മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു വ്യാപകമായി ബോധവല്‍ക്കരണം നടക്കുന്നതിനിടയില്‍ കൊല്ലം ആശ്രാമത്തു കണ്ടല്‍ക്കാട് വെട്ടിനശിപ്പിച്ചു. അത്യപൂര്‍വ ഇനത്തില്‍പ്പെട്ട, വംശനാശ ഭീഷണി നേരിടുന്ന കണ്ടല്‍ ചെടികളാണ് ആശ്രാമം ലിങ്ക് റോഡിന്റെ പാര്ശ്വഭാഗത്തു ലോക പരിസ്ഥിതി ദിനത്തിന്റെ പിറ്റേന്നു വെട്ടി നശിപ്പിച്ചത്. പുള്ളിക്കട കോളനിയില്‍ നിന്നുള്ള മലിനജലം ഒഴുകി പോകുന്നതിന് ഓട നിര്‍മിക്കുന്നതിന്റെ മറവിലാണ് അന്‍പതോളം കണ്ടല്‍ മുറിച്ചത്.കണ്ടല്‍ വനം മുറിക്കുന്നതു നിര്‍ത്താന്‍ കലക്ടര്‍ പി.ജി. തോമസ് നിര്‍ദേശം നല്‍കിയതിനാലാണു കൂടുതല്‍ നശീകരണം ഒഴിവായത്. ഓടയിലൂടെ വരുന്ന മലിനജലം കായലിലേക്ക് ഒഴുകുന്നതിനു തടസ്സമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണു റോഡിന്റെ പടിഞ്ഞാറു ഭാഗത്തു നിന്ന മരങ്ങള്‍ മുറിച്ചത്. റോഡിന്റെ കിഴക്കുഭാഗത്താണ് ഓട നിര്‍മാണം. മഞ്ഞക്കണ്ടല്‍, ആന കണ്ടല്‍, ചില്ലക്കന്പട്ടി, ചക്കര കണ്ടല്‍, ഉപ്പട്ടി, പൂക്കണ്ടല്‍ എന്നീ ഇനങ്ങളില്‍പ്പെട്ട കണ്ടലുകളാണു നശിപ്പിച്ചത്. മഞ്ഞക്കണ്ടല്‍ 150 വര്‍ഷം മുന്‍പു വംശനാശം നേരിട്ടതായി കരുതിയിരുന്നതാണ്.കഴിഞ്ഞ വര്‍ഷം നീണ്ടകര സെന്റ് ജോസഫ് തുരുത്തില് മഞ്ഞക്കണ്ടലിന്റെ ഒരു മരവും ഏതാനും ചെടികളും ശാസ്ത്ര സാഹിത്യ പരിഷത് പരിസര സമിതി കണ്‍വീനര്‍ വി.കെ. മധുസൂദനന് കണ്ടെത്തുകയുണ്ടായി. ഇവിടെനിന്നു കൊണ്ടുവന്ന മഞ്ഞക്കണ്ടലാണ് ലിങ്ക് റോഡിനു സമീപം നട്ടുപിടിപ്പിച്ചത്. ഓട നിര്‍മാണത്തിന്റെ മറവില്‍ ഇൗ സസ്യവും നശിപ്പിച്ചു. മറ്റെങ്ങും മഞ്ഞക്കണ്ടല്‍ കാണപ്പെടുന്നതായി രേഖയില്ല. സാമൂഹിക വനവല്‍ക്കരണ വിഭാഗവും ശാസ്ത്ര സാഹിത്യ പരിഷത്തും എസ്എന്‍ കോളജ് എന്‍എസ്എസ് യൂണിറ്റുമാണ് ലിങ്ക് റോഡിന്റെ പാര്ശ്വഭാഗത്ത് അപൂര്‍വ ഇനം കണ്ടല്‍ വനങ്ങള്‍ നട്ടുപിടിപ്പിച്ചത്. ലിങ്ക് റോഡിന്റെ നിര്‍മാണത്തിനിടെ ഒന്നര ഏക്കറോളം കണ്ടല്‍ കാടുകള്‍ നേരത്തെ മണ്ണിട്ടു നികത്തി നശിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ഇവിടെ കണ്ടല്‍ തൈകള്‍ നട്ടത്. കണ്ടല്‍ വനം നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു ശാസ്ത്ര സാഹിത്യ പരിഷത് ആവശ്യപ്പെട്ടു. നശിപ്പിച്ചതിനു പകരം കായല്‍ തീരമാകെ കണ്ടല്‍ വച്ചുപിടിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണം. മലിനമായ അഷ്ടമുടിക്കായലിനെ ശുദ്ധീകരിക്കുന്നതിലും അതിവേഗം വളരുന്ന നഗരത്തിന്റെ ശ്വാസകോശമായി പ്രവര്‍ത്തിക്കുന്നതിലും കണ്ടല്‍ വനത്തിനു വലിയ പ്രാധാന്യമുണ്ട്. കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ നിന്നുള്ള ദ്രവമാലിന്യം അപകടകരമായ വിധത്തില്‍ കായലിനെ മലിനമാക്കുകയാണ്. വേലിയേറ്റത്തില്‍ മാലിന്യം ആശ്രാമത്ത് ഒഴുകിയെത്തുന്നുണ്ടെന്നു ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ പരിസര സമിതി ചെയര്മാന് ഡോ. കെ.കെ. അപ്പുക്കുട്ടന്, കണ്‍വീനര്‍ വി.കെ. മധുസൂദനന് എന്നിവര്‍ പറഞ്ഞു.
ജൂനിയര്‍ എെഎഎസ്/എെപിഎസ്/എെഎഫ്എസ് മെംബര്‍മാര്‍ക്കു വേണ്ടി പിഎസ്്സി നടത്തുന്ന...

