Are you unable to read text? Download FontHide
തിരയുക

അമ്മ ഗുരുക്കള്‍!

അമ്മ അഭ്യസിച്ച ചുവടുകളില്‍ അടി പതറാതെ പടവെട്ടി മൂന്നുവട്ടം വിജയത്തിളക്കം. കുഴിക്കളരിയില്‍ അഭ്യസിച്ച് കടത്തനാടന്‍ സന്പ്രദായത്തില്‍ അരക്കെട്ടുറപ്പിച്ച് പിടിചെ്ചടുത്തത് അംഗീകാരങ്ങളുടെ നാട്ടുപെരുമ. ഇത് കരുവഞ്ചാല്‍ കടത്തനാട് കെപിസിജിഎം കളരി സംഘത്തിലെ ഇളമുറക്കാരിയുടെ നേട്ടങ്ങളുടെ അങ്കപ്പെരുമ. ഒറ്റ പയറ്റ്, ഉറുമി, മെയ് പയറ്റ്, കഠാര, ചെറുവടി തുടങ്ങി 14 ഇനങ്ങളില്‍ വിജയം നേടി കളരിപ്പയറ്റ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ മൂന്നാമതും വ്യക്തിഗത ചാംപ്യനായ അമൃത രാമചന്ദ്രന്‍ വീണ്ടും കടത്തനാടന്‍ കളരിക്ക് അഭിമാനമായി.

മൂന്നാം വയസ്സില്‍ തട്ടിലിറങ്ങിയ അമൃതയ്ക്ക് അച്ഛന്‍ രാമചന്ദ്രന്‍ ഗുരുക്കളും അമ്മ ഷൈലജ ഗുരുക്കളുമായിരുന്നു ആദ്യപാഠങ്ങള്‍ പകര്‍ന്നത്. കടത്തനാട്ടു നിന്നും മലയോരത്തേക്ക് കുടിയേറി കണ്ണൂര്‍ കരുവഞ്ചാലില്‍ കുഴിക്കളരിക്ക് തുടക്കമിട്ട രാമചന്ദ്രന്‍ 21 വര്‍ഷമായി കളരി അഭ്യസിപ്പിക്കുന്നുണ്ട്.

ആങ്ങളമാരുടെ ചുവടു കണ്ട് കൊതിച്ച് കളരിത്തട്ടിലിറങ്ങി 2003ല്‍ സംസ്ഥാനത്തെ ആദ്യ വനിതാ ഗുരുക്കള്‍ എന്ന നേട്ടം കൈവരിച്ച ഷൈലജ, കളരി ചികില്‍സയും അമൃതയ്ക്ക് പരിചയപ്പെടുത്തി. ആദ്യ പാഠങ്ങളായ പിള്ളതാങ്ങിയും അറപ്പക്കൈയും കോല്‍ത്താരിയും അങ്കത്താരിയും പകര്‍ന്ന് മകള്‍ക്ക് അരക്കെട്ടുറപ്പിച്ചു. അങ്കം പഠിച്ച് അമൃത ആദ്യം തട്ടില്‍ കയറിയത് മൂന്നര വയസ്സില്‍. ജോസ്ഗിരി പള്ളിയിലെ വേദിയിലായിരുന്നു അരങ്ങേറ്റം. അമൃതയ്ക്ക് പിന്നാലെ അനുജന്‍ ആരോമലും കളരിയില്‍ സജീവമായി. സംസ്ഥാന ചാംപ്യന്‍ഷിപ്പുകളില്‍ പലകുറി ആരോമലും ചേകവരായി.

ഒരു കുടുംബം മുഴുവന്‍ കളരിയില്‍ ഇറങ്ങിയതോടെ നാടും കടത്തനാടന്‍ കളരിക്കു പിന്നാലെയായി. ഷൈലജയുടെ കീഴില്‍ കളരി പഠിക്കാന്‍ ഇറങ്ങിയ സ്ത്രീകളുടെ എണ്ണവും കൂടി. കണിയഞ്ചാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പ്ളസ് ടു കഴിഞ്ഞ അമൃത സഹപാഠികളെയും കളരി പഠിക്കാന്‍ സഹായിച്ചു. ഷൈലജയായിരുന്നു അവിടെയും ഗുരു.

പെണ്‍കുട്ടികള്‍ക്കായി 30 മണിക്കൂര്‍ കളരി ക്ലാസ് എന്ന ആശയത്തിലൂടെ ഷൈലജയും അമൃതയും സ്കൂള്‍മുറ്റത്തെത്തി. കുഴിക്കളരിയിലും പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കി. കളരിയോടൊപ്പം കൗണ്‍സലിങ് ക്ലാസുകളും കരാട്ടെയും യോഗയും ചേര്‍ന്നു. സ്വയം നിയന്ത്രിക്കുക, പ്രതിരോധിക്കുക തുടങ്ങിയ പാഠങ്ങളായിരുന്നു ലക്ഷ്യം. സഹപാഠിയെ പോലും മുറിവേല്‍പ്പിക്കാന്‍ മടിക്കാത്ത വിദ്യാര്‍ഥി സമൂഹത്തിന് കളരിയിലൂടെ സ്വയം നിയന്ത്രിച്ച് നല്ല വിദ്യാര്‍ഥികളാകാനാകും എന്ന അഭിപ്രായമാണ് ഷൈലജയ്ക്ക്. കളരിയും പാഠ്യ വിഷയമാക്കണമെന്ന് ആവശ്യം.

കളരിപ്പയറ്റ് അസോസിയേഷനും സ്‌പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പലകുറി അമൃത ചുവടുവച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്പോഴായിരുന്നു ആദ്യ സംസ്ഥാന മല്‍സരം. ഇക്കുറി മല്‍സരിക്കാന്‍ ഇറങ്ങിയ 14 വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് അമൃത വ്യക്തിഗത മികവിന് അര്‍ഹയായത്. മംഗലാപുരത്ത് നടന്ന ദേശീയ യുവജനോല്‍സവത്തിലും പങ്കെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചു

ഷൈലജ ഗുരുക്കളുടെ നേതൃത്വത്തില്‍ കളരി ചികില്‍സയിലും അമൃത സജീവമാണ്. ഇലക്കിഴി, ഞവരക്കിഴി, ഉഴിച്ചില്‍ തുടങ്ങി ഏറെ ചികില്‍സകള്‍ക്ക് സ്ത്രീകള്‍ ഇവിടെ എത്താറുണ്ട്. കളരിയില്‍ ഹരിശ്രീ കുറിച്ച അമൃതയ്ക്ക് കളരിയില്‍ തന്നെ ജീവിക്കാനാണ് ആഗ്രഹവും. ആയുര്‍വേദ മെഡിക്കല്‍ സയന്‍സ് പഠിക്കാന്‍ ഒരുങ്ങുകയാണ് അമൃത. അങ്കത്തട്ടില്‍ അമ്മ പകര്‍ന്ന മനോധര്യൈവും ആയുധവഴിയില്‍ അച്ഛനേകിയ ചങ്കുറപ്പും പുതിയ കളരിയിലേക്ക് ചുവടുറപ്പിക്കുന്നു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു