ന്യൂഡല്‍ഹി •വി.എസ്. അച്യുതാനന്ദനെതിരെ കടുത്ത അച്ചടക്കനടപടി വേണമെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പൊളിറ്റ് ബ്യൂറോ നിരാകരിച്ചു. സംസ്ഥാനത്തെ പാര്‍ട്ടിയിലെ സ്ഥിതിഗതികളെക്കുറിച്ച് വിഎസ് എഴുതിയ കത്തുകള്‍ വിശദമായി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനകമ്മിറ്റിയും ചര്‍ച്ചചെയ്യും. എം.എം. മണിക്കെതിരെ നടപടിയെടുക്കുന്നതില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് കാലതാമസം വരുത്തിയെന്ന് പിബിയും കേന്ദ്രകമ്മിറ്റിയും കുറ്റപ്പെടുത്തി. ഇതോടെ ടി.പി. ചന്ദ്രശേഖരന് വധത്തിനുശേഷംകേരളത്തിലെ സിപിഎം ഘടകത്തില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷത്തിന് താല്‍ക്കാലിക വെടിനിര്‍ത്തലായി. എന്നാല്‍ ഇപ്പോഴും ഒൗദ്യോഗിക നേതൃത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത വിധം പോരാട്ടംതുടരുകയാണ് വിഎസ് എന്ന് ശനിയാഴ്ച അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച കേന്ദ്രകമ്മിറ്റി യോഗത്തിനിടയില്‍ രണ്ടുതവണ പൊളിറ്റ് ബ്യൂറോ ചേര്‍ന്നിട്ടും കേരളത്തിന്റെ കാര്യത്തില്‍ പ്രശ്നപരിഹാരത്തിനോ നടപടിക്കോ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ച പിന്നീടുമതി എന്നു തീരുമാനിച്ചത്. സംസ്ഥാനത്ത് കൂടുതല്ചര്ച്ച നടത്താതെ ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളുന്നതിനോട് പിബിയില്‍ ശക്തമായ എതിരഭിപ്രായം പൊന്തിവന്നു.കേന്ദ്രനേതൃത്വത്തിനു മുന്‍പാകെ ഇപ്പോള്‍ കേരളത്തിലെ രണ്ടുവിഭാഗത്തിന്റെയും നിലപാടുകളും രേഖകളും കത്തുകളുമുണ്ട്. അവയുടെ വെളിച്ചത്തില്‍ സമഗ്രമായചര്ച്ച ഇനിയും സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും നടത്തും. അതിനുശേഷമേ കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇന്നലെ രാവിലെ 10ന് പൊളിറ്റ് ബ്യൂറോ ചേര്‍ന്നപ്പോള്‍ തന്നെ കേരളകാര്യത്തില്‍ എളുപ്പത്തില്‍ തീരുമാനമുണ്ടാവിലെ്ലന്ന് വ്യക്തമായി. 12 മണിക്ക് കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍ പതിവുപോലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമീപകാല സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ കേരളത്തിലെ ടി.പി. ചന്ദ്രശേഖരന് വധവും അതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് നടത്തുന്നവേട്ടയും വിശദീകരിച്ചു. എം.എം. മണി നടത്തിയ പ്രസ്താവന ഉണ്ടാക്കിയ വിവാദവും തുടര്‍ന്നുണ്ടായ നടപടിയും കാരാട്ട് പറഞ്ഞു. സംസ്ഥാനനേതൃത്വം വിഎസിനെതിരെ നല്കിയ പരാതിയും വിഎസ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ചു നല്കിയ രണ്ടുകത്തും കാരാട്ട് വിശദീകരിച്ചു.വീണ്ടും മൂന്നുമണിക്ക് പൊളിറ്റ് ബ്യൂറോ ചേര്‍ന്നു. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ കൂടുതല്ചര്ച്ച വേണം എന്ന നിലപാടാണ് പൊതുവെ ഉരുത്തിരിഞ്ഞത്. അതോടെ വിഎസിനെതിരെ ഉടന്നടപടി എന്ന സംസ്ഥാന നേതൃത്വത്തിന്റെ ശാഠ്യം നടക്കില്ല എന്ന നിലയായി. നാലുമണിക്ക് കേന്ദ്രകമ്മിറ്റി വീണ്ടുംചേര്ന്നു. പിബി തീരുമാനം കേന്ദ്രകമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും.ടി.പി. ചന്ദ്രശേഖരന് വധത്തിനുശേഷം കേരളത്തില്‍ സിപിഎം പ്രതിരോധത്തില്‍ നില്‍ക്കുകയും വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ചെയ്യുന്പോള്‍ വിഎസിനെതിരെ നടപടി കൈക്കൊള്ളുന്നത് ഉചിതമാവില്ല എന്നാണ് പൊളിറ്റ് ബ്യൂറോ വിലയിരുത്തിയത്. മാത്രമല്ല വിഎസ് ഉന്നയിച്ച ചിലവിഷയങ്ങള് കൂടുതല്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ച ആവശ്യപ്പെടുന്നതാണെന്നും നിഗമനത്തിലെത്തി. സംസ്ഥാനത്തും കേന്ദ്രനേതൃത്വത്തിലും ഇവ ചര്‍ച്ചചെയ്ത ശേഷമേ ഇനി അടുത്ത തീരുമാനമുണ്ടാകൂ. വിഎസ് കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ അതിനുമുകളിലുള്ള പൊളിറ്റ് ബ്യൂറോയ്ക്കു മാത്രമേ കഴിയൂ. വിഎസിന്റെ പരസ്യപ്രസ്താവനകളോ അദ്ദേഹത്തിന്റെ ഒഞ്ചിയം സന്ദര്‍ശനമോ അച്ചടക്ക നടപടി കൈക്കൊള്ളാന്‍ മാത്രമുള്ള വിഷയങ്ങളല്ല എന്നാണ് പൊളിറ്റ് ബ്യൂറോ വിലയിരുത്തിയിരിക്കുന്നത്. ആ നിലയ്ക്ക് ഇനി സംസ്ഥാനനേതൃത്വം വീണ്ടും ഇതേ ആവശ്യമുന്നയിച്ചാലും പിബിയുടെ നിലപാടില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.
തിരുവനന്തപുരം• പൊതുസേവനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം മുഖ്യമന്ത്രി...

