ഫുട്ബോള്‍ തലകൊണ്ടുള്ള കളിയാണെന്ന് ഈ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് തെളിയിക്കുന്നു. യൂറോ കപ്പ് പാതി വഴി പിന്നിടുന്പോള്‍ ഇതുവരെ പിറന്ന 69 ഗോളില്‍ 20 എണ്ണം ഹെഡറിലൂടെയാണ്. ഇതുവരെ നടന്ന ഒരു യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിനും അവകാശപ്പെടാനാവാത്ത റെക്കോര്‍ഡ്. ഗ്രീസിനെതിരെ പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി നേടിയ ഹെഡര്‍ ഗോളിലായിരുന്നു യൂറോയില്‍ ഗോളുകളുടെ തുടക്കം.
പിന്നീട് ചാംപ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ഗോളുകളുടെ നിരയിലേക്കു ചേക്കേറിയവയില് ഭൂരിഭാഗവും ഹെഡര്‍ ഗോളുകള്‍ ആയിരുന്നു. മുന്‍പു തലകൊണ്ടു പന്ത് പറത്തുന്നതു വിഷമംപിടിച്ച പണിയായിരുന്നെങ്കില്‍ ഇന്നു കഥ മാറി. പുതിയ സാങ്കേതിക വിദ്യ നിറച്ച തുകല്പന്തുകള് ബുദ്ധിപൂര്‍വം തലയില്‍ കൊരുത്താല് അതിമനോഹരഗോളുകള് അനായാസം പിറക്കുമെന്ന് ഈ കളികള്‍ കാട്ടിത്തരുന്നു.
ചെക്ക് റിപ്പബ്ളിക്കിനെതിരെ പോര്‍ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അയര്‍ലന്‍ഡിനെതിരെ ക്രൊയേഷ്യയുടെ മാരിയോ മാന്‍ഡ്സൂകിച്ച്, സ്വീഡനെതിരെ യുക്രെയ്ന്റെ വെറ്ററന്‍ താരം ആന്ദ്രേ ഷെവ്ചെങ്കോ, സ്വീഡനെതിരെ ഇംഗ്ളണ്ടിന്റെ ആന്‍ഡി കാരള്‍ എന്നിവര്‍ നേടിയ ഹെഡര്ഗോളുകള് യൂറോയുടെ മാത്രമല്ല, ഗോളുകളുടെ ചരിത്രത്തിനു തന്നെ മുതല്‍ക്കൂട്ടാണ്. ഇതില്‍ സ്റ്റീവന്‍ ജെറാര്‍ദിന്റെ ക്രോസില്‍നിന്ന് ആകാശത്തുയര്‍ന്ന് ഊര്‍ജം സൃഷ്ടിച്ച് ആന്‍ഡി കാരള്‍ നേടിയ ഇടിമിന്നല്‍ ഗോളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെക്ക് റിപ്പബ്ളിക്കിനെതിരെ നേടിയ കൗശലം നിറച്ച ഗോളും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.
ഏറ്റവുമൊടുവില്‍, ഫ്രാന്‍സിനെതിരെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സാബി അലോന്‍സോ നേടിയ ഹെഡര്‍ ഗോളിനുമുണ്ട് എടുത്തുപറയേണ്ട സൗന്ദര്യം. നിലത്തുനിന്ന് ഒരടിപോലും ഉയര്‍ന്നു ചാടാതെയാണ് അലോന്‍സോ പന്തു വലയിലാക്കിയത്. ഗോള്‍മുഖത്ത് ഒഴിവുള്ള സ്ഥലം നോക്കി പന്ത് ചിപ് ചെയ്ത ജോര്‍ഡി ആല്‍ബയുടെ ബുദ്ധിക്കും ആ ഗോളില്‍ നിര്‍ണായക പങ്കുണ്ട്. പതിയെ ഗോള്‍മുഖത്തേക്കു താണിറങ്ങിയ പന്തില്‍ നെറ്റികൊണ്ട് ഒരു കുത്ത്. വ്യത്യസ്തമായ ഒരു ഹെഡര്‍ ഗോള്‍.
ഗോള്‍ലൈന്‍ വിവാദങ്ങള്‍ കുറയ്ക്കാന്‍ ഗോള്പോസ്റ്റിനോടു ചേര്‍ന്ന് അധിക ഒഫിഷ്യലിനെ നിയമിച്ചതു മുതലാണ് ഹെഡര്‍ ഗോളുകളുടെ എണ്ണം കൂടിയതെന്നു യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റീനി പറയുന്നു. അങ്ങനെയൊരാള്‍, ഗോള്മുഖത്തുണ്ടാവുന്പോള്, ഹെഡ് ചെയ്യാനെത്തുന്നവരെ ഫൗള്‍ ചെയ്യാന്‍ ഡിഫന്‍ഡര്‍മാര്‍ മടിക്കും.
റഫറിക്കും ലൈന്‍സ്മാനും പുറമേ, മൂന്നാമതൊരാളുടെ കണ്ണ് തങ്ങളുടെ ദേഹത്തുണ്ടെന്ന ബോധ്യം ബോധപൂര്‍വമുള്ള ഫൗളില്നിന്നു താരങ്ങളെ പിന്തിരിപ്പിക്കുന്നുണ്ടത്രേ. ഇതുമൂലം, എതിര്‍ഗോള്‍മുഖത്ത് അനായാസം വിലസി പന്ത് വലയിലേക്കു ഹെഡ് ചെയ്യാന്‍ താരങ്ങള്‍ക്കു കഴിയുന്നുണ്ടെന്നു പ്ളാറ്റീനി വിലയിരുത്തുന്നു.
കോയന്പത്തൂര്‍ • വാതുവയ്പ് ഇടപാടുകളുമായി ബന്ധമുള്ള മൂന്നു പേര് കൂടി...

