Are you unable to read text? Download FontHide
തിരയുക

ഈസിയായി റാഞ്ചി

• ഇന്ത്യയ്ക്ക് ഏഴു  വിക്കറ്റ് വിജയം

• പരന്പരയില്‍ 2_1ന് മുന്നില്‍

• കോഹ്ലി മാന്‍ ഒാഫ് ദ് മാച്ച്

റാഞ്ചി• പിറന്നു വീണ മണ്ണ്, കളിച്ചുവളര്‍ന്ന നാട്, ഒപ്പം കളിച്ച 15,000 പേരെങ്കിലും ഗാലറിയിലുണ്ടെന്നു മല്‍സരത്തിനു മുന്‍പേ ധാേണിയുടെ സാക്ഷ്യപ്പെടുത്തല്‍. അണിഞ്ഞൊരുങ്ങി സുന്ദരിയായി നിന്ന റാഞ്ചിയുടെ നെറ്റിയില്‍ വിജയത്തിന്‍റെ വലിയ പൊട്ട് കുത്തുന്പോള്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ മനസിലെങ്കിലും പറഞ്ഞിട്ടുണ്ടാവാം; വീരനായകാ, ഇതു ഞങ്ങളുടെ ആദരം ! ഗാലറി വിട്ടിറങ്ങിയ 39,000 പേരും ടിവിക്കു മുന്നില്‍ കാത്തിരുന്ന നാട് ഒന്നാകെയും ഉള്ളുതട്ടി പറഞ്ഞു: നന്ദി, ധാേണീ നന്ദി !

റാഞ്ചിക്ക് ഇന്നലെ ഉല്‍സവമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിന്‍റെ പാദമുദ്രകള്‍ ആദ്യമായി ആ മണ്ണില്‍ പതിഞ്ഞു. അയലത്തെ പയ്‌യന്‍ തന്നെ ടീമിന്‍റെ അമരത്ത്. നായകനെന്ന വാക്കിന്‍റെ സര്‍വാര്‍ഥങ്ങളും ഉള്‍ക്കൊണ്ടു ധാേണി കളിക്കളത്തിലെ ചടുലനീക്കങ്ങളിലൂടെ ഇംഗ്ളണ്ടിനെ സമ്മര്‍ദ്ദത്തിന്‍റെ ആഴങ്ങളിലേക്കു തള്ളിയിടുന്പോള്‍ റാഞ്ചിയുടെ പ്രതീക്ഷയ്ക്കും കാത്തിരിപ്പിനും സഫലമായ പരിസമാപ്തി. ഏകദിന പരന്പരയിലെ മൂന്നാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്‍റെ ഉജ്വല വിജയം. ഇംഗ്ളണ്ടിനെ വെറും 155 റണ്‍സിലേക്ക് എറിഞ്ഞിട്ട ശേഷം 131 പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്നു വിക്കറ്റു മാത്രം നഷ്ടമാക്കി ഇന്ത്യ രണ്ടാം വിജയത്തിലേക്ക്. പരന്പരയില്‍ ഇന്ത്യ 2_1ന് മുന്നില്‍. 79 പന്തുകളില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്സറുമായി 77 റണ്‍സെടുത്തു ഫോമിലേക്കു തിരിചെ്ചത്തിയ വിരാട് കോഹ്ലി മാന്‍ ഒാഫ് ദ് മാച്ച്.

കണിശമായ ബോളിങ്, പിഴവില്ലാത്ത ഫീല്‍ഡിങ്. ആധികാരിക ബാറ്റിങ്_ ഇംഗ്ളണ്ടിനെ സര്‍വ മേഖലയിലും പിന്തള്ളിയ പ്രകടനത്തിലൂടെ ഇന്ത്യ ആധിപത്യമുറപ്പിക്കുന്പോള്‍ അലിസ്റ്റയര്‍ കുക്കിന്‍റെ വെളുത്തു തുടുത്ത മുഖത്തു നിരാശയുടെ കറുപ്പ് പടര്‍ന്നു തുടങ്ങിയിരുന്നു. ആശയും ആശയങ്ങളുമറ്റു നഖം കടിച്ചു നിന്ന കുക്കിന്‍റെ മുഖം ഒന്നുകൂടി വിളിച്ചു പറഞ്ഞു; ഈ കളിക്കു മറുപടി നല്‍കാനുള്ള ആയുധങ്ങളും തന്ത്രങ്ങളും എന്‍റെ പക്കലില്ല!  6.2 ഒാവറില്‍ 19 റണ്‍സിനു മൂന്നു വിക്കറ്റെടുത്ത ജഡേജയില്‍ തുടങ്ങി ബാറ്റിങ് കലയുടെ സൗന്ദര്യമാവാഹിചെ്ചത്തിയ വിരാട് കോഹ്ലിയിലൂടെ ഇന്ത്യ വിജയസോപാനമേറുന്പോള്‍, അല്ലെങ്കിലും കുക്കും സംഘവും എന്തു ചെയ്‌യാന്‍.

ആദ്യം ബാറ്റു ചെയ്‌യുന്നവര്‍ക്കു 350 റണ്‍സെങ്കിലും കുറിക്കാവുന്ന പിച്ച്_ ക്യുറേറ്റര്‍ ഈ ഉറപ്പ് നല്‍കിയത് ഇന്ത്യയെ മനസില്‍ കണ്ടായിരുന്നുവോ എന്തോ ! ടോസ് നേടി ഇംഗ്ളണ്ടിനെ ബാറ്റിങ്ങിനു വിടുന്പോള്‍ കല്ലുറപ്പുള്ള പിച്ചിലെ പുല്ലിന്‍റെ നേര്‍ത്ത ആവരണം ധാേണിയുടെ മനസിളക്കിയിട്ടുണ്ടാവും. ഷാമി അഹമ്മദും ഭുവനേശ്വറും മികച്ച പന്തുകളിലൂടെ ബാറ്റ്സ്മാന്‍മാരെ വിരട്ടിത്തുടങ്ങി. 24 റണ്‍സില്‍ ഷാമിയുടെ പന്തില്‍ കുക്കിന്‍റെ വിക്കറ്റ് നഷ്ടമായി. പിന്നീട് പീറ്റേഴ്സണ്‍ (17)_ ബെല്‍ (25) കൂട്ടുകെട്ട് 68 റണ്‍സ് വരെയെത്തിച്ചു. ഇഷാന്തിന്‍റെ പന്ത് നേരിടുന്പോള്‍ പീറ്റേഴ്സന്‍റെ ബാറ്റ് പാഡില്‍ തട്ടിയതിന്‍റെ ശബ്ദം കേട്ട അംപയര്‍ തെറ്റിദ്ധരിച്ചു. ധാേണിയുടെ മൂന്നു ക്യാച്ചുകളില്‍ ആദ്യത്തേത്. പീറ്റേഴ്സന്‍റെ വിക്കറ്റു വീണതോടെ അണക്കെട്ടു തുറന്നു വിട്ടതുപോലെ വിക്കറ്റിന്‍റെ കുത്തൊഴുക്ക്. അതേ സ്‌കോറില്‍ തന്നെ മൂന്നാം വിക്കറ്റും നഷ്ടമായ അവര്‍ക്കു വേണ്ടി 39 റണ്‍സോടെ ജോ റൂട്ട് മാത്രം അല്‍പനേരം പിടിച്ചു നിന്നു. 98 റണ്‍സെടുക്കുന്പോഴേക്ക് അവര്‍ക്ക് ആറു വിക്കറ്റ് നഷ്ടമായിരുന്നു.

മധ്യനിര പൂര്‍ണമായി സ്പിന്നര്‍മാര്‍ക്കു മുന്നില്‍ കീഴടങ്ങി. സമിത് പട്ടേലും കീസ്‌വെറ്ററും ജഡേജയ്ക്കു മുന്നില്‍ പൂജ്യന്മാരായി മടങ്ങി. ഡെണ്‍ബാക്കിന്‍റെ വിക്കറ്റും റണ്ണെടുക്കും മുന്‍പേ ജഡേജയ്ക്ക്. 25 റണ്‍സെടുത്ത ബ്രെസ്നന്‍ മാത്രം വാലറ്റക്കാരില്‍ ചെറുത്തു നിന്നു. ഏഴാം വിക്കറ്റില്‍ റൂട്ടും ബ്രെസ്നനും ചേര്‍ന്നാണ് സ്‌കോറിന് ഇത്രയെങ്കിലും മാന്യത നല്‍കിയത്. ഭുവനേശ്വര്‍ 10 ഒാവറില്‍ 40 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ഷാമി എട്ടോവറില്‍ വിട്ടുകൊടുത്തത് 23 റണ്‍സു മാത്രം. ഒരു വിക്കറ്റും സ്വന്തമാക്കി. ഇഷാന്ത് ശര്‍മ ഏഴ് ഒാവറില്‍ 29 റണ്‍സിനു രണ്ടു വിക്കറ്റെടുത്തു. അശ്വിനുമുണ്ട് രണ്ടു വിക്കറ്റ്. ഒരു വിക്കറ്റ് റെയ്നയുടെ പേര്‍ക്കും. അതായത് ഇന്ത്യയ്ക്കു വേണ്ടി പന്തെടുത്തവരെല്ലാം വിക്കറ്റുമായി മടങ്ങി !

മറുപടി ബാറ്റിങ്ങിലാണ് പിച്ചിന്‍റെ യഥാര്‍ഥ സ്വഭാവം പിടികിട്ടിയത്. എന്നെ അടിക്കൂ എന്ന ആഹ്വാനത്തോടെയാണു പന്തുകള്‍ എത്തുന്നതു തന്നെ. രഹാനെ പരന്പരയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഫിന്നിന്‍റെ പന്തില്‍ ക്ലീന്‍ബോള്‍ഡായതു മാത്രമുണ്ട് ഇന്ത്യയുടെ തിരിച്ചടിയിലെ കറുത്തപാട്. ഏകദിനത്തില്‍ 22_ാംഅര്‍ധ സെഞ്ചുറി സ്വന്തമാക്കി കോഹ്ലി ഇന്നലെ 4,000 റണ്‍സ് കടന്നു. വിവിയന്‍ റിച്ചാര്‍ഡ്സ് കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡോടെ. 93_ാം മല്‍സരത്തിലാണ് കോഹ്ലിയുടെ നേട്ടം. റിച്ചാര്‍ഡ്സ് ഈ ഘട്ടം പിന്നിട്ടത് 88_ാം മല്‍സരത്തില്‍. ഡെണ്‍ബാക്കിനെതിരെ തുടര്‍ച്ചയായ മൂന്നു ബൗണ്ടറികളും ഫിന്നിനെതിരെ തുടര്‍ച്ചയായ രണ്ടു ബൗണ്ടറികളും നേടിയ കോഹ്ലി അസാമാന്യ ഫോമിലേക്കു തിരിചെ്ചത്തിയെന്നു വ്യക്തമാക്കി.

ഗംഭീര്‍ 52 പന്തുകളില്‍ നാലു ബൗണ്ടറിയുമായി 33 റണ്‍സെടുത്തു. യുവരാജ് 21 പന്തുകളില്‍ ആറു ബൗണ്ടറിയോടെ 30 റണ്‍സെടുത്തു. രണ്ടു വിക്കറ്റും സ്പിന്നര്‍ ട്രെഡ്‌വെല്ലിന്. പരന്പരയിലെ ആറാമത്തെയും ഏഴാമത്തെയും വിക്കറ്റ്. യുവരാജിനു പിന്നാലെ ധാേണിയെത്തിയപ്പോള്‍ ഗാലറിക്ക് ഇരിക്കപ്പൊറുതിയില്ലായിരുന്നു. ശബ്ദഘോഷത്തിന്‍റെ ഉച്ചസ്ഥായിലായ ഗാലറിയെ പുളകമണിയിച്ചു, വില്ലു പോലെ വളഞ്ഞുനിന്നു ധാേണി പായിച്ച പുള്‍ ഷോട്ട് അതിര്‍വര തൊടുന്പോള്‍ ശബ്ദവിസ്‌ഫോടനം, ഹര്‍ഷോന്മാദം.

ഇനി പരന്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു പ്രാര്‍ഥന മാത്രം; കൊച്ചിയിലും റാഞ്ചിയിലും കാട്ടിയ ആവേശം മൊഹാലിയിലേക്കും ധര്‍മശാലയിലേക്കും കൂടി ടീം ഇന്ത്യ കൊണ്ടുപോകണേ. തുടര്‍ച്ചയായ തോല്‍വികളില്‍ നിരാശപ്പെട്ടു നിന്ന കാണികള്‍ക്ക് ആശ്വാസത്തിന്‍റെ ലേപനം പുരട്ടാന്‍ വിജയത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ലല്ലോ.

സ്‌കോര്‍ബോര്‍ഡ്
ഇംഗ്ളണ്ട്
കുക്ക് എല്‍ബി ബി ഷാമി അഹമ്മദ്_ 17, ഇയാന്‍ ബെല്‍ സി ധാേണി ബി ഭുവനേശ്വര്‍_ 25, പീറ്റേഴ്സണ്‍ സി ധാേണി ബി ഇഷാന്ത്_ 17, റൂട്ട് സി ധാേണി ബി ഇഷാന്ത്_ 39, മോര്‍ഗന്‍ സി യുവരാജ് ബി അശ്വിന്‍_ 10, കീസ്‌വെറ്റര്‍ ബി ജഡേജ_ പൂജ്യം, സമിത് പട്ടേല്‍ എല്‍ബി ബി ജഡേജ_ പൂജ്യം, ടിം ബ്രെസ്നന്‍ ബി അശ്വിന്‍_ 25, ട്രെഡ്‌വെല്‍ നോട്ടൗട്ട്_ നാല്, ഫിന്‍ സി യുവരാജ് ബി റെയ്ന_ നാല്, ഡെണ്‍ബാക് ബി ജഡേജ_ പൂജ്യം
എക്സ്ട്രാസ്_ 15
ആകെ 42.2 ഒാവറില്‍ 155

വിക്കറ്റുവീഴ്ച: 1_24, 2_68, 3_68, 4_97, 5_98, 6_98, 7_145, 8_145, 9_155, 10_155
ബോളിങ്: ഭുവനേശ്വര്‍ 10_2_40_1, ഷാമി അഹമ്മദ് 8_0_23_1, ഇഷാന്ത് 7_0_29_2, ജഡേജ 6.2_0_19_3, അശ്വിന്‍ 10_0_37_2, റെയ്ന 1_0_1_1

ഇന്ത്യ
ഗംഭീര്‍ സി റൂട്ട് ബി ട്രെഡ്‌വെല്‍_ 33, രഹാനെ ബി ഫിന്‍_ മൂന്ന്, കോഹ്ലി നോട്ടൗട്ട്_ 77, യുവരാജ് സിങ് ബി ട്രെഡ്‌വെല്‍_ 30, ധാേണി നോട്ടൗട്ട്_ 10, എക്സ്ട്രാസ്_ ഏഴ്
ആകെ 28.1 ഒാവറില്‍ മൂന്നു വിക്കറ്റിന് 157
വിക്കറ്റുവീഴ്ച: 1_11, 2_78, 3_144
ബോളിങ്: ഫിന്‍ 9.1_0_50_1, ഡെണ്‍ബാക് 5_0_45_0, ബ്രെസ്നന്‍ 7_2_31_0, ട്രെഡ്‌വെല്‍ 7_1_29_2

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു