Are you unable to read text? Download FontHide
തിരയുക

അന്തസ്സായി തെണ്ടുന്ന സായ്പ്

യാത്രകളില്‍ എന്‍റെ പ്രധാന ഇഷ്ടങ്ങളിലൊന്ന് ഫൊട്ടോഗ്രഫിയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ യാത്രകള്‍ ചിത്രങ്ങളായി എന്‍റെ കൈയിലുണ്ട്. വൈല്‍ഡ് ലൈഫാണ് കൂടുതലിഷ്ടമെങ്കിലും പ്രകൃതി, വ്യക്തികള്‍, വഴികള്‍ എന്നിങ്ങനെ ഓരോ യാത്രയുടെയും ചിത്രമെടുപ്പിനു ഞാന്‍ ഓരോ വിഷയം നിശ്ചയിക്കാറുണ്ട്.

ഇത്തവണ യൂറോപ്പിലേക്കുള്ള അവധിക്കാലയാത്രയില്‍ ഓസ്ട്രിയയായിരുന്നു പ്രധാന ലക്ഷ്യം. അവിടെനിന്നു ചെക് റിപ്പബ്ളിക്, ഹംഗറി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്കും. സാന്പത്തിക മാന്ദ്യത്തിലാണു യൂറോപ്പ് എന്നതുകൊണ്ട് ഇത്തവണത്തെ പടമെടുപ്പിന്‍റെ വിഷയം സായ്പ് ഭ ിക്ഷക്കാരാവാമെന്നു തീരുമാനിച്ചാണ് ഓസ്ട്രിയയില്‍ കാലുകുത്തിയത്. ഏതാണ്ട് 70 ഇന്ത്യന്‍ രൂപയാണ് ഒരു യൂറോ. അത്രയും കാശിന് ഇവിടെ രണ്ടുനേരം ആഹാരം കഴിക്കാം. യൂറോപ്പില്‍ ഒരു കുപ്പി വെള്ളം പോലും കിട്ടില്ല.

അദ്ഭുതം, യൂറോപ്യന്‍ ഭിക്ഷക്കാര്‍ എന്‍റെ ധാരണകള്‍ തെറ്റിച്ചു. ചുമ്മാ വഴിയരികിലിരുന്നോ ട്രാഫിക് ബേ്ളാക്കുകളില്‍ കാറിന്‍റെ ചില്ലില്‍ത്തട്ടിയോ ‘അമ്മാ വല്ലതും തരണേ... എന്ന ധര്‍മമെടുപ്പിനു സായ്പ്പിനെ കിട്ടില്ല. എന്തെങ്കിലും ചെയ്തുകൊണ്ടാണ് അവരുടെ പിരിവ്. ചിലര്‍ പാട്ടു പാടുന്നു, ചിലര്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്നു, പടം വരയ്ക്കുന്നു, മറ്റുചിലര്‍ ശരീരം മുഴുവന്‍ പെയ്ന്‍റ് ചെയ്ത് പ്രതിമകളെപ്പോലെ നില്‍ക്കുന്നു. രാവിലെ മുതല്‍ വൈകിട്ടു വരെ ഒരേ നില്‍പ്പാണ്. അരമണിക്കൂര്‍ തികച്ചു നമുക്ക് അങ്ങനെ നില്‍ക്കാന്‍ പറ്റില്ല.

ചെക്ക് റിപ്പബ്ളിക്കിലെ പ്രാഗില്‍ വഴിയരികിലൊരു സായ്പ് കുത്തിയിരിക്കുന്നതുകണ്ടു. മുന്നില്‍ ഒരു പട്ടി ബോധംകെട്ടതുപോലെ മലര്‍ന്നുകിടക്കുന്നു. മുന്നിലൊരു ബോര്‍ഡ്: ‘എനിക്കും യജമാനനും താമസിക്കാന്‍ വീടില്ല. ഞങ്ങളെ സഹായിക്കൂ.  മൃഗസ്‌നേഹികളായ സായ്പ്പുമാരും മദാമ്മമാരും പട്ടിയുടെ മുന്നിലെ പെട്ടിയില്‍ കാശിട്ട് ‘പാവമേ എന്നൊരു നോട്ടവും നോക്കിപ്പോവുന്നു. ഇതിന്‍റെ സൂത്രമെന്താണെന്നറിയാന്‍ ഞാന്‍ അടുത്തൊരിടത്ത് ഒളിച്ചിരുന്നു. പെട്ടിയില്‍ കാശിട്ട് മൃഗസ്‌നേഹികള്‍ പോയിക്കഴിയുന്പോള്‍ പട്ടി എഴുന്നേറ്റു കാശെടുത്ത് യജമാനന്‍ സായ്പ്പിനു കൊടുക്കുന്നു. ആളുകള്‍ വരുന്പോള്‍ പിന്നെയും മലര്‍ന്നുകിടന്നു ബോധം കെടുന്നു. പരിശീലനം കിട്ടിയ പട്ടിയാണ്. പൊലീസുകാര്‍ വന്ന് ഓടിക്കുന്നതുവരെ ഇതാണു പരിപാടി. യൂറോപ്പില്‍ പലയിടത്തും ഈ കലാപരിപാടി ഞാന്‍ കണ്ടു. പട്ടി മാത്രമല്ല പൂച്ചയും മറ്റു മൃഗങ്ങളുമൊക്കെ ഇങ്ങനെ ഭിക്ഷയെടുക്കുന്നുണ്ട്.

ഇരുപതോളം സംഗീതോപകരണങ്ങള്‍ ശരീരത്തു വച്ചുകെട്ടിയ ഒരപ്പൂപ്പനെ ഒരിടത്തു കണ്ടു. കാലില്‍ രണ്ടു സ്പീക്കറും വച്ചുകെട്ടിയാണ് മൂപ്പരുടെ കചേ്ചരി. സ്‌പെയിനിലെ മഡ്രിഡില്‍ റയല്‍ മഡ്രിഡിന്‍റെ സാന്‍റിയാഗോ ബര്‍ണബ്യൂ സ്‌റ്റേഡിയം കണ്ടു നടന്നുവരുന്പോള്‍  പലകയില്‍ തറച്ച ആണികള്‍ക്കു മുകളിലിരിക്കുന്ന ഒരാള്‍. പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മ്യൂസിക്. മുന്നിലെ ബോര്‍ഡില്‍ ഇന്ത്യന്‍ യോഗ പ്രകടനം എന്നെഴുതിവച്ചിരിക്കുന്നു. അദ്ഭുതമായി തോന്നിയത് ഒരാളും വെറുതെ കൈനീട്ടി കാശു ചോദിച്ചില്ല എന്നതാണ്. ഭിക്ഷാടനത്തിലും അന്തസ് പുലര്‍ത്തുന്നവര്‍. സായ്പ്പുമാരോടു കുറച്ചു ബഹുമാനം തന്നെ തോന്നി.

പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണില്‍ സകുടുംബം നടക്കാനിറങ്ങിയ ഒരു വൈകുന്നേരം. വഴിയരികില്‍ നേര്‍ത്ത പാട്ടിനൊത്തു മെല്ലെ കറങ്ങുന്ന ഒരു സുന്ദരിപ്പാവ. അശ്വതിയും (പാര്‍വതി) കണ്ണനും മാളുവും പാവയില്‍നിന്നു കണ്ണെടുക്കാതെ നില്‍ക്കുന്നു. കുറെക്കഴിഞ്ഞ് പോകാന്‍നേരം പാവയ്ക്കു മുന്പിലെ പെട്ടിയിലിടാന്‍ ചില്ലറയില്ല. മലയാളിയുടെ തനിസ്വഭാവത്തില്‍ ‘സാരമില്ല, നമുക്കു പോകാമെന്നു പറഞ്ഞു ഞാന്‍ നടന്നു, പിന്നാലെ കുടുംബവും.

ആദ്യം ഹിന്ദിയില്‍ എന്തോ പറയുന്നതുകേട്ടു. ഇന്ത്യക്കാരനാണലേ്ലാ എന്ന ഞെട്ടലില്‍ നില്‍ക്കുന്പോള്‍  ‘പാര്‍വതിചേ്ചച്ചീ എന്നൊരു വിളി. ഞങ്ങളൊരുമിച്ച് ഞെട്ടിത്തിരിഞ്ഞുനോക്കി. ദൈവമേ, പാവ മലയാളം പറയുന്നു.
‘പാര്‍വതിചേ്ചച്ചീ, ദാരിദ്യ്രം കാണിക്കാതെ
എന്തെങ്കിലും തന്നിട്ടു പോ....!
ഭൂമിക്കൊരു കറക്കമുണ്ടെന്നു
സത്യമായും എനിക്കു വിശ്വാസം വന്നു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു