തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവുമായി പിന്തലമുറക്കാര് തിരശീലയിലെത്തിയതു ചരിത്രത്തിന്റെ ആഴങ്ങളിലേക്കു വെളിച്ചം വീശുന്ന വിസ്മയകരമായ അനുഭവമായി. തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന ട്രാവന്‍കൂര്‍ ‘എ സാഗ ഒാഫ് ബെനവലന്‍സ് എന്ന ചരിത്ര ഗ്രന്ഥത്തിനു ചലച്ചിത്ര ഭാഷ്യം നല്കിയിരിക്കുന്നതു മലയാള മനോരമ പിക്ചര്‍ എഡിറ്റര്‍ ബി. ജയചന്ദ്രനാണ്. കലാഭവന്‍ തിയറ്ററില്‍ നിറഞ്ഞ സദസിനു മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. കൃഷ്ണവിലാസം കൊട്ടാരത്തിലെ ലെവി ഹാളില്‍ പണിയുന്ന തിയറ്ററിലായിരിക്കും ഇതിന്റെ സ്ഥിരം പ്രദര്‍ശനം.
തിരുവിതാംകൂര്‍ രാജവംശത്തിലെ കാരണവര്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയാണു ഡോക്യുഫിക്ഷനില്‍ കഥ പറഞ്ഞുതുടങ്ങുന്നത്. പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, അശ്വതി തിരുനാള്‍ രാമവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ തുടങ്ങി തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പിന്‍ഗാമികളും ഇതില്‍ മുന്‍ഗാമികളുടെ വിവിധ വേഷത്തില്‍ എത്തുന്ന അപൂര്‍വതയും ഈ കലാസൃഷ്ടിക്കുണ്ട്. കെ.എസ്. ചിത്ര പാടിയ ‘ഒാമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടുപാട്ട് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമപുരത്തു വാരിയരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ഭാഗങ്ങളുമുണ്ട്.
സുധീര്‍ ഷെട്ടിയാണു ചിത്രത്തില്‍ മാര്‍ത്താണ്ഡ വര്‍മയായി വേഷമിട്ടിരിക്കുന്നത്. ധര്മരാജയായി ബി.ആര്. ഷെട്ടിയും സ്വാതി തിരുനാളിന്റെ കുഞ്ഞമ്മയായി പൂയം തിരുനാള്‍ ഗൗരിപാര്‍വതി ബായിയും അഭിനയിക്കുന്നു. ഗൗരി പാര്‍വതി ബായിയുടെ മകനും സംഗീതജ്ഞനുമായ അശ്വതി തിരുനാള്‍ രാമവര്മയാണു സ്വാതി തിരുനാളായി ചായമിട്ടത്. ബാലരാമവര്‍മ രാജാവായി അവിട്ടം തിരുനാള്‍ ആദിത്യ വര്‍മയും വേഷമിട്ടിരിക്കുന്നു. രാജാ കേശവദാസനും ഉമയമ്മറാണിയും ഇരയിമ്മന്‍ തന്പിയുമെല്ലാം തിരുവിതാംകൂര്‍ ചരിത്രത്തോടൊപ്പം കഥാഗതിയില്‍ തിരശീലയിലെത്തുന്നു. നര്‍ത്തകിമാരായി അഭിനയിച്ചിരിക്കുന്നതു ശാരദാ തന്പിയും നയനയുമാണ്.
മതിലകം രേഖകളുടെ അടിസ്ഥാനത്തില്‍ കഥ പറയുന്ന ഡോക്യുഫിക്ഷന് ശബ്ദം നല്‍കിയിരിക്കുന്നത് ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാറും പ്രഫ. അലിയാറുമാണ്. കാവാലം ശ്രീകുമാറാണ് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രം ഒരുക്കിയ ബി. ജയചന്ദ്രന് ഉള്‍പ്പെടെയുള്ള ശില്പികളെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. മന്ത്രിമാരായ കെ.സി. ജോസഫ്, കെ.ബി. ഗണേഷ് കുമാര്‍, സുധീര്‍ ഷെട്ടി, മുന്‍ മന്ത്രി ബാബു ദിവാകരന്, ജി. വേണുഗോപാല്‍, കാവാലം ശ്രീകുമാര്‍, എസ്.എ. രഘു, പൂയം തിരുനാള്‍ പാര്‍വതി ബായി എന്നിവര്‍ സംബന്ധിച്ചു.
ശബരിമല • ഇടവമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട ഇന്നു വൈകിട്ട് 5.30നു തുറക്കും....

