സ് യോഗ്യതാ മാര്‍ക്ക് 45.90 സെക്കന്‍ഡ്. ജോസഫിന്‍റേതുപോലെ മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസം. പക്ഷേ, നിര്‍ഭാഗ്യമോ, ദുര്‍വിധിയോ.. മികവുള്ള ഈ അത്ലിറ്റിനു മുന്നില്‍ ഒളിംപിക്സ് വഴിമാറിനില്‍ക്കുന്നു. മണ്ണാര്‍ക്കാട്ടെ വീട്ടിലെത്തി ചികില്‍സകള്‍ക്കുശേഷം കുഞ്ഞുമുഹമ്മദ് പരിശീലനം തുടങ്ങും. ഈ ഒളിംപിക്സില്‍ നഷ്ടമായത് അടുത്ത ഒളിംപിക്സില്‍ നേടണം. അതു പറയുന്പോള്‍ കുഞ്ഞുവിന്‍റെ വാക്കുകളില്‍ നിരാശയുടെ വേദനയില്ല. നിശ്ചയദാര്‍ഢ്യത്തിന്‍റെ കരുത്താണ്.

ഈ വീട്ടമ്മ ലണ്ടനിലേക്കു പറന്നില്ല

ഫാനി ബ്ളാങ്കേഴ്സ് കോയന്‍ എന്ന പറക്കും വീട്ടമ്മ  അഞ്ജു ബോബി ജോര്‍ജിനും പ്രചോദനമായിട്ടുണ്ടാവും.  30_ാം വയസില്‍ രണ്ടു മക്കളുടെ അമ്മയായ ശേഷം 1948 ലണ്ടന്‍ ഒളിംപിക്സിലെത്തി നാലു സ്വര്‍ണവുമായി മടങ്ങിയ ഡച്ചുകാരി ട്രാക്കിലെ വീട്ടമ്മമാര്‍ക്കെല്ലാം ആവേശമേറ്റിയ പെണ്‍രൂപമായിരുന്നലേ്ലാ.

മകന്‍ ആരോണിന് ആറുമാസം പ്രായമുള്ളപ്പോള്‍ ബാംഗ്ളൂര്‍ സായിയിലെ ജംപിങ് പിറ്റിലേക്കു വീണ്ടുമെത്തുന്പോള്‍ അഞ്ജുവിന്‍റെയും കോച്ചും ഭര്‍ത്താവുമായ ബോബിയുടെയും മനസിലുണ്ടായിരുന്നത് ഒളിംപിക്സ് യോഗ്യതയെന്ന കടന്പ. ശരീരം കായിക മല്‍സരത്തിനു വീണ്ടും അനുയോജ്യമാക്കിയെടുക്കാന്‍ കഠിന പരിശീലനത്തിന്‍റെ നാളുകള്‍. രാവിലെയും വൈകിട്ടും ജംപിങ് പിറ്റിലേക്കുള്ള കുതിപ്പായി ജീവിതം മാറിയ ദിനങ്ങള്‍. അതിനൊടുവില്‍ മല്‍സരത്തിനു മനസ്സും ശരീരവും പാകപ്പെട്ടുവെന്നു തോന്നിയപ്പോഴായിരുന്നു വിധി തിരിച്ചടിയായത്. ഇന്ത്യയില്‍ യോഗ്യതയ്ക്കു ലഭിച്ച അവസാന അവസരമായ ദേശീയ ഇന്‍റര്‍സ്‌റ്റേറ്റ് അത്ലറ്റിക്സിനു മുന്‍പ് പരുക്കേറ്റു. വിദേശത്തും മീറ്റുകളുണ്ടെന്ന് ആശ്വസിച്ചു. സ്വീഡനിലെയും പോര്‍ചുഗലിലെയും മീറ്റിനായി പേര് നല്‍കി, വിമാനത്തിനു ടിക്കറ്റെടുത്തു. പക്ഷേ, ഏറെ പ്രതീക്ഷ അര്‍പ്പിച്ചപ്പോഴെല്ലാം ദുര്‍വിധിപോലെ പിന്തുടര്‍ന്ന പരുക്ക് വീണ്ടും വിലക്കുതീര്‍ത്തു. പരിശീലനത്തിനിടെ കാലു തെറ്റി ജംപിങ് പിറ്റിലെ ഇളക്കമില്ലാത്ത മണല്‍പ്പുറത്തേക്കു വീണു. നെഞ്ചലച്ചുള്ള വീഴ്ചയില്‍ അഞ്ജുവിനു ബോധം നഷ്ടമായി. ശ്വാസമെടുപ്പിനു വേഗം കുറഞ്ഞു. ഒപ്പമുണ്ടായിരുന്ന ബോബി തുടക്കത്തില്‍ ഇത് ഒരു തമാശയായി കരുതി. അവിടെ ഒപ്പം പരിശീലിച്ചുകൊണ്ടിരുന്ന താരങ്ങള്‍ സായ് ഡോക്ടറുമായി മടങ്ങിയെത്തി. ഇതിനിടെ കണ്ണുതുറന്ന അഞ്ജുവിനോടു ഡോക്ടര്‍ പറഞ്ഞു: ഭാഗ്യമെന്നു കരുതിയാല്‍ മതി. തലയിലേക്കുള്ള പ്രധാന ഞരന്പിനു ക്ഷതമേറ്റെങ്കിലും ഗുരുതരമല്ല.

അവിടെനിന്നു മടങ്ങുന്പോള്‍ അഞ്ജുവിന് ഒരു കാര്യം കൂടി വ്യക്തമായി: ലണ്ടന്‍ ഒളിംപിക്സ് ഇനിയൊരു സ്വപ്നം മാത്രം. പ്രസവശേഷമുള്ള ശാരീരിക മാറ്റങ്ങളെയെല്ലാം പരിശീലനത്തിന്‍റെയും മനസിന്‍റെയും കാഠിന്യത്തിലൂടെ മറികടന്നിട്ടും വിധിയുടെ അനുമതി മാത്രം ഒളിംപിക്സിനു ലഭിച്ചില്ല.

ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടി റെക്കോര്‍ഡ് കുറിച്ചിട്ടും ഒളിംപിക്സ് എക്കാലവും അഞ്ജുവിനു തിരിച്ചടികളുടേതായിരുന്നു. സിഡ്നി ഒളിംപിക്സിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിട്ടും പരുക്കുമൂലം പോകാനായില്ല. ആതന്‍സിലെത്തിയപ്പോഴാകട്ടെ സൂപ്പര്‍ ഫോമില്‍. പക്ഷേ, മല്‍സരത്തിനു തൊട്ടുമുന്‍പത്തെ പൊടിക്കാറ്റില്‍ എല്ലാ പ്രതീക്ഷകളും തുലഞ്ഞു. അതിനെക്കുറിച്ച് മനോരമയുടെ ഒളിംപിക്സ് സ്‌പെഷല്‍ പതിപ്പില്‍ അഞ്ജു ഇങ്ങനെ കുറിക്കുന്നു: വാംഅപ് ഗ്രൗണ്ടിലെത്തിയപ്പോള്‍ കടുത്ത പൊടിക്കാറ്റ് എന്‍റെ കാഴ്ചയെ മാത്രമല്ല, പ്രതീക്ഷകളെയുമാണു മറച്ചത്. പൊടിയടിച്ചാല്‍ ജലദോഷം തുടങ്ങുന്ന പതിവിനു മാറ്റമുണ്ടായില്ല. മല്‍സരത്തിനു ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ചെറിയ പനി തുടങ്ങി. നിറഞ്ഞ സ്‌റ്റേഡിയത്തിനു മുന്നില്‍ നില്‍ക്കുന്പോള്‍ ശരീരം തളരുന്നതുപോലെ. ഇല്ല, എന്‍റെ സ്വപ്നങ്ങള്‍ തകരുകയാണ്. ചുറ്റുമുള്ള ഗാലറിയും ആള്‍ക്കാരുമെല്ലാം വട്ടംകറങ്ങുന്നു. ഇല്ല എന്‍റെ സ്വപ്നങ്ങള്‍ തകരുകയാണ്.....
മല്‍സരത്തില്‍നിന്നു പിന്‍മാറാന്‍ തുടങ്ങിയ തന്നെ ബോബി നിര്‍ബന്ധിച്ചു മല്‍സരത്തില്‍ പങ്കെടുപ്പിച്ചതും ദേശീയ റെക്കോര്‍ഡ് കുറിച്ചതോടെ ഊര്‍ജം തീര്‍ന്ന് മല്‍സരത്തില്‍ പിന്നാക്കം പോയതുമെല്ലാം വേദനയോടെ അഞ്ജു കുറിക്കുന്നു.
ബെയ്ജിങ് ഒളിംപിക്സിനു മുന്‍പും പരുക്ക് വില്ലനായി. എല്ലാ ചാട്ടങ്ങളും ഫൗളില്‍ കലാശിച്ചു. വീണ്ടുമൊരു ഒളിംപിക്സ് എത്തുന്പോള്‍ വര്‍ഷങ്ങളുടെ കഷ്ടപ്പാടിനു പ്രയോജനമില്ലാതെപോയതിന്‍റെ വേദനയില്‍ അഞ്ജു ജംപിങ് പിറ്റില്‍ നിന്നു മടങ്ങുന്നു; ഉള്ളില്‍ നിറയുന്ന വേദനയോടെ.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു