ഡോണസ്ക് (യുക്രെയ്ന്)• എന്തു ചെയ്യുകയായിരുന്നു ലൈന്‍ റഫറി? അന്ധന്മാരാണോ കളി നിയന്ത്രിക്കുന്നത്? ഡി ഗ്രൂപ്പില്‍ യുക്രെയ്ന് _ ഇംഗ്ളണ്ട് അവസാനകളി കണ്ടവര്‍ക്ക് ഇങ്ങനെ തോന്നിയാല്‍ ഒട്ടും അത്ഭുതം വേണ്ട. യുക്രെയ്നിന്റെ ആരാധകര്‍ക്കാണ് തണുപ്പിക്കാനാകാതെ രോഷം കിടന്നു തിളയ്ക്കുന്നത്. ആ കളി നിയന്ത്രിച്ചവരെയെങ്ങാനും യുക്രെയ്ന് ആരാധകരുടെ മുന്നില്‍ കിട്ടിയാല്‍...! ആലോചിക്കാതിരിക്കുകയാണു ഭേദം.
കളിച്ചതു യുക്രെയ്ന്. ഇംഗ്ളണ്ടിനെ നിലംപരിചാക്കി അവര്‍ തകര്‍ത്തു കളിച്ചു. കളിയുടെ ഗതിക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ വെയ്ന്‍ റൂണിയുടെ ഗോള്‍. നാല്പത്തെട്ടാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയിട്ടും യുക്രെയ്ന് ആവേശത്തില്ത്തന്നെയായിരുന്നു. അറുപത്തൊന്നാം മിനിറ്റിലായിരുന്നു യുക്രെയ്ന് താരങ്ങളെ വേദനിപ്പിച്ച സംഭവഗതികള്‍. കളിയിലെ ഏറ്റവും നാടകീയമായ ആ നിമിഷം യുക്രെയ്ന് അര്‍ഹമായ ഗോള്‍ നിഷേധിച്ചു. ഇംഗ്ളണ്ടിനാകട്ടെ അനര്ഘനിമിഷവുമായി അത്. മധ്യനിരയില്‍നിന്നു കയറിവന്ന യുക്രെയ്നിന്റെ മാര്ക്കോഡെവിച്ച് അടിച്ച പന്ത് ഗോള്‍ലൈനും കടന്ന് അകത്തേക്കു താഴ്ന്നപ്പോള്‍ ഇംഗ്ളണ്ടിന്റെ രക്ഷകനായെത്തിയതു ഡിഫന്‍ഡര്‍ ജോണ്‍ ടെറി. പോസ്റ്റിനുള്ളിലേക്കു താഴ്ന്നിറങ്ങിയ പന്ത് കോരിയെടുത്തു ടെറി പുറത്തേക്കടിച്ചു. ഗോളെന്നുറച്ച് ആഹ്ളാദം പ്രകടിപ്പിച്ച യുക്രെയ്നോടു റഫറി കനിഞ്ഞില്ല. അതൊരു ഗോളായിരുന്നെന്ന സത്യം കളി നിയന്ത്രിച്ചവര്ക്കു മാത്രം മനസ്സിലായില്ല. ഗോള്‍ ലൈന്‍ സാങ്കേതികവിദ്യ ഏര്‍പ്പെടുത്തണമെന്ന മുറവിളി ഇതോടെ ശക്തമാകുമെന്നുറപ്പായി.
പേരിന്റെ പെരുമയുടെ നിഴലായിരുന്നു ഇംഗ്ളണ്ട്. മുന്‍നിരയില്‍ റൂണി ആദ്യമായി ഇറങ്ങിയിട്ടും ആവേശമൊട്ടും ഉണ്ടായില്ല അവരുടെ നീക്കങ്ങള്‍ക്ക്. വലിയ അധ്വാനമൊന്നും കൂടാതെ ഗ്രൗണ്ടില്‍ ചെലവഴിക്കാനായിരുന്നു റൂണിയുടെ ശ്രമം. അതിനിടയിലും ഇംഗ്ളണ്ടിന്റെ വിജയഗോള്‍ നേടാന്‍ താരത്തിനായി. ആസൂത്രിത നീക്കങ്ങളുമായി ഇരന്പിയാര്ത്ത യുക്രെയ്ന് വിജയം നേടുമെന്ന തോന്നലുണര്ത്തിയതാണ്. ഇംഗ്ളണ്ട് പ്രതിരോധത്തെ പലകുറി നിരായുധരാക്കിയ അവര്‍ക്കു ഗോള്‍ മാത്രം അകന്നു നിന്നു. കിട്ടിയൊരു ഗോളാകട്ടെ, കാക്ക കൊത്തി കടലിലിട്ടതുപോലെ കാണാതെപോയി. ആരോടു പറഞ്ഞുതീര്‍ക്കും യുക്രെയ്ന്‍കാര്‍, ഈ സങ്കടം?
തിരുവനന്തപുരം• കേരളയാത്രയില്‍ ഉയര്‍ന്ന ആവശ്യങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചു...

