Are you unable to read text? Download FontHide
തിരയുക

അച്ഛന്‍റെ ഹൃദയസത്യം തേടി

അമ്മയില്ലാതെ ലോകമില്ലെന്നത് പരമമായ സത്യം. പിന്നെയാണോ മലയാള സിനിമ. പക്ഷേ അച്ഛനെക്കുറിച്ചു പറയുന്പോഴല്ലേ നമ്മുടെ സിനിമ ഏറ്റവും തീവ്രമാകാറുള്ളത്. കിരീടവും അമരവും വീണ്ടും ചില വീട്ടുകാര്യങ്ങളും കണ്ട നമ്മള്‍ അച്ഛനെ മുറുക്കിയൊന്നു കെട്ടിപ്പിടിക്കാന്‍ എത്രയോ ആഗ്രഹിച്ചിരിക്കുന്നു. ആ അച്ഛന്‍റെ മകനാവാന്‍, മകളാകാന്‍ അറിയാതെ കൊതിച്ചുപോയിരിക്കുന്നു.

നമ്മെ നൊന്പരപ്പെടുത്തിയ, കൊതിപ്പിച്ച, ആമോദം നല്‍കിയ മലയാള സിനിമയിലെ അച്ഛന്‍ കഥാപാത്രങ്ങളുടെ അങ്ങേയറ്റത്ത് നന്മയുടെ ഒരു ചലച്ചിത്രകാരന്‍ തെളിഞ്ഞു വരുന്നത് ഇപ്പോള്‍ കാണുന്നിലേ്ല? ലോഹിതദാസ് അല്ലാതെ മറ്റാരാണ് അച്ഛനെക്കുറിച്ച് ഇത്രയധികം കഥകള്‍ നമുക്ക് പറഞ്ഞുതന്നത്. മലയാളത്തില്‍ അച്ഛന്‍ കഥാപാത്രങ്ങളുടെ വൈകാരികതലങ്ങള്‍ ഇത്രയധികം ഉപയോഗപ്പെ ടുത്തിയ മറ്റൊരു ചലച്ചിത്രകാരനില്ല. പിന്നീട് ഓര്‍മക്കുറിപ്പുകളില്‍ അച്ഛനില്ലാത്ത ചെറുപ്പകാലത്തെ കുറിച്ചു പറഞ്ഞ് ആ മുഖം ആര്‍ദ്രമാകുന്നതും നമ്മള്‍ കണ്ടതാണ്. താന്‍ അറിയാതെ പോയ, വാല്‍സല്യം നല്‍കാതെ പോയ അച്ഛന് വേണ്ടിയുള്ള പിടച്ചിലായിരുന്നു ലോഹിതദാസിന്‍റെ ഓരോ സിനിമയും. അതെല്ലാം തന്നെ കാണി കളെ പിടിച്ചുലച്ചതിനു പിന്നിലുള്ള സൂത്രവാക്യവും മറ്റൊന്നല്ല.

കിരീടം
കേരളത്തില്‍ ഓരോ മകനും ആഗ്രഹിച്ചു ഇതു പോലൊരു അച്ഛനുണ്ടായിരുന്നെ ങ്കിലെന്ന്. ഓരോ അച്ഛനും ആഗ്രഹിച്ചു ഇതുപോലൊരു മകനുണ്ടായിരുന്നെങ്കി ലെന്ന്. കിരീടം മലയാളിക്കു പകര്‍ന്നു തന്നത് സമാനതകളില്ലാത്ത അച്ഛന്‍- മകന്‍ ബന്ധത്തിലെ കവിതയായിരുന്നു. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം മോഹന്‍ലാലിന്‍റേയും തിലകന്‍റേയും അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെ മലയാളത്തിന്‍റെ കൊമേഴ്സ്യല്‍ ക്ലാസിക്കായി മാറി. ഒരു അച്ഛനും മകനും ഇങ്ങനെ സ്‌നേഹിക്കാന്‍ കഴിയുമോ എന്നു നമ്മള്‍ സംശയിച്ചു. ഈ ചിത്രത്തോടെ തിലകനും മോഹന്‍ലാലും മികച്ച അച്ഛന്‍- മകന്‍ ജോഡിയായി മാറുകയും ചെയ്തു. കവിയൂര്‍ പൊന്നമ്മയെ മോഹന്‍ലാലിന്‍റെ അമ്മയാക്കിയ മലയാളം തിലകനെ അദ്ദേഹത്തിന്‍റെ അച്ഛനാക്കി നൂറില്‍ നൂറും മാര്‍ക്ക് നല്‍കി.

അമരം
കടലിന്‍റെ ഹൃദയസത്യം തേടിയ അച്ഛന്‍. സ്‌നേഹത്തിന്‍റെ നേരുറവ തേടിയ മകള്‍. പെണ്‍മക്കളുള്ള ഓരോ അച്ഛനും കണ്ണീരോടെ മാത്രം കണ്ടുതീര്‍ക്കുന്ന ചിത്രമാണ് അമരം. അച്ഛന്‍-മകള്‍ ബന്ധത്തെ ഇത്ര മനോഹരമാക്കിയ മറ്റൊരു ചിത്രം മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നു സംശയം. ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത അമരത്തിന് പറയാനുള്ളത് ഒരു കാലത്തും പുരാതനമാകുന്നില്ല. മകളോട് കടലോളം പൊറുക്കാന്‍ മാത്രമറിയാവുന്ന ആ അച്ഛനെ കണ്ട് നമ്മള്‍ ഇന്നും പതുക്കെ കരയാറുണ്ട്. മമ്മുട്ടിയും മാതുവും അവതരിപ്പിച്ച കഥാപാത്രങ്ങളെ കണ്ട് അവര്‍ താരങ്ങളാണെന്ന കാര്യം തന്നെ നമ്മള്‍ മറന്നു. സിനിമക്കൊട്ടക കടപ്പുറമായപ്പോള്‍ നമ്മളില്‍ പലരും മുത്തും അച്ചൂട്ടിയുമായി. അമരത്വമുള്ള മകള്‍ അമരത്വമുള്ള അച്ഛന്‍. അമരം നന്മയാണ് നന്മ അമരവും.

ദശരഥം
ഇങ്ങനെയൊരു അച്ഛനെ നമ്മള്‍ കണ്ടിട്ടില്ല. താന്തോന്നിയായ, ഒരു മകന് വേണ്ടി മാത്രം ജീവിക്കാമെന്നു പറയുന്ന ഒരച്ഛനെ. ദശരഥത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം അങ്ങനെയൊരു ഭ്രമാത്മക അച്ഛനെയാണ് നമുക്ക് കാണിച്ചു തന്നത്. ലോഹിതദാസ്-സിബിമലയില്‍ കൂട്ടുകെട്ടില്‍ നിന്നു തന്നെയായിരുന്നു ഈ അവി സ്മരണീയ ചിത്രവും പിറന്നത്. കഥ കണ്ടെത്തിയതിനു പിന്നില്‍ മറ്റൊരു കഥയു ണ്ടെന്ന് ലോഹിതദാസ് ഓര്‍മിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു ആശുപത്രിയില്‍ ബീജദാനം ചെയ്‌യാന്‍ ലോഹിതദാസ് പോയിരുന്നു. പിന്നെ അതൊക്കെ മറന്നു. കുറേ നാളു കള്‍ക്കു ശേഷം അങ്ങനെയിരിക്കുന്പോള്‍ മനസില്‍ ഒരു ചിന്ത. അന്ന് താന്‍ നല്‍കിയ ബീജത്തില്‍ നിന്നു ഒരു മകനോ മകളോ ജനിച്ചിരിക്കിലേ്ല. ഇപ്പോള്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവിലേ്ല. ആ ആലോചന പിന്നെ സിനിമയിലേയ്ക്കു മാറി. അങ്ങനെ യാണ് ദശരഥം പിറക്കുന്നത്.

ജീവിതത്തില്‍ മറ്റൊരു സ്‌നേഹവും വേണ്ടെന്നുവച്ച് മകന്‍റെ സ്‌നേഹം മാത്രം മതി യെന്ന് വാശിപിടിച്ച അച്ഛന്‍. വിവാഹത്തിനു പോലും അയാള്‍ ഒരുക്കമല്ലായിരുന്നു. മനുഷ്യജീവിതത്തിലെ പച്ചയായ യുക്തിഹീനതകളെ ഫലപ്രദമായി അവതരിപ്പിച്ച ലോഹിതദാസിന്‍റെ മികച്ച കഥാപാത്രമായിരുന്നു ദശരഥത്തിലെ മോഹന്‍ലാല്‍.

പാഥയേം
ഒരു മകള്‍ക്കിടയില്‍ രണ്ട് അച്ഛന്മാര്‍. ഒരാള്‍ ജന്മം നല്‍കി. മറ്റെയാള്‍ വളര്‍ത്തി വലുതാക്കി. കര്‍മം കൊണ്ടോ, അതോ ജന്മം കൊണ്ടോ, താന്‍ ആരെയാണ് തിര ഞ്ഞെടുക്കേണ്ടതെന്ന ചോദ്യത്തില്‍ ഉലഞ്ഞു പോകുന്ന മകള്‍. പാഥയേം എന്ന ചിത്രം പിതൃത്വത്തിന്‍റെ തിരഞ്ഞെടുക്കലിനെ കുറിച്ചാണ് പറഞ്ഞത്. മമ്മുട്ടി, ലാലു അലക്സ് എന്നിവര്‍ ഒരു ധു്രവത്തിലും മകള്‍ മാളു മറ്റൊരു ധു്രവത്തിലും. ഏതു തീരത്തേയ് ക്കാണ് എത്തേണ്ടെന്ന് തീരുമാനിക്കാനാവുന്നില്ല അവള്‍ക്ക്. പിതൃത്വത്തിന്‍റെ ലഹരി എന്തെന്ന് അറിഞ്ഞ മമ്മുട്ടിയെ കുറ്റം പറയാതെ നമ്മള്‍ ചിലപ്പോഴെല്ലാം ലാലു അലക്‌സെന്ന അച്ഛന്‍റെ കൂടെയലേ്ല നിന്നത്. ലോഹിതദാസിന്‍റെ തിരക്കഥയില്‍ ഭരതനായിരുന്നു ചിത്രമൊരുക്കിയത്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍
അച്ഛനും മകനുമായാല്‍ ഇങ്ങനെ വേണം. നമുക്ക് അസൂയ തോന്നിയിട്ടുണ്ട് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ കാണുന്പോള്‍. തിലകനും ജയറാമും ആഘോഷമാ ക്കിയതു പോലെ അച്ഛന്‍റെയൊപ്പം ജീവിതം അടിച്ചുപൊളിക്കാന്‍ ഏത് മകനാണ് ആഗ്രഹിക്കാത്തത്. അച്ഛനും മകനും ബന്ധത്തിന്‍റെ ആഴമളന്ന സുഹൃത്തുക്കള്‍ തന്നെയായി മാറുന്നു. മകന്‍റെ ഏത് കുരുത്തക്കേടുകള്‍ക്കും കൂട്ടു നില്‍ക്കുന്ന അപ്പന്‍. അതിലും കുരുത്തം കെട്ട അപ്പന്‍റെ സില്‍ബന്തിയായി മകനും. അതിനിടയിലും അവനെ ജീവിതം പഠിപ്പിക്കാന്‍ ഒരു യാത്രയ്ക്കു വിടുന്നുണ്ട് ഈ അപ്പന്‍. ലോഹിത ദാസിന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാടായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സിനിമ കഴിയുന്പോള്‍ നമ്മളും പറഞ്ഞു പോകുന്നു, ശരിക്കും അപ്പന്‍ തന്നെയാണ് മികച്ച നടന്‍.

ഭൂതക്കണ്ണാടി
ഒരു അച്ഛന്‍റെ ആകുലതയിലേയ്ക്കു തന്‍റെ ഭൂതക്കണ്ണാടി വച്ചു നോക്കുകയായി രുന്നു ലോഹിതദാസ്. ആദ്യം സംവിധാനം ചെയ്ത സിനിമയും ഒരു അച്ഛനെ കുറിച്ചാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്ന പോലെ. കച്ചവട സിനിമയുടെ സ്വയം വലിച്ചു കെട്ടിയ നാലതിരുകളില്‍ നിന്നു അദ്ദേഹം പുറത്തി റങ്ങിയ ചിത്രം കൂടിയായിരുന്നു ഭൂതക്കണ്ണാടി. മകളെ ഓര്‍ത്ത് മനസിന്‍റെ താളം തെറ്റി പോകുന്ന അച്ഛന്‍റെ കഥയാണ് ചിത്രം പറഞ്ഞത്. ഇക്കാലത്ത് ഏറ്റവും പ്രസക് തമായ ചിത്രം. അവള്‍ അരക്ഷിതയാണെന്ന ബോധത്തില്‍ ലോകത്തേയും തന്നെ ത്തന്നേയും അയാള്‍ പിടിച്ച് പടിക്കു പുറത്താക്കി. മനസില്‍ നിറയുന്നത് അവളുടെ നിലവിളികള്‍ മാത്രം. ഭൂതക്കണ്ണാടി കണ്ട ഒരു രക്ഷിതാവ് പറഞ്ഞത് ഓര്‍മ വരുന്നു. സിനിമ കണ്ട രാത്രിയില്‍ നാലോ അഞ്ചോ തവണ എഴുന്നേറ്റ് മകളുടെ മുറിയില്‍ ചെന്നു ആ അച്ഛന്‍ നോക്കിയത്രേ. ഒടുങ്ങുന്നില്ല ആകുലതകള്‍. പിന്നെയും പിന്നെയും ഭൂതക്കണ്ണാടി ഓരോ അച്ഛനേയും പേടിപ്പിച്ചുകൊണ്ടിരിക്കും.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു