നവംബര്‍ 11 ‘ഞായറാഴ്ചയില്‍ ശ്രീചിത്തിരതിരുനാളിനെക്കുറിച്ചുള്ള ലേഖനത്തില്‍ വായിച്ച ഒരു താരാട്ടിനെപ്പറ്റിയുള്ള അന്വേഷണക്കുറിപ്പാണ് ഇങ്ങനെ ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.
ശ്രീ ചിത്തിരതിരുനാളിനെ പാടിയുറക്കാന്‍വേണ്ടി രചിച്ചു എന്നു പറയുന്ന നാലുവരി താരാട്ടിനു സമാനമായ ഒരു താരാട്ടുപാട്ട് എന്റെ കൈവശമുണ്ട്. ഈ താരാട്ട് ഇപ്പോഴും ഞങ്ങളുടെ കുട്ടികളെ പാടിയുറക്കാറുണ്ട്. മലയാളവര്‍ഷം 1116ല്‍ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ രാജസദസില്‍ ഉണ്ടായിരുന്ന സംസ്കൃതപണ്ഡിതനും കവിയുമായ ചേര്‍ത്തല വാരനാട്ടു കെ.പി. ശാസ്ത്രികളാണ് ഞങ്ങള്‍ക്ക് ഈ താരാട്ടുപാട്ട് തന്നത്. ‘‘തന്റെ പൊന്നുമകന് ശ്രീചിത്തിരതിരുനാളിനെ പാടിയുറക്കാന്‍ ഒരു താരാട്ടുപാട്ടു വേണം എന്ന് അമ്മയായ ശ്രീമതി സേതുപാര്വതിഭായിത്തന്പുരാട്ടിയുടെ ആവശ്യപ്രകാരം രചിച്ചുനല്കിയ ഒരു താരാട്ടുപാട്ടാണ് ഇത് എന്നാണ് വാരനാട്ടു കെ.പി. ശാസ്ത്രികള്‍ ഞങ്ങള്‍ക്കിതു തരുന്പോള്‍ പറഞ്ഞത്.
അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനും കുടുംബസുഹൃത്തുമായിരുന്നു. ഈ താരാട്ടിന്റെ രചയിതാവ് അദ്ദേഹമാണോ മറ്റുവല്ലവരുമാണോ എന്നത് ഞങ്ങള്‍ക്ക് അറിയില്ല. താരാട്ടുപാട്ടിന്റെ ഉത്ഭവത്തെക്കുറിച്ചും രചയിതാവിനെക്കുറിച്ചും അറിയുന്നതിന് ഇതു സഹായകരമാകുമെങ്കില്‍ ആകട്ടെ.
• ബി. സരസ്വതിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), കൊച്ചി.
ഒരു താരാട്ടു പാട്ട്
അംബുജാബന്ധുവംശേ ദശരഥ-
നന്ദ ഭൂപാലമൗലി
അംബുജാക്ഷന് സുതനായവതരിച്ചാ-
രിരം രാരിരാരോ
ആടും മയിലഴകോ കര്‍ണാമൃതം
പാടും കുയില്ക്കുലമോ
ചാടുമിളം കലയോ മമാത്മജനാ-
രിരം രാരിരാരോ
ഇന്നിന്ദിരാലയമോ മനോഹര-
മിന്നുന്ന പൂനിലാവോ
മിന്നലൊളി നിറമോ മമാത്മജനാ-
രിരം രാരിരാരോ
ഈടെഴും സാരസത്തെ നുകര്‍ന്നുകൊ-
ണ്ടാടുമോരെന്നമുത്തേ
തേടി ലഭിച്ച വിത്തേ ഉറങ്ങുനീയാ-
രിരം രാരിരാരോ
ഉത്തമനെ മകനെ ഉലകാളും
സത്തമനെ സുതനെ
മുത്തേ മരതകമേ ഉറങ്ങുനീയാ-
രിരം രാരിരാരോ
ഊനമെന്യേ ഉഷസ്സില്കുളിപ്പിച്ചു
മാനോളം കണ്ണെഴുതി
തേനോലും പാലുമേകി കിടത്തി ഞാനാ-
രിരം രാരിരാരോ
എണ്ണമില്ലാതെ പുണ്യം ബഹുദിനം
ചെയ്തതിന്റെ ഫലമായ്
മണ്ണില്‍ പിറന്ന കണ്ണേ ഉറങ്ങുനീയാ-
രിരം രാരിരാരോ
ഏണാങ്കനോകനിയോ സരസിജ
ബാണപ്രതിനിധിയോ
കാനില്‍ മൃദുമധുവോ ഉറങ്ങുനീയാ-
രിരം രാരിരാരോ
ഐഹികാനന്ദസുഖം സുതാമുഖം
ഹാ! ഹാ! കൊതിച്ചിടുന്നു
മോഹിച്ചതുപോല് ലഭിച്ചു നീയുറങ്ങാ-
രിരം രാരിരാരോ
ഒട്ടല്ലനേകവ്രതം അനുഷ്ഠിച്ചു
കിട്ടിയ പാല്ക്കുഴന്പേ
പുഷ്ടമോദാലുറങ്ങു കരയാതെയാ-
രിരം രാരിരാരോ
ഓമനശ്രീ വിളങ്ങും നവരത്ന
തൊട്ടിലിലാത്മജനെ
പ്രേമമോടെ കിടത്തി താരാട്ടു ന്നേനാ-
രിരം രാരിരാരോ
ഒൌത്സുക്യമോടു ഞാനും രാമായണം
താരാട്ടില്‍ ചൊല്ലിടുന്നു
ഉത്സാഹമോടു കേട്ടിട്ടുറങ്ങു നീയാ-
രിരം രാരിരാരോ

